Murder | ലഹരിയുടെ കരാളഹസ്തത്തിൽ അരുംകൊല; നോവായി ഏകമകന്റെ കൈകളാൽ പിടഞ്ഞുമരിച്ച സുബൈദ


● കോളജിൽ വെച്ചാണ് ആഷിഖ് മയക്കുമരുന്നിന്റെ ലോകത്തേക്ക് എത്തുന്നത്.
● അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദ ആണ് ഏകമകനായ ആഷിഖിന്റെ ക്രൂരകൃത്യത്തിന് ഇരയായത്.
● ഒരാഴ്ച മുൻപാണ് ആഷിഖ് ബെംഗ്ളൂറിൽ നിന്ന് തിരിച്ചെത്തിയത്.
കോഴിക്കോട്: (KVARTHA) താമരശ്ശേരിയിൽ മാതാവിനെ മകൻ വെട്ടിക്കൊന്ന സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദ (53) ആണ് ഏകമകനായ ആഷിഖിന്റെ (24) ക്രൂരകൃത്യത്തിന് ഇരയായത്. സുബൈദയും മകൻ ആഷിഖും കുറച്ചുകാലമായി സുബൈദയുടെ സഹോദരി സകീനയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. പ്ലസ് ടുവിന് ശേഷം ഓട്ടോമൊബൈൽ കോഴ്സിന് ചേർന്നതോടെയാണ് ആഷിഖ് ലഹരിക്ക് അടിമയാകാൻ തുടങ്ങിയതെന്ന് സകീന പറയുന്നു. കോളജിൽ വെച്ചാണ് ആഷിഖ് മയക്കുമരുന്നിന്റെ ലോകത്തേക്ക് എത്തുന്നത്.
ലഹരി ഉപയോഗം തുടങ്ങിയതോടെ ആഷിഖ് വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ഒരുതവണ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. പിന്നീട് ഡീ-അഡിക്ഷൻ സെന്ററുകളിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഒരാഴ്ച മുൻപാണ് ആഷിഖ് ബെംഗ്ളൂറിൽ നിന്ന് തിരിച്ചെത്തിയത്. നാലു ദിവസം കൂട്ടുകാരുമായി കറങ്ങിയ ശേഷം വെള്ളിയാഴ്ച രാത്രിയാണ് വീട്ടിലെത്തിയത്. അന്ന് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സകീന പറയുന്നു.
ശനിയാഴ്ച സക്കീന ജോലിക്കായി പുറത്തുപോയ സമയത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഉച്ചയ്ക്ക് രണ്ടരയോടെ ആഷിഖ് അടുത്ത വീട്ടിൽ നിന്ന് തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങി. ആ വെട്ടുകത്തി ഉപയോഗിച്ച് സ്വന്തം മാതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈദയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ആഷിഖ് വീടിന്റെ വാതിൽ അടച്ചിരിക്കുകയായിരുന്നു.
ഈങ്ങാപ്പുഴ വേനക്കാവിലെ ദാമോദരൻ നായരും മകൻ ലിജുമോനുമാണ് സുബൈദയുടെ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയത്. ലിജുമോൻ ഉച്ചയ്ക്ക് 2.30ന് ആഷിഖിന് തേങ്ങ പൊളിക്കാനായി കൊടുവാൾ നൽകിയിരുന്നു. 2.45ന് നിലവിളി കേട്ടാണ് അവർ തിരിച്ചെത്തിയത്. ജനലിലൂടെ നോക്കിയപ്പോൾ ആഷിഖിന്റെ ദേഹത്ത് രക്തം കണ്ടു. സുബൈദയുടെ സഹോദരി ഷകീല എത്തിയ ശേഷമാണ് ആഷിഖ് വാതിൽ തുറന്നത്.
സുബൈദ രക്തത്തിൽ കുളിച്ചു കിടക്കുന്ന കാഴ്ചയാണ് അവരെ എതിരേറ്റത്. അയൽവാസികൾ പറയുന്നതനുസരിച്ച്, ആഷിഖ് ഇതിനു മുൻപും സുബൈദയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഏതാനും മാസം മുൻപ് ആയുധവുമായി സുബൈദയെ ആക്രമിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകിയിരുന്നു. അമിതമായ ലഹരി ഉപയോഗമാണ് ആഷിഖിനെ ഇത്തരം പ്രവൃത്തികളിലേക്ക് നയിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.
നാട്ടുകാർ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയും ആംബുലൻസ് വരുത്തുകയും ചെയ്തു. ആഷിഖ് വെട്ടുകത്തി കഴുകി അയൽവാസികൾക്ക് തിരികെ നൽകുകയും ചെയ്‌തു. നാട്ടുകാരും ആഷിഖുമായി വാക് തർക്കവുമുണ്ടായി. പൊലീസെത്തും വരെ നാട്ടുകാർ ആഷിഖിനെ തടഞ്ഞുവെച്ചു.
തലച്ചോറിൽ ട്യൂമർ ബാധിച്ചതിനെ തുടർന്ന് സുബൈദ അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് മകന്റെ കൈകളാൽ ദാരുണമായ അന്ത്യം സംഭവിച്ചത്. ലഹരിയുടെ കരാളഹസ്തത്തിൽ ഒരു കുടുംബം എങ്ങനെ തകർന്നടിയാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഈ സംഭവം മാറുന്നു.
#DrugAbuse, #MotherMurdered, #DomesticViolence, #FamilyTragedy, #KozhikodeNews, #KeralaNews