AK Balan | ദൈവത്തിന് വിശ്രമം, നല്ല തമാശ! മാർക്സിനെ പുറംതള്ളിയോ ബാലൻ സഖാവേ

 


/ ഏദൻ ജോൺ

(KVARTHA)
മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച് മുൻ മന്ത്രിയും സി.പി.എമ്മിൻ്റെ സീനിയർ നേതാവുമായ എ.കെ ബാലൻ നടത്തിയ പരാമർശം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അദ്ദേഹം ഈ വിഷയത്തിൽ ദൈവത്തെക്കൂട്ടുപിടിച്ചത് ഇടത് അണികളിൽ പോലും ആശ്ചര്യമുണ്ടാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിൻ്റെയും വിദേശയാത്ര ഇത്ര വ്യക്തത വരുത്തിയിട്ടും സംശയം തീരാത്തത് മാധ്യമങ്ങളുടെ തകരാറാണ്. സ്വകാര്യ യാത്രയാണെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞു. പിന്നെ എന്തിനാണ് ഇത്ര സംശയമെന്നും എ കെ ബാലന്‍ ചോദിച്ചു.
  
AK Balan | ദൈവത്തിന് വിശ്രമം, നല്ല തമാശ! മാർക്സിനെ പുറംതള്ളിയോ ബാലൻ സഖാവേ

'മുന്‍പും മന്ത്രിമാര്‍ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അന്നൊന്നും ഇത്ര വിവാദം ഉണ്ടായില്ലല്ലോ? തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. അദ്ദേഹം ഒന്നു വിശ്രമിക്കട്ടെ. ആറു ദിവസം കൊണ്ട് ഭൂമി ഉണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ', എ കെ ബാലന്‍ ചോദിച്ചു. നവ കേരള യാത്രക്കായി മുഖ്യമന്ത്രി കഠിന പ്രയത്‌നം ചെയ്തു. അദ്ദേഹത്തിന് വിശ്രമിക്കാന്‍ അവകാശം ഉണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു. ഇന്ത്യയുടെ തെക്കേ അറ്റത്തെ ഇന്ദിരാ പോയിന്റില്‍ നിന്ന് ഒരു വിളി വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥലമാണ് ഇന്തോനേഷ്യയെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

വിദേശയാത്രയുടെ ചെലവിന്റെ സ്രോതസ് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണവും എ കെ ബാലന്‍ തള്ളി. വിദേശത്തേക്ക് പോകാന്‍ ഇപ്പോള്‍ വലിയ ചെലവ് ഒന്നുമില്ല. ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിക്ക് എന്താണ് ബുദ്ധിമുട്ട്. കെ സുധാകരന്‍ ഉപയോഗിച്ച വാക്കിനൊന്നും മറുപടി ഇല്ലെന്നും എ കെ ബാലന്‍ പറഞ്ഞു. മാറുന്ന സി.പി.എമ്മിൻ്റെയും സഖാക്കന്മാരുടെയും മറ്റൊരു മുഖം ആണ് എ.കെ.ബാലൻ്റെ ഈ പ്രസ്താവനയിലൂടെ കാണാൻ സാധിക്കുന്നത്. ഇസ്രായേലിൽ പോലും കാണാത്ത വിശ്വാസമാണ് ബാലൻ സഖാവിൽ കാണാൻ കഴിയുന്നത്.

ഇതിന് പിന്നാലെ സോഷ്യൽ മീഡിയായിലും മറ്റും ധാരാളം ട്രോളുകളാണ് ഇപ്പോൾ ബാലനെതിരെ നടക്കുന്നത്. അതിൽ ചിലത് ഇങ്ങനെയാണ്: 'അതിന് നിങ്ങൾക്ക് ദൈവവിശ്വാസം ഉണ്ടോ ബാലാ', 'ദൈവം എല്ലാം തന്നിട്ടാണ് വിശ്രമിച്ചത് എന്നാൽ പി.വി എല്ലാം തിന്നിട്ടാണ് വിശ്രമിക്കാൻ പോയത്', പ്രാർഥിച്ചിട്ടാണ് മഴ പെയ്തതെന്ന് വിശ്വാസികൾ, ബാലൻ്റെ ദൈവം ടൂറാൻ പോയതാണ് മഴ പെയ്യാൻ കാരണമെന്ന് മറ്റൊരു കൂട്ടർ, എങ്കിൽ ഇനി പോയ ഇടത്ത് തന്നെ നിന്നോട്ടേ എന്ന് വേറെ ചിലർ. 'ഞങ്ങളുടെ ജോലികൾ ചെയ്യാൻവേണ്ടി ഏൽപ്പിച്ച ഒരാൾ ഞാൻ രാജാവാണെന്ന് പറഞ്ഞു തെണ്ടിത്തിരിഞ്ഞു നടക്കുന്നു ഇവർ ദൈവം ഉണ്ടെന്ന് സമ്മതിച്ചോ?. ആറ് ദിവസംകൊണ്ട് ഭൂമി ഉണ്ടാക്കിയ ദൈവം എന്ന് പറഞ്ഞപ്പോൾ ഒരു സംശയം'.

'ബാലനെ പോലെ ഒരു അടിമയെ കിട്ടാനും വേണം ഒരു ഭാഗ്യം'. 'ദൈവം ഇല്ലാത്ത പാർട്ടിക്ക് എവിടെ നിന്നാണ് ദൈവത്തെ കിട്ടിയത്?'. 'ഈ ബാലൻ ഒന്നും ഇല്ലാതിരുന്നെങ്കിൽ സിപിഎം ന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണേ'. 'ബാല വിശ്രമം വേണ്ടത് ശരിക്ക് നിനക്കാണ്, കാരണം എന്തിനും ന്യായീകരിച്ചു ന്യായീകരിച്ച് താൻ ഇപ്പോൾ ഒരു വഴിക്ക് ആയിട്ടുണ്ട്'. 'ദൈവത്തിന് വിശ്രമം 'നല്ല തമാശ', മാർക്സിനെ പുറംതള്ളിയോ', ഇങ്ങനെയൊക്കെ നിരവധി വിമർശനങ്ങളാണ് ട്രോളുകളുടെ രൂപത്തിൽ സോഷ്യൽ മീഡിയായിൽ ബാലനെതിരെ പ്രവഹിക്കുന്നത്. ശരിക്കും ഇത് മുഖ്യമന്ത്രിയോടും ഈ സർക്കാരിനോടുമുള്ള രോഷമായിട്ടാണ് പ്രതിഫലിക്കുന്നത്.

സംസ്ഥാനം കടക്കെണിയിൽ ആയിരിക്കുമ്പോഴും ജനം ദുരിതക്കയത്തിൽ ആയിരിക്കുമ്പോഴും അതിനെയൊക്കെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വിദേശയാത്രയ്ക്കെതിരെ ജനരോഷം ആളിക്കത്തുകയാണെന്ന് വേണം പറയാൻ. പാവപ്പെട്ടവൻ്റെ പാർട്ടി എന്ന് പാവപ്പെട്ടവൻ കഴിഞ്ഞ നാൾ വരെ കരുതിയിരുന്ന സി.പി.എം എന്ന പ്രസ്ഥാനം ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകൃതമാകുന്നതാണ് ബാലനെപ്പോലുള്ളവരുടെ പ്രസ്താവനയിൽ തെളിഞ്ഞു കാണുന്നത്. പിണറായിയെ ദൈവത്തോട് ഉപമിക്കുന്ന ബാലൻ സഖാവിനെതിരെ ഇതിൽ കൂടുതൽ വിമർശനങ്ങൾ വന്നാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. സി.പി.എം എന്ന പ്രസ്ഥാനം തൊഴിലാളികളിൽ നിന്ന് അകലുന്നു എന്നു കാണിക്കുന്ന വ്യക്തമായ സൂചനയാണ് എ.കെ.ബാലൻ്റെ വാക്കുകളിൽ കാണുന്നത്.

ഒരു മുഖ്യൻ, ബാക്കിയെല്ലാം ന്യായീകരണ തൊഴിലാളികളായി മാറുന്ന കാഴ്ച. മുഖ്യമന്ത്രി വിശ്രമിച്ചോട്ടെ തെറ്റില്ല. അത് സ്വന്തം പണം കൊണ്ടാവണം. മറിച്ച് നികുതി പണം കൊണ്ടാവുമ്പോൾ ജനം ഉള്ളത് ചോദിച്ചെന്നിരിക്കും. അതിന് കലിതുള്ളിയിട്ട് കാര്യമില്ല. ഇല്ലെങ്കിൽ സ്പോൺസർ ആരാണെന്ന് പറയാനുള്ള ആർജ്ജവമെങ്കിലും കാണിക്കണം. അതിന് എ.കെ ബാലനെപ്പോലുള്ള മുതിർന്ന നേതാക്കൾ ന്യായീകരണം പറയുന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാവരുത്. നേതാക്കൾ എന്നവകാശപ്പെടുന്നവർ ഇത്രയും തരംതാഴരുത്. മതം ഇല്ല ജാതിയില്ല എന്ന് പറയും. ജാതിയും മതവും കാണുകയും ചെയ്യും. കമ്മ്യൂണിസം പേരിലുണ്ട് എന്നത് മാത്രമാണ് ആശ്വാസം.

Keywords: News, News-Malayalam-News, Kerala, Politics, Even God took rest, says CPM leader AK Balan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia