Paid leave | ദുബൈയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ഷത്തില്‍ 10 ദിവസം ശമ്പളത്തോടു കൂടിയ വിദ്യാഭ്യാസ അവധി
Sep 15, 2022, 17:27 IST
ദുബൈ: (www.kvartha.com) രാജ്യത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ഷത്തില്‍ 10 ദിവസം ശമ്പളത്തോടു കൂടിയ വിദ്യാഭ്യാസ അവധി അനുവദിച്ചു. തൊഴിലിനൊപ്പം അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ അവധി ലഭിക്കുക. പരീക്ഷയെഴുതാന്‍ ഈ അവധി സഹായിക്കും. ഒരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കു വിദ്യാഭ്യാസ അവധിക്ക് അപേക്ഷിക്കാമെന്ന് യുഎഇ ഡിജിറ്റല്‍ സര്‍കാര്‍ അതോറിറ്റി അറിയിച്ചു.
സ്വകാര്യ മേഖലയില്‍ ഒമ്പതു തരം അവധികളാണ് അനുവദിച്ചത്. വാര്‍ഷിക അവധിയാണ് ഇതില്‍ ഒന്നാമത്തേത്. ദേശീയ സേവനത്തിനു വേണ്ടിയുള്ള അവധി, പഠനാവധി, ഉറ്റവരുടെ മരണത്തെ തുടര്‍ന്നുള്ള അവധി, ഹജ് ഉംറ തീര്‍ഥാടന അവധി, പ്രസവ, ശിശു പരിപാലന അവധി, മാതാപിതാക്കളുടെ പരിചരണത്തിനുള്ള പ്രത്യേക അവധി, തൊഴില്‍ നിയമപ്രകാരമുള്ള ചികിത്സാ അവധി എന്നിവയ്ക്ക് പുറമെ ഔദ്യോഗിക, വാരാന്ത്യ അവധികള്‍ക്കും അവകാശമുണ്ട്.
സ്വകാര്യ മേഖലയില്‍ ലഭിക്കുന്ന അവധികള്‍
ദുഃഖാചരണ അവധി
ഭാര്യ, ഭര്‍ത്താവ് എന്നിവരില്‍ ആരെങ്കിലും മരിച്ചാല്‍ അഞ്ചു ദിവസം ദുഃഖാചരണ അവധി അനുവദിക്കും. മാതാവോ പിതാവോ മക്കളില്‍ ആരെങ്കിലുമോ സഹോദരി, സഹോദരന്‍, പൗത്രന്മാര്‍ എന്നിവരുടെ വിയോഗത്തില്‍ മൂന്നു ദിവസത്തെ അവധി അനുവദിക്കും. ഉറ്റവര്‍ മരിച്ച ദിവസം മുതലാണ് അവധി ആരംഭിക്കുക.
പ്രസവാവധി
പ്രസവാവധി 60 ദിവസം വരെ നീളും. നവജാത ശിശുവിനെ പരിചരിക്കാന്‍ പിതാവിനു ശമ്പളത്തോട് കൂടി അഞ്ചു ദിവസം അവധി അനുവദിക്കും. അമ്മമാര്‍ക്ക് 45 ദിവസം പൂര്‍ണ ശമ്പളത്തോടും ശേഷിക്കുന്ന 15 ദിവസം പകുതി വേതനത്തോടും അവധി അനുവദിക്കും. പ്രസവത്തിന് തൊട്ടു മുന്‍പ് എപ്പോള്‍ അപേക്ഷിച്ചാലും അവധി നല്‍കണം. അംഗീകൃത മെഡികല്‍ സര്‍ടിഫികറ്റോടെ ആയിരിക്കണം അപേക്ഷ നല്‍കേണ്ടത്.
പ്രസവാനന്തരം അമ്മയ്‌ക്കോ കുഞ്ഞിനോ കൂടുതല്‍ വൈദ്യ പരിചരണം ആവശ്യമെങ്കില്‍ വേതനരഹിത അവധിയും അനുവദിക്കും. കുഞ്ഞ് പ്രത്യേക പരിചരണം ആവശ്യമുള്ള ഭിന്നശേഷിയുള്ളതാണെങ്കില്‍ 30 ദിവസം കൂടി ശമ്പളത്തോടു കൂടി അവധിക്ക് അര്‍ഹതയുണ്ട്. ആവശ്യമെങ്കില്‍ 30 ദിവസം കൂടി വേതനമില്ലാത്ത അവധിയും ലഭിക്കും. പ്രസവിച്ച് ജോലിയില്‍ തിരികെ പ്രവേശിച്ച അമ്മയ്ക്ക് ആറുമാസം വരെ മുലകൊടുക്കാന്‍ ഒരു മണിക്കൂര്‍ വിശ്രമസമയമുണ്ട്. ഇതിന്റെ പേരില്‍ വേതനം തടയാന്‍ പാടില്ല.
ദേശീയ സേവനാവധി
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് മാത്രമുള്ളതാണ്.
തീര്‍ഥാടന അവധി
ഹജ്, ഉംറ തീര്‍ഥാടനത്തിന് ഒരു തവണ മാത്രമാണ് അവധി ലഭിക്കുക. വേതനരഹിതമായി 30 ദിവസം വരെ ലഭിക്കും. എന്നാല്‍ ഉംറയ്ക്ക് പോകാന്‍ അവധിക്ക് അപേക്ഷിച്ചാല്‍ തൊഴിലുടമയ്ക്ക് നിരസിക്കാനും അവകാശമുണ്ട്. അവധി നല്‍കിയാല്‍ തൊഴിലാളിയുടെ വാര്‍ഷികാവധിയില്‍ നിന്ന് കുറയ്ക്കാം.
Keywords: An employee in UAE is entitled to a paid leave of 10 days per year to sit for examinations, Dubai, News, Salary, Students, Application, UAE, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.