Police | ട്രെയിനില്‍ അജ്ഞാതനായ യുവാവ് തീയിട്ടു: ട്രാകിനടുത്ത് നിന്ന് കണ്ടെത്തിയ ബാഗില്‍ ഹിന്ദിയിലും ഇന്‍ഗ്ലീഷിലും എഴുതിയ പുസ്തകം, സംഭവം ആസൂത്രിതമെന്ന് പൊലീസ്
Apr 3, 2023, 10:08 IST
കോഴിക്കോട്: (www.kvartha.com) ട്രെയിനില്‍ അജ്ഞാതനായ യുവാവ് തീയിട്ട സംഭവം ആസൂത്രിതമെന്ന് പൊലീസ്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂടീവ് എക്പ്രസില്‍ ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് എലത്തൂര്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങി കോരപ്പുഴ പാലത്തിന് തൊട്ടടുത്ത് വച്ച് ആക്രമണമുണ്ടായത്. രണ്ട് കുപ്പി പെട്രോളുമായി ട്രെയിനിന്റെ ഡി 1 കോച്ചിലേക്കെത്തിയ യുവാവാണ് തീവച്ചതെന്നും ഇയാള്‍ ഈ കോച്ചില്‍ ഉണ്ടായിരുന്നില്ലെന്നും ഡി2 കോച്ചിലായിരുന്നു എന്നുമാണ് വിവരമെന്നും പൊലീസ് പറഞ്ഞു.
ചുവന്ന ടീ ഷര്‍ടും തൊപ്പിയുമായിരുന്നു അക്രമി ധരിച്ചതെന്ന് ദൃക്‌സാഷികള്‍ പറയുന്നു. ട്രെയിന്‍ നിര്‍ത്തിയ ശേഷം ഓടിമാറിയ ഇയാള്‍ സംഭവ സമയത്ത് ഇവിടേക്ക് എത്തിയ ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു എന്നും ദൃക്‌സാഷികള്‍ കൂട്ടിച്ചേര്‍ത്തു. അപ്രതീക്ഷിത ആക്രമണമാണ് നടന്നതെന്നും പ്രകോപനമൊന്നുമില്ലാതെ അക്രമിയെത്തി യാത്രക്കാര്‍ക്ക് മേല്‍ പെട്രോളൊഴിച്ച് തീയിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വിശദീകരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അക്രമിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത്: അക്രമിയുടേതെന്ന് കരുതുന്ന ബാഗ് പൊലീസ് കണ്ടെടുത്തു. ട്രാകിനടുത്ത് നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് തൊട്ടടുത്താണ് ബാഗ് ഉണ്ടായിരുന്നത്. പാതിനിറഞ്ഞ ഒരു കുപ്പി പെട്രോള്‍ ഉണ്ടായിരുന്നു. ഇത് സംശയത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. ആക്രമിയുടേതാണോ എന്നും മറിച്ച് മറ്റ് യാത്രക്കാരുടെത് ആരുടെയെങ്കിലും ആണോയെന്നും അന്വേഷണം നടക്കുന്നുണ്ട്.
ബാഗില്‍ ഹിന്ദിയിലും ഇന്‍ഗ്ലീഷിലും എഴുതിയ പുസ്തകം, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, മറ്റുചില വസ്തുക്കള്‍ എന്നിവ കണ്ടെത്തി. ബാഗില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും പേഴ്‌സില്‍ നിന്ന് കഷ്ണം കടലാസും ഫോറന്‍സിക് സംഘം കണ്ടെത്തി. ഇത് അന്വേഷണത്തെ സഹായിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
അതേസമയം അപകടം നടന്ന പാളത്തിന് സമീപമാണ് ഒരു പുരുഷന്റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹം കണ്ടെത്തിയത്. മട്ടന്നൂര്‍ സ്വദേശി റഹ് മത്, ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ മകള്‍ രണ്ട് വയസുകാരി സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിഖ് എന്നിവരാണ് മരിച്ചത്. തലയടിച്ച് വീണാണ് മരണം. ട്രെയിനിലുണ്ടായ തീവയ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ പുറത്തേക്ക് ചാടിയതാണെന്നും ട്രെയിന്‍ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്നും കുഞ്ഞുമായി മടങ്ങുകയായിരുന്നു റഹ് മത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പ് തുറ കഴിഞ്ഞു വരികയായിരുന്നു. കോഴിക്കോട് നിന്നും ട്രെയിന് കയറിയതായിരുന്നു ഇയാള്‍. തീ പൊള്ളലില്‍ ഒമ്പത് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ എട്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kozhikode, News, Kerala, Police, Train, attack, Crime, Railway Track, Kozhikode: Train attack; Bag found.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.