Cybercrime | മുംബൈ പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂരിലെ വയോധികന്റെ എട്ടുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
കണ്ണൂര്‍: (KVARTHA) മുംബൈ പൊലീസാണെന്ന വ്യാജേനെ വന്ന ഫോണ്‍കോള്‍ വഴി വയോധികന്റെ എട്ടുലക്ഷം രൂപ നഷ്ടമായതായി പരാതി. കണ്ണൂര്‍ താണ സ്വദേശിയായ എണ്‍പത്തിയഞ്ചുകാരന്റെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസാണെന്ന് പരിചയപ്പെടുത്തി വയോധികനെ തേടി ഫോണ്‍ കോളെത്തുന്നത്.
വയോധികന്റെ ബാങ്ക് അകൗണ്ടില്‍ അനധികൃതമായി പണം വന്നിട്ടുണ്ടെന്നും അതിന് മുംബൈ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ഫോണ്‍ കോള്‍. ഈ കേസ് ഒഴിവാക്കാനായി പണം നല്‍കണമെന്നും കേസ് ഒഴിവായി കഴിഞ്ഞാല്‍ പണം തിരികെ നല്‍കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കേസ് ഒഴിവാക്കാനായി പരിഭ്രാന്തനായ വയോധികന്‍ പറഞ്ഞതു പ്രകാരം തട്ടിപ്പു സംഘം പറഞ്ഞ അകൗണ്ടില്‍ പണം അയച്ചുകൊടുക്കുകയായിരുന്നു.
എന്നാല്‍ പണം അയച്ചുകൊടുത്ത ശേഷം ഓണ്‍ ലൈന്‍ തട്ടിപ്പു സംഘത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. പിന്നീട് കണ്ണൂര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.