ഐക്യരാഷ്ട്രസഭയുടെ പൈതൃക പട്ടികയിലിടം നേടിയതിന്റെ പത്താം വാര്‍ഷിക നിറവില്‍ അല്‍ഐനിലെ കേന്ദ്രങ്ങള്‍

 


/ ഖാസിം ഉടുമ്പുന്തല


അബുദബി: (www.kvartha.com 24.07.2021) ഐക്യരാഷ്ട്രസഭയുടെ പൈതൃക പട്ടികയില്‍ സ്ഥാനം നേടിയതിന്റെ 10-ാം വാര്‍ഷികമാണ് അല്‍ഐനിലെ കേന്ദ്രങ്ങള്‍ക്കിപ്പോള്‍. പ്രകൃതിയും സംസ്‌കൃതിയും കനിഞ്ഞനുഗ്രഹിച്ച 13 കേന്ദ്രങ്ങളുണ്ട് ഇത്തരത്തില്‍ അല്‍ ഐനില്‍. മരങ്ങളും ചെടികളും നിറഞ്ഞ മരുപ്പച്ചകളും കല്ലുകള്‍ ചേര്‍ത്തുയര്‍ത്തിയ കോട്ടകളും പ്രാചീനഭവനങ്ങളുമെല്ലാം ഇതിലുള്‍പെടും. ലോകത്തിലെ സുപ്രധാന ചരിത്രശേഷിപ്പുകളാണ് യു എന്‍ പൈതൃകപട്ടികയില്‍ ഇടം നേടുക. ഇത് പ്രത്യേക താത്പര്യത്തില്‍ വര്‍ഷങ്ങളായി സംരക്ഷിച്ചുവരുന്നതാണ്.

ഐക്യരാഷ്ട്രസഭയുടെ പൈതൃക പട്ടികയിലിടം നേടിയതിന്റെ പത്താം വാര്‍ഷിക നിറവില്‍ അല്‍ഐനിലെ കേന്ദ്രങ്ങള്‍


ജബല്‍ ഹഫീതിലെ ശ്മശാനസ്തംഭങ്ങളാണ് ഇതിലൊന്ന്. 1961-ല്‍ ഡാനിഷ് സംഘം നടത്തിയ ഗവേഷണ പര്യവേക്ഷണത്തിലാണ് ഈ കേന്ദ്രം കണ്ടെത്തുന്നത്. രണ്ടുമുതല്‍ അഞ്ചുപേരെ വരെ ഒരേസമയം സംസ്‌കരിച്ച ഏറെ പ്രത്യേകതകളുള്ള ശവകുടീരങ്ങളാണ് ഇവയെന്ന് സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ പുരാവസ്തുശാസ്ത്രജ്ഞനായ അബ്ദുല്ല അല്‍ കഅബി പറഞ്ഞു. വര്‍ണക്കല്ലുകളും പിച്ചളയും കൊണ്ട് നിര്‍മിച്ച ആദിമമനുഷ്യരുടെ കരകൗശല വസ്തുക്കളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവയില്‍ പലതും മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.


അല്‍ ഐനിലെ ഹീലി പൗരാണിക കേന്ദ്രമാണ് കൗതുകക്കാഴ്ചകള്‍ നിറക്കുന്ന മറ്റൊന്ന്. പുരാതന കാര്‍ഷികഗ്രാമ മാതൃകയാണ് ഇവിടെനിന്ന് കണ്ടെത്തിയിട്ടുള്ളത്. ബി സി 2500-ലേതെന്ന് കരുതപ്പെടുന്ന ഈ കേന്ദ്രം ആദിമമനുഷ്യരുടെ കൂട്ടായ ജീവിതത്തിന്റെയും ഉപജീവനത്തിന്റെയും അറിവുകള്‍ പകരുന്നതാണ്. പൗരാണിക ജലസേചന സംവിധാനമായ 'ഫലജ്' മാതൃകകളും ഇവിടെ കണ്ടെത്താനായിട്ടുണ്ട്.


യു എ ഇയിലെത്തുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ് യു എന്‍ പൈതൃകപ്പട്ടികയില്‍ ഇടം നേടിയ അല്‍ ഐന്‍ ഒയാസിസ്. മരുഭൂമിയിലെ വെള്ളക്കെട്ടുകളും അതോടുചേര്‍ന്നുള്ള തണല്‍മരങ്ങളും പ്രകൃതിയുടെ ഇനിയും മനസിലാക്കാനാവാത്ത അദ്ഭുതങ്ങളാണ്. മരുഭൂമിയിലൂടെയുള്ള ദിവസങ്ങള്‍ നീളുന്ന യാത്രകളില്‍ ആളുകളുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് പ്രകൃതിയുടെ അദ്ഭുതമായ മരുപ്പച്ചകളാണ്.


അതിന്റെ തനിമയൊട്ടും ചോര്‍ന്നുപോകാതെ പരിപാലിച്ചിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാണ് പകരുക. 4000 വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ജനങ്ങള്‍ക്ക് മരുഭൂമിയില്‍ വഴികാട്ടിയായിരുന്നു ഇവ. 1200 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന പ്രധാന മരുപ്പച്ചയില്‍ 147,000 ഈന്തപ്പനകളാണുള്ളത്. ഇതിനുപുറമെ വാഴ, നാരകം, അത്തി, മാവ് തുടങ്ങി നിരവധി ഫലവൃക്ഷങ്ങളും പരിപാലിച്ചുവരുന്നതായി സാംസ്‌കാരിക വിനോദസഞ്ചാരവകുപ്പ് വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ഡയറക്ടര്‍ അബ്ദുര്‍ റഹ്മാന്‍ അല്‍ നുഐമി പറഞ്ഞു.

Keywords:  Dubai, Abu Dhabi, UAE, Gulf, central, people, Travel & Tourism, عبد الرحمن النعيمي, Report by Qasim Moh'd Udumbunthala, Centers in Al Ain completed ten years of being on UN Heritage List.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia