യുഎസില്‍ പൊലീസ് ശ്വാസം മുട്ടിച്ചുകൊന്ന കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ 4 വയസുകാരിയായ മരുമകള്‍ക്ക് വെടിയേറ്റു; ആസൂത്രിത അക്രമമെന്ന് ബന്ധുക്കള്‍
Jan 7, 2022, 08:28 IST
ഹൂസ്റ്റണ്‍ (യുഎസ്): (www.kvartha.com 07.01.2022) യുഎസില്‍ പൊലീസ് ശ്വാസം മുട്ടിച്ചുകൊന്ന കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ ബന്ധുവായ കുട്ടിക്ക് വെടിയേറ്റു. പുതുവര്‍ഷദിനത്തില്‍ പുലര്‍ചെ വീടിന് നേരെയുണ്ടായ വെടിവയ്പ്പിലാണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള അപാര്‍ട്‌മെന്റില്‍വച്ചായിരുന്നു സംഭവം. രണ്ടാം നിലയില്‍ കിടന്നുറങ്ങിയിരുന്ന എരിയാന ഡിലേന എന്ന നാല് വയസുകാരിക്കാണ് പരിക്കേറ്റത്.
ഫ്‌ലോയ്ഡിന്റെ സഹോദരി സസായുടെ കൊച്ചുമകളാണ് എരിയാന. വെടിശബ്ദവും കരച്ചിലും കേട്ട് എല്ലാവരും ഉണര്‍ന്നപ്പോള്‍, രക്തത്തില്‍കുളിച്ചു നില്‍ക്കുന്ന കുട്ടിയെയാണ് കണ്ടത്. സംഭവസമയത്ത് രണ്ട് കുട്ടികളും നാല് മുതിര്‍ന്ന വ്യക്തികളുമാണ് വീട്ടിലുണ്ടായത്. കരളിലും ശ്വാസകോശത്തിലും വെടിയേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി.
പൊലീസ് അതിക്രമത്തില്‍ ജോര്‍ജ് ഫ്‌ലോയ്ഡ് കൊല്ലപ്പെട്ടതിന് ശേഷമുള്ള ബ്ലാക് ലൈവ്‌സ് മാറ്റെര്‍ പ്രതിഷേധസമരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ കുട്ടി. ആസൂത്രിത അക്രമമെന്നാണ് ബന്ധുക്കളുടെ ആരോപണം. പുലര്‍ചെ മൂന്നിന് നടന്ന സംഭവം അപ്പോള്‍ത്തന്നെ അറിയിച്ചിട്ടും രാവിലെ ഏഴായപ്പോഴാണ് പൊലീസ് എത്തിയതെന്നും പരാതിയുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഹൂസ്റ്റണ്‍ പൊലീസ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
2020 മേയില്‍ കടയില്‍ കള്ളനോട് നല്‍കിയെന്ന് സംശയിച്ചായിരുന്നു ഫ്‌ലോയ്ഡിനുനേരെ മിനിയപലിസ് പൊലീസ് അതിക്രമം. പ്രതിയായ പൊലീസുകാരന്‍ ഡെറക് ഷോവിനെതിരെ കഴിഞ്ഞ വര്‍ഷം കോടതി വിധി പ്രഖ്യാപിക്കുന്നത് ടിവിയില്‍ കാണാന്‍ ഫ്‌ലോയ്ഡിന്റെ ബന്ധുക്കളെല്ലാം ഒത്തുകൂടിയത് വെടിവയ്പ് നടന്ന വീട്ടിലാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.