മലപ്പുറത്ത് ലീഗ് കൗന്‍സിലര്‍ വെട്ടേറ്റ് മരിച്ച സംഭവം; മഞ്ചേരി നഗരസഭാ പരിധിയില്‍ ഉച്ചവരെ ഹര്‍ത്താല്‍
Mar 31, 2022, 08:46 IST
മലപ്പുറം: (www.kvartha.com 31.03.2022) മഞ്ചേരിയില്‍ നഗരസഭ കൗന്‍സിലര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭാ പരിധിയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹര്‍ത്താല്‍ ആചരിക്കുക.
തലയ്ക്കും നെറ്റിയിലും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗന്‍സിലര്‍ അബ്ദുള്‍ ജലീല്‍(52) ബുധനാഴ്ച രാത്രിയാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുള്‍ ജലീല്‍ മഞ്ചേരി നഗരസഭയിലെ 16-ാം വാര്‍ഡ് മുസ്ലീം ലീഗ് കൗന്‍സിലറാണ്.
പയ്യനാട് വച്ച് ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുള്‍ ജലീലിനെ ബൈകിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തര്‍ക്കത്തിന് പിന്നാലെ കാറിനെ പിന്തുടര്‍ന്നെത്തിയ ബൈക് യാത്രികര്‍ ഹെല്‍മറ്റ് ഏറിഞ്ഞ് കാറിന്റെ പിറകിലെ ചില്ല് ആദ്യം തകര്‍ക്കുകയും പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്ത് വെട്ടുകയുമായിരുന്നുവെന്നാണ് വിവരം. ആക്രമണസമയത്ത് ജലീലിനൊപ്പം കാറില്‍ മൂന്ന് സുഹൃത്തുക്കള്‍ കൂടി ഉണ്ടായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജലീലിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മജീദ്, ശുഹൈബ് എന്നിങ്ങനെയുള്ള രണ്ട് പേരാണ് അബ്ദുല്‍ ജലീലിന്റെ വാഹനത്തെ ബൈകില്‍ പിന്തുടര്‍ന്ന് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകക്കേസിലെ പ്രതി അബ്ദുല്‍ മജീദിനെ കസ്റ്റഡിയില്‍ എടുത്തിരുന്നെന്നും മറ്റൊരു പ്രതി ശുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.