വീടും സ്ഥലവും സഹോദരിക്ക് നല്‍കിയതിലുള്ള വൈരാഗ്യം; മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം കടന്നുകളയാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

 


കവിയൂര്‍: (www.kvartha.com 23.10.2019) വീടും സ്ഥലവും സഹോദരിക്ക് നല്‍കിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് വയോധികരായ മാതാപിതാക്കളെ കൊലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച മകനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. തിരുവാമനപുരം തെക്കേല്‍ സുജ ഭവനില്‍ വാസു ആചാരി (75), ഭാര്യ രാജമ്മാള്‍ (69) എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാസു ആചാരിയെ തൂങ്ങിയ നിലയിലും രാജമ്മാളിനെ കട്ടിലില്‍ കഴുത്തു മുറിഞ്ഞ നിലയിലുമാണ് കാണപ്പെട്ടത്. സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന ദമ്പതികളുടെ മകന്‍ പ്രശാന്തിനെ (അജി-42) ആണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.

വീടും സ്ഥലവും സഹോദരിക്ക് നല്‍കിയതിലുള്ള വൈരാഗ്യം; മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം കടന്നുകളയാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

വാസു-രാജമ്മാള്‍ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. മകള്‍ സുജ വിവാഹിതയായി തിരുവനന്തപുരത്താണ് താമസം. പ്രശാന്ത് കഴിഞ്ഞ നാലു വര്‍ഷമായി ആലുവയില്‍ മരപ്പണി ചെയ്യുകയാണ്. ഇവര്‍ക്കുണ്ടായിരുന്ന വീടും ഏഴു സെന്റ് സ്ഥലവും സുജയുടെ പേരില്‍ വില്‍പത്രം എഴുതിയിരുന്നു. എന്നാല്‍ സ്വത്തില്‍ തനിക്കും അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് മാതാപിതാക്കളുമായി വഴക്കിടുന്നത് പതിവായിരുന്നു.

കഴിഞ്ഞ ദിവസവും പഞ്ചായത്തംഗം രാജേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച സമീപവാസിയായ രമേശ് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വാസു ആചാരിയെയും രാജമ്മാളിനെയും മരിച്ചനിലയില്‍ കണ്ടത്. പ്രശാന്ത് സമീപത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ രമേശിനെ കണ്ടതോടെ പ്രശാന്ത് വീടിനു പുറത്തേക്കു പോയി.

രമേശ് ഉടന്‍ തന്നെ വിവരം നാട്ടുകാരെയും പഞ്ചായത്ത് ഓഫീസിലും അറിയിച്ചു. വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യുവും, അംഗം രാജേഷ് കുമാറും സംഭവസ്ഥലത്തേക്ക് വരുമ്പോള്‍ പ്രശാന്ത് ബാഗുമായി പോകുന്നതു കണ്ടു തടഞ്ഞെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് സ്റ്റോപ്പില്‍ നിന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

ഡിവൈഎസ്പിമാരായ ജെ ഉമേഷ് കുമാര്‍, ടി കെ ജോസ്, സിഐ ടികെ ബൈജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Son arrested for killing parents, News, Local-News, Murder, Crime, Criminal Case, Police, Arrested, Youth, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia