Kuwait Fire | ചേതനയറ്റ ശരീരങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി; കണ്ണീരണിഞ്ഞ് ഉറ്റവർ
കൊച്ചി: (KVARTHA) കുവൈറ്റിൽ കെട്ടിടത്തിന് തീപ്പിടിച്ച് മരിച്ച 45 പേരുടെ മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി രാജീവ്, വീണാ ജോർജ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മറ്റ് നേതാക്കൾ എന്നിവർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിൽ കൈമാറുക. ഇവരിൽ 23 പേരും മലയാളികളാണ്.
ഏഴ് പേർ തമിഴ്‌നാട്ടിൽ നിന്നും, ഒരാൾ കർണാടക സ്വദേശിയുമാണ്. ശേഷിക്കുന്ന മൃതദേഹങ്ങളുമായി വിമാനം പിന്നീട് ഡൽഹിയിലേക്ക് പോകും. മലയാളി ഡെന്നി ബേബിയുടെ മൃതദേഹം മുംബൈയിൽ ഇറക്കും. പൊലീസ് അകമ്പടിയോടെ ആംബുലൻസുകളിൽ മൃതദേഹം അവരവരുടെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. മരിച്ചവരുടെ ബന്ധുക്കളും ഉറ്റവരും കണ്ണീരണിഞ്ഞ് വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 10.32നാണ് വ്യോമസേനാ വിമാനം ഇറങ്ങിയത്.
#WATCH | Ernakulam, Kerala: The mortal remains of 45 Indian victims in the fire incident in Kuwait being taken out of the special Indian Air Force aircraft at Cochin International Airport.
— ANI (@ANI) June 14, 2024
(Source: CIAL) pic.twitter.com/Dsn8hHhcqS
ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗും വിമാനത്തിലുണ്ട്. മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് നോർക റൂട്ട്സിന് കീഴിൽ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്ന് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ തമിഴ്നാട് സർക്കാരിന്റെ എട്ട് ആംബുലൻസുകളും വിമാനത്താവളത്തിൽ എത്തിട്ടുണ്ട്.