കോവിഡ് പരിശോധനയുടെ പേരില്‍ പണം തട്ടിപ്പ് നടത്തിയ 2 പേര്‍ അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com 07.05.2021) കോവിഡ് പരിശോധനയുടെ പേരില്‍ പണം തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പോങ്ങാട് കടുവാക്കുഴി വസുന്ധര മഠത്തില്‍ അഭിമന്യു (19), പാലോട് പെരിങ്ങമ്മല ഒഴുകുപാറ എം എസ് ഹൗസില്‍ മുഹ് മദ് സാദിഖ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡികല്‍ കോളജിന് സമീപത്തെ ഒരു ലാബിന്റം കളക്ഷന്‍ ഏജന്റ് ആയി ജോലി നോക്കി വരുന്നവരാണ് പ്രതികള്‍.

കോവിഡ് പരിശോധനയ്ക്ക് സ്രവം എടുക്കാന്‍ വന്നതാണ് എന്ന് പ്രതികള്‍ വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് ഇവരില്‍ നിന്ന് 1,750 രൂപ വാങ്ങുകയുമാണ് ചെയ്യുന്നത്. സ്രവം എടുത്തു മടങ്ങുന്ന പ്രതികള്‍ ആര്‍ടിപിസിആറിനു പകരം ആന്റിജന്‍ ടെസ്റ്റ് നടത്തി ഇതിന്റെ ഫലം വാട്‌സ്ആപ്പില്‍ അയച്ചു കൊടുക്കുകയും ചെയ്യും. അതേസമയം ആന്റിജന്‍ ടെസ്റ്റില്‍ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടാല്‍ മാത്രമേ ഇപ്രകാരം ചെയ്യുകയുള്ളൂ. 

കോവിഡ് പരിശോധനയുടെ പേരില്‍ പണം തട്ടിപ്പ് നടത്തിയ 2 പേര്‍ അറസ്റ്റില്‍

വീട്ടുകാരെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി ഇവര്‍ കരുവാക്കിയത് മെഡികല്‍ കോളജ് പരിസരത്തെ പ്രമുഖ ലാബിനെയാണ്. ലാബിന്റെ വിലാസവും ഫോണ്‍ നമ്പറും മറ്റും അതേപടി നിലനിര്‍ത്തിയ ശേഷം ബാക്കി ഭാഗങ്ങളില്‍ കൃത്രിമം നടത്തുകയും പരിശോധനാഫലം പ്രിന്റ് ചെയ്ത് ചേര്‍ക്കുകയുമായിരുന്നു ഇവരുടെ രീതി. പെരിങ്ങമ്മല സ്വദേശിയും പാങ്ങോട് മന്നാനിയ കോളേജിലെ പ്രിന്‍സിപ്പലുമായ ഡോ. നസീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. 

ഇദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടില്‍ എത്തിയ പ്രതികള്‍ സ്രവം ശേഖരിക്കുകയും പണം വാങ്ങി പോവുകയും ചെയ്തശേഷം പരിശോധിച്ച് ഫലം നെഗറ്റീവ് ആണെന്നുള്ള റിസള്‍ട്ട് അയച്ചു കൊടുക്കുകയായിരുന്നു. ഇതിനിടെ വീട്ടിലുള്ള മറ്റൊരാള്‍ക്ക് ശാരീരിക വൈഷമ്യം അനുഭവപ്പെട്ടതോടെ പരിശോധിക്കുന്നതിന് വേണ്ടി പ്രതികളെ ഫോണില്‍ നിരവധി തവണ വിളിച്ചിട്ടും കിട്ടിയില്ല. തുടര്‍ന്ന് ലാബിന്റെ ഫോണ്‍ നമ്പറില്‍ വീട്ടുകാര്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 

തുടര്‍ന്ന് വീട്ടുകാര്‍ സൂത്രത്തില്‍ പ്രതികളെ വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു. പെരിങ്ങമലയില്‍ വരാന്‍ ആവശ്യപ്പെടുകയും ഇവിടെവച്ചാണ് രണ്ടുപേരെയും പൊലീസ് പിടികൂടുകയും ചെയ്തത്. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 17 പേരോളം തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് സൂചന. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Thiruvananthapuram, News, Kerala, Arrest, Arrested, Police, Crime, Fraud, COVID-19, Two arrested for money fraud in the name of covid test
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia