Crime | വളപട്ടണം എസ് ഐയെ ടിപ്പര്‍ ലോറിയിടിച്ചു വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

 
Crime

Photo - Arranged

പരുക്കേറ്റ പോലീസുകാര്‍ കണ്ണൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കണ്ണൂര്‍: (KVARTHA) പാപ്പിനിശേരിയിലെ കടവില്‍ മണലൂറ്റുന്നതിനിടെ റെയ്ഡിനെത്തിയ വളപട്ടണം എസ് ഐയെയും പോലീസുകാരനെയും ടിപ്പര്‍ ലോറി ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ മുഖ്യപ്രതിയെ പോലിസ് അറസ്റ്റു ചെയ്തു. കെ പി മുഹമ്മദ് ജാസിഫിനെയാണ് (38) വളപട്ടണം പോലിസ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ വീടുവളഞ്ഞ് പിടികൂടിയത്.

സംഭവത്തില്‍ പ്രതികളെ സഹായിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം വളപട്ടണം പോലിസ് അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ജൂലായ് 25-ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാപ്പിനിശേരിയിലെ പാറക്കടവില്‍ നിന്നും പോലിസിനെതിരെ വധശ്രമമുണ്ടായതെന്നാണ് റിപ്പോർട്ട്. പാപ്പിനിശേരി മേഖലയിലെ വിവിധ കടവുകളില്‍ നിന്നും മണല്‍കടത്തിന് നേതൃത്വം നല്‍കുന്നയാളാണ് മുഹമ്മദ് ജാസിഫ് എന്നാണ് പോലീസ് പറയുന്നത്. മണല്‍കടത്ത് പിടികൂടാനെത്തിയ വളപട്ടണം എസ് ഐ ടി.എം. വിപിന്‍, സിപിഒ കിരണ്‍ എന്നിവരെ മണല്‍ ലോറി ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് കേസ്.

സ്‌കൂട്ടറില്‍ വേഷം മാറി മണല്‍ കടത്ത് പിടികൂടാനെത്തിയ എസ് ഐയെയും പോലീസുകാരനെയും തിരിച്ചറിഞ്ഞ ജാസിഫ്, ഇടിച്ചു കൊല്ലിനെടാ എന്നു ആക്രോശിച്ചു കൊണ്ടു ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഇതോടെ ടിപ്പര്‍ ലോറി ഡ്രൈവര്‍ പോലീസുകാര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറി കൊണ്ടു ഇടിച്ചു തെറിപ്പിച്ചതായും പോലീസ് പറയുന്നു. ഭാഗ്യത്തിനാണ് പോലീസുകാര്‍ ജീവന്‍ കൊണ്ടു രക്ഷപ്പെട്ടത്.

പരുക്കേറ്റ പോലീസുകാര്‍ കണ്ണൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇടിച്ച വാഹനവുമായി രക്ഷപ്പെട്ട മണല്‍കടത്തുകാരെ പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റു ചെയ്തു. മണല്‍കടത്തുകാരന്‍ റസാഖിനെയും ലോറി ഡ്രൈവറെയും വളപട്ടണം പോലിസ് അറസ്റ്റു ചെയ്തു. ഇവരെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ജാസിഫിന്റെ അറസ്‌റ്റോടെ ഈ കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായിട്ടുണ്ട്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia