വര്‍ഷങ്ങളായി വിദേശ നാണ്യങ്ങള്‍ ഇന്ത്യയിലെത്തിച്ച് ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് കരുത്തേകിയ പ്രവാസികള്‍ക്ക് അവസാനം സര്‍ക്കാര്‍ നല്‍കുന്നത് പീഡനങ്ങള്‍ മാത്രം; പ്രവാസികളെ കറുവപ്പശുവാക്കുന്ന സമീപനം കേന്ദ്ര സര്‍ക്കാരിന്റെ ക്രൂരവിനോദമോ?

 


അസ്ലം മാവിലെ 

(www.kvartha.com 06.02.2020) 
സാധാരണക്കാര്‍ ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് നോക്കിയിരിക്കുക. കുറച്ചു വര്‍ഷങ്ങളായി ബജറ്റ് എന്ന് കേള്‍ക്കുമ്പോള്‍ ഒരേസമയം കോമഡിയും ഭയപ്പാടുമാണ് പൊതുജനങ്ങള്‍ക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. തെക്കര്‍ക്ക് വലുതായൊന്നുമില്ലെന്നായിരുന്നു ആദ്യകാലങ്ങളില്‍ കേന്ദ്രത്തിന്റെ ഒരു രീതി. വീതിച്ചു വരുമ്പോള്‍ തീര്‍ന്നു പോയെന്നു പറയും, വല്ല തുരുമ്പിച്ച ബോഗിയോ ആര്‍ക്കും വേണ്ടാത്ത വല്ല പ്രൊജക്ടോ കിട്ടിയാലായി. അതിപ്പോഴാകടെ വേറൊരു തലത്തിലേക്ക് മാറിയിട്ടുണ്ട്. പുതിയ തിട്ടൂരപ്രകാരം വോട്ട് തരാത്ത സംസ്ഥാനങ്ങള്‍ക്ക് ഒന്നും കൊടുക്കേണ്ട എന്നായിട്ടുണ്ട്. അവരായിട്ട് ഒരിക്കലും ഇലവിരിക്കില്ല. ഈ രണ്ടാംതര സംസ്ഥാനങ്ങള്‍ സ്വയം ഇലവിരിച്ചു കാത്തിരുന്നാല്‍ തന്നെ, ഇളിഭ്യരായി എഴുന്നേറ്റ് പോകാമെന്നേയുള്ളൂ. ഊണില്ല, എഴുന്നേറ്റ് പോകൂ എന്ന് നേരത്തെ പറയുകയുമില്ല. നിരാശരായി എഴുന്നേറ്റ് പോകുന്നത് കണ്ടാസ്വദിക്കലാണ് കേന്ദ്രത്തിന്റെ രീതിയിപ്പോള്‍. അന്നും ഇന്നും കേരളം ഊണ് തികയാതെയോ കിട്ടാതെയോ വിഷണ്ണരായി എഴുന്നേറ്റ് പോകുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ്.

ഇപ്രാവശ്യം കേന്ദ്ര ബജറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ മൊത്തം നിരാശപ്പെടുത്തിക്കളഞ്ഞു.ഒപ്പം മറ്റൊരു ഇരുട്ടടിക്കുള്ള സാഹചര്യം കൂടി ഒരുക്കിയിട്ടുമുണ്ട്. ഇപ്പോള്‍ വിവാദങ്ങളാണ് കേന്ദ്രം ആഗ്രഹിക്കുന്നത് തന്നെ. പൊതുവെ എല്ലാവര്‍ക്കുമറിയാം ജോലിയന്വേഷിച്ചു വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ പോയവര്‍ ദക്ഷിണേന്ത്യക്കാരാണ്, പ്രത്യേകിച്ചു കേരളക്കാര്‍. ഗള്‍ഫു രാജ്യങ്ങളിലാണവരധികവും കുടിയേറിയിട്ടുള്ളത്. പോയവരില്‍ 95 ശതമാനവും അന്നന്നത്തെ വരുമാനം മാത്രം ലഭിക്കുന്നവരുമാണ്. അവിടെ ഉള്ള ചെറുകിട കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ പോലും പങ്കാളിത്ത വ്യവസ്ഥയില്‍ പണിയെടുത്ത് അന്നന്നത്തെ അന്നം ഒപ്പിക്കാനുള്ള ഓട്ടപ്പാച്ചിലുകാരാണ്. ഫാമിലി വിസ ലഭിക്കാന്‍ മാത്രം എംബസി/കോണ്‍സുലേറ്റില്‍വരുമാനം കൂടുതല്‍ എഴുതിക്കാണിച്ച് കുടുംബങ്ങളെ കൊണ്ട് പോയവര്‍ ഒരിക്കലും രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ കഷ്ടപ്പെടുകയുമാണെന്നും എല്ലാവര്‍ക്കുമറിയാം. ഫ്രീ വിസ എന്ന ഓമനപ്പേരിലുള്ള പണിയില്ലാ വിസ കെട്ടുതാലി അടക്കം വിറ്റു വലിയ കാശ് കൊടുത്ത് വാങ്ങി ഗള്‍ഫിലെത്തി നേരെച്ചൊവ്വെ പണി കിട്ടാത്തവര്‍ ഒരുപാടൊരുപാടുണ്ട്. അവരുടെ ലേബര്‍ എഗ്രിമെന്റ് കടലാസുകളില്‍ ശമ്പളം നന്നായി കാണിച്ചിട്ടുണ്ടെന്നത് മാസാമാസം ശമ്പളം വാരിക്കൂട്ടുന്നു എന്ന് തെറ്റിദ്ധരിക്കരുത്.

വര്‍ഷങ്ങളായി വിദേശ നാണ്യങ്ങള്‍ ഇന്ത്യയിലെത്തിച്ച് ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് കരുത്തേകിയ പ്രവാസികള്‍ക്ക് അവസാനം സര്‍ക്കാര്‍ നല്‍കുന്നത് പീഡനങ്ങള്‍ മാത്രം; പ്രവാസികളെ കറുവപ്പശുവാക്കുന്ന സമീപനം കേന്ദ്ര സര്‍ക്കാരിന്റെ ക്രൂരവിനോദമോ?

ശരി. ഇവരൊക്കെ അടങ്ങിയ വലിയ ശതമാനം പേര്‍ കേന്ദ്രസര്‍ക്കാരിന് ഇനി ഒരറിയിപ്പ് വന്നാല്‍ നികുതി അടക്കണമത്രെ! ഇക്കുറി നിര്‍മ്മല എന്ന തമിഴ്‌നാട്ടുകാരിയായ ധനമന്ത്രി അവതരിപ്പിച്ച കേന്ദ്രബഡ്ജറ്റിലാണ് ഈ നിര്‍ദേശം 'നിയമമാക്കിയില്ല' എന്ന് തേന്‍ പുരട്ടി മുന്നില്‍ വച്ചിരിക്കുന്നത്. ജെ എന്‍ യുവില്‍ പഠിച്ചു പുറത്തിറങ്ങിയ ഒരാളാണ് നാട്ടില്‍ പണിയൊന്നും കിട്ടാതെ പുറം രാജ്യങ്ങളില്‍ പോയി കഷ്ടപ്പെടുന്നവരുടെ തലക്കു മുകളില്‍ഡി-വാള്‍ തൂക്കിയിരിക്കുന്നത്! കഷ്ടം! എല്ലുമുറിയെ പണിയെടുത്ത് പാതിരാക്ക് ലേബര്‍ ക്യാമ്പണയുന്ന തമിഴ് ജീവിതങ്ങളെ പോലും  ഒരു നിമിഷം ഓര്‍ക്കാതെയാണ് നിര്‍മ്മല ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

എന്‍ ആര്‍ ഐ എന്നത് വിദേശത്ത് ജോലി - വ്യാപാര - ലജാലിയില്ലാ ഇടപാടുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുവദിക്കപ്പെട്ട അവകാശപ്പേരാണ്. അവരുടെ വരുമാനം ഇന്ത്യന്‍ സാമ്പത്തിക വ്യവഹാരങ്ങളിലെ ആണിക്കല്ലുകളില്‍ ഒന്നുമാണ്. കോടിക്കണക്കിന് വരുമാനം ഗ്രീന്‍ ചാനല്‍ വഴി ഇന്ത്യയിലേക്ക് വരുന്നത് നമ്മുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് വലിയ സപ്പോര്‍ട്ടാണ് നല്‍കുന്നത്. വിദേശനാണ്യം എന്നത് കേവലമൊരു സംജ്ഞയല്ല, സാമ്പത്തിക - വാണിജ്യ ക്രയവിക്രയങ്ങളിലെ ഉജ്വല വൈഢൂര്യമാണ്.

ബാങ്കുകളില്‍ സ്ഥിരമായും അല്ലാതെയും നിക്ഷേപിക്കപ്പെടുന്ന / ഒഴുകിയെത്തുന്ന ഈ പണമെടുത്താണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ വിനിയോഗിക്കുന്നത്. അതില്‍ നിന്ന് ലാഭം കൊയ്യുന്നതാകട്ടെ ബാങ്കുകളും. പേരും പ്രശസ്തിയും നേടുന്നതോ സര്‍ക്കാറുകളും.

പൊന്‍മുട്ടയിടുന്ന ആ താറാവുകളിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ണുവെച്ചിട്ടുള്ളത്. അവര്‍ക്ക് ഇതൊന്നും പോരാഞ്ഞ് വിദേശനാണ്യത്തില്‍ നിന്നും ആദായ നികുതിയും വേണമത്രെ ! ഈ പകല്‍ കൊള്ള  ന്യായീകരിക്കാന്‍  ഒരിക്കലും ദഹിക്കാത്ത ചില സാങ്കേതിത്വങ്ങളാണ് ക്ലോസായി കരട് നിര്‍ദ്ദേശത്തില്‍ തിരുകിക്കയറ്റിയിരിക്കുന്നത്.

120 ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ ലീവിന് വന്നു നില്‍ക്കരുത്. അധികമായി ഒരു ദിവസം നാട്ടില്‍ നിന്നാല്‍ എന്‍ ആര്‍ ഐ പദവി തല്‍ക്കാലത്തേക്ക് ഒഴിവാകും, ഒരു അനുവാദവുമില്ലാതെ ആ അക്കൗണ്ട് നാടന്‍ അക്കൗണ്ടായി മാറും. അന്നര്‍ദ്ധരാത്രി മുതല്‍ പ്രവാസിയുടെ എന്‍ ആര്‍ ഐ അക്കൗണ്ടിലെ ധനം മൊത്തംനികുതി നല്‍കാതെ കെട്ടിക്കിടക്കുന്ന പണമായി മാറുകയും ചെയ്യും. നൂറ്റി ഇരുപത്തൊന്നാം ദിവസം ലീവ് കഴിഞ്ഞ് വിദേശത്തേക്ക് നിങ്ങള്‍ പോയാലും ഇല്ലെങ്കിലും സര്‍ക്കാരിന് ഒരു ചുക്കും ചുണ്ണാമ്പുമില്ല! അവര്‍ക്ക് വലിച്ചൂരേണ്ടത് ഊരാന്‍ ഇതൊക്കെ മതിപോലും!

പാവം പ്രവാസി ഗള്‍ഫില്‍ തിരിച്ചെത്തുന്നതോടെ വീണ്ടാമതുംഎന്‍. ആര്‍ ഐ ആകുന്നു, അക്കൗണ്ടും എന്‍. ആര്‍. ഐയിലേക്ക് പതിയെ മാറുന്നു! (അതിനും രേഖകള്‍ വീണ്ടും അയച്ചു കൊടുക്കണമായിരിക്കും). പിന്നെമിസ്‌കീനായി മാറിയ ഈ പ്രവാസി അഭിമാനം മുറ്റി നിറഞ്ഞ് വിദേശനാണ്യം സ്വന്തം നാട്ടിലേക്ക് അയക്കാന്‍ തുടങ്ങുന്നു, സര്‍ക്കാറുകള്‍ ആ പൈസ വെച്ച്തങ്ങളുടെ തക്കട്ട്തിരിമറിക്ക് ഉപയോഗിക്കാന്‍ യഥേഷ്ടം ഈട് നല്‍കാന്‍  ധൃതി കൂട്ടുന്നു ! എന്തൊരു വെള്ളരിക്കാപ്പട്ടണം! അല്ല കേന്ദ്രസര്‍ക്കാരേ, ഉളുപ്പ് എന്നൊന്ന് നിങ്ങള്‍ക്കുണ്ടോ?

ലീവിന് വന്ന് നാട്ടില്‍ 120 ദിവസത്തിലധികം നില്‍ക്കുന്നതാരാന്നാ ഇവരുടെ വിചാരം ? സ്ഥിരം പണി ഇല്ലാത്തവര്‍. രോഗികള്‍. കയ്യും കാലുമൊടിഞ്ഞവര്‍, ടിക്കറ്റിന് കാശ് കൂടിയത് കൊണ്ട് യാത്ര മാറ്റി വെച്ച്  ടിക്കറ്റ് ചാര്‍ജ് കുറയാന്‍ കാത്തിരിക്കുന്നവര്‍, കല്യാണാലോചനയ്ക്ക് വന്നവര്‍, വീടുപണി പകുതിയിലെത്തിയവര്‍, രോഗിയായ മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ നിന്നവര്‍, സ്വന്തം മകളുടെ കല്യാണം കൂടാന്‍ വന്നവര്‍. ഇതല്ലാതെ വേറെ ഒരാളെ പറ 120 + ദിവസങ്ങള്‍ നാട്ടില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതരായവരായിട്ട് വേറെ ആരെയെങ്കിലും ?

ഒരു ആശ്വാസവചനമുണ്ട് ആ നിര്‍ദ്ദേശത്തില്‍. എന്താണെന്നോ ? നികുതി അടക്കുന്ന വ്യവസ്ഥയുള്ള വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ നിര്‍ദിഷ്ട നിയമം ബാധകമല്ലെന്ന്. ക്ലിയറാണ് കാര്യങ്ങള്‍. ബഹുഭൂരിപക്ഷം വരുന്ന 600 - 700 റിയാല്‍ / ദിര്‍ഹം ശമ്പളം വാങ്ങുന്നവരുള്ള ഗള്‍ഫു പ്രവാസികള്‍ തന്നെയാണ് ഇവരുടെ ടാര്‍ജറ്റ്.ഇപ്പറഞ്ഞ ശമ്പളത്തിന് ആരെങ്കിലും യു.എസ് / യു.കെ / ആസ്‌ട്രേലിയ രാജ്യങ്ങളില്‍ നികുതി അടച്ച് പണിയെടുക്കുന്നുണ്ടോ എന്നൊന്നും ആരും ചോദിച്ചേക്കരുത്.

സര്‍ക്കാര്‍അത്ര സുഖകരമല്ലാത്ത രണ്ട് സാധ്യതകള്‍ക്കാണ് വഴിതുറക്കുന്നത് എന്ന് കൂടി ഓര്‍ക്കണം. ഒന്നാമത്തേത്, കുഴല്‍പ്പണമാഫിയ വീണ്ടും തലപൊക്കുമെന്നതാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ചത്തു ജീവിച്ചു കഴിയുന്ന കുഴല്‍പ്പണലോബിക്ക് ഇത് ചാകരയായിരിക്കും സമ്മാനിക്കുക. അവര്‍ ഒന്ന് കൂടി പൊടി തട്ടി എണീക്കും. ചെറിയ വരുമാനക്കാര്‍ പണം വലുതായി ബാങ്കില്‍ കൊണ്ടിട്ട് പൊല്ലാപ്പിനൊന്നും നില്‍ക്കില്ല. ബാങ്കില്‍ കാശുണ്ടെങ്കിലല്ലേ ഈ ഗുലുമാല്‍ മുഴുവന്‍. അത്‌കൊണ്ട് കുടുംബത്തിന്റെ അന്നന്നത്തെ ജീവിതം കഴിയാന്‍ കുഴല്‍പ്പണമാഫിയയെ ആശ്രയിക്കേണ്ടി വരാനുള്ള സാധ്യത വളരെ വലുതാണ്. ഈ മാഫിയ സ്രോതസ്സാകട്ടെ ഗുജറാത്ത് കേന്ദ്രമായുള്ള സിന്ധി - മാര്‍വാഡി ലോബികളാണ്. ഇവരാണ് പല കള്ളപ്പണക്കാരുടെയും നേരിട്ടുള്ള മൊത്ത ഏജന്റുമാര്‍. നാട്ടിലെ അവരുടെ കള്ളപ്പണം ഒന്നുകൂടി വെളുക്കാനും വെളുപ്പിക്കാനും ഇത് വഴിവക്കും. ഇനി അഥവാ ഇതിനൊക്കെ തന്നെയാണോ ഒരു ബജറ്റ് നിര്‍ദ്ദേശം എന്ന പേരില്‍ ആര്‍ക്കോ വേണ്ടി തിളക്കുന്ന സാമ്പാറായി ധനമന്ത്രി തോണ്ടി വെച്ചിട്ടുള്ളത്?

മറ്റൊന്ന്, ഗള്‍ഫ് രാജ്യങ്ങളില്‍ ആദായ നികുതി ഈടാക്കാന്‍ അവിടെയുള്ള ഭരണകൂടങ്ങള്‍ക്ക് പ്രത്യക്ഷമായി തന്നെ പച്ചക്കൊടി കാണിക്കുന്നു എന്നതാണ്. ഞങ്ങള്‍ വാങ്ങിയില്ലെങ്കില്‍ ഇവിടെയുള്ള (ഇന്ത്യക്കാരായ) വിദേശികള്‍ സ്വന്തം നാട്ടില്‍ നികുതി എന്തായാലും അടക്കണം. വാങ്ങിയാലോ നാട്ടില്‍ അവര്‍ കൊടുക്കേണ്ട ആവശ്യവുമില്ല. വെറുതെക്കിട്ടുന്ന കാശ് ഏതെങ്കിലും ഒരു രാജ്യം ഒഴിവാക്കുമോ? അവരും പത്രം വായിക്കുന്നുണ്ടാകുമല്ലോ, അവരും ഗോതമ്പു റൊട്ടി കഴിക്കുന്നവര്‍ തന്നെയാണല്ലോ. എന്തെങ്കിലും ഒരു വകുപ്പ് വെച്ച് അവരും കാശ് പിടുങ്ങും, അത് മറ്റു രാജ്യങ്ങളില്‍ നിന്ന് വന്ന് ഗള്‍ഫില്‍ പണിയെടുക്കുന്നവര്‍ക്കും തലവേദന ഉണ്ടാക്കും, തീര്‍ച്ച. നിയമം എല്ലാവര്‍ക്കും ബാധകമാകുമല്ലോ. വിദൂരസാധ്യതയൊന്നുമല്ല ഇപ്പറഞ്ഞതൊന്നും. അവിടങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരായത് കൊണ്ട് പ്രത്യേകിച്ച്.

സര്‍ക്കാര്‍ പിന്‍വാങ്ങണം, എന്ത് നൊടിഞ്യായം പറഞ്ഞാലും വളച്ചു തിരിച്ചു വ്യാഖ്യാനിച്ചാലും പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസികള്‍ക്ക്, വലിയ ആശങ്കയാണ് ഈ നിര്‍ദ്ദേശം ഉണ്ടാക്കിയിട്ടുള്ളത്. ഒരു നീതിയുമില്ലാതെയാണ് വിമാന കമ്പനികള്‍ സര്‍ക്കാര്‍ ഒത്താശയോടെ ഗള്‍ഫുകാരില്‍ നിന്ന് ടിക്കറ്റ് ചാര്‍ജെന്ന പേരില്‍ കാശ് പിടുങ്ങുന്നത്. ഗള്‍ഫേതര രാജ്യങ്ങളിലേക്കുള്ള ദൂരവും ടിക്കറ്റ് ചാര്‍ജും നോക്കിയാല്‍ ഏത് കണ്ണുപൊട്ടനും തിരിയും. (പച്ചവെള്ളമൊഴിച്ചല്ലല്ലോ അമേരിക്ക- യു കെ - സിംഗപ്പൂ രാജ്യങ്ങളിലേക്ക് യാത്രാവിമാനങ്ങള്‍ പറപ്പിക്കുന്നത് ?)

ഇനിയുമെന്തിനാണ് ഹേ, നിങ്ങള്‍ ഓരോ ക്രൂരനിയമങ്ങള്‍ മെനഞ്ഞെടുത്ത് ഗള്‍ഫുകാരന്റെ കപാലം നോക്കി തല്ലുന്നത് ? വയറ്റ്പ്പിഴപ്പിന് പോയവരോട് എന്തിനാണിത്ര ക്രൂരത കാണിക്കുന്നത് ? ഒന്നുമല്ലെങ്കില്‍ അവരുടെ സാമ്പത്തിക അഭിവൃദ്ധിയും ബാങ്ക് ബാലന്‍സും  സര്‍ക്കാറുകള്‍ക്ക്  ലാഭമല്ലാതെ നഷ്ടമൊരിക്കലും സമ്മാനിച്ചിട്ടില്ലല്ലോ.

Keywords:  Article, Aslam Mavilae, Gulf, Central Government, Budget, Article about Central budget by Aslam Mavilae

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia