അമ്പലത്തിലെ കാണിക്ക വഞ്ചിയില്‍ നിന്ന് പണം മോഷ്ടിച്ച് മദ്യം വാങ്ങി; 10 രൂപ നോടില്‍ സംശയം തോന്നിയതോടെ സിസിടിവിയില്‍ കുരുങ്ങിയ പ്രതികള്‍ പിടിയില്‍
Aug 9, 2021, 07:39 IST
റാന്നി: (www.kvartha.com 09.08.2021) അമ്പലത്തിലെ കാണിക്ക വഞ്ചിയില്‍ നിന്ന് മോഷ്ടിച്ച പണവുമായി മദ്യം വാങ്ങാനെത്തിയ പ്രതികള്‍ പിടിയില്‍. തോക്ക്‌തോട് സ്വദേശി സനീഷും തോമസുമാണ് മോഷണകേസിലെ പ്രതികള്‍. പത്തനംതിട്ട റാന്നിയിലാണ് മോഷ്ടാക്കള്‍ ബീവറേജസ് ഔട്‌ലെറ്റിലെ സി സി ടി വിയില്‍ കുരുങ്ങിയത്.
രണ്ട് ദിവസം മുമ്പാണ് റാന്നി പരുത്തിക്കാവ് ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിക്കപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പ്രതികള്‍ കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. രാത്രിയില്‍ ഇരുവരും ചേര്‍ന്ന് കാണിക്ക വഞ്ചി കുത്തിതുറന്ന് പണം എടുത്തു. ശേഷം തൊട്ടടുത്തുള്ള പള്ളിയുടെ കുരിശടിയിലെ വഞ്ചിയും പൊളിക്കാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടയില്‍ നാട്ടുകാര്‍ കണ്ടതോടെ ബഹളമായി. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിളിച്ചു. എന്നാല്‍ പൊലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു.
പിന്നീട് തൊട്ടടുത്ത ദിവസംതന്നെ മോഷ്ടിച്ച പണവുമായി മദ്യം വാങ്ങാന്‍ പ്രതികള്‍ റാന്നി ബിവറേജസിലെത്തി. ഇവരുടെ കൈവശമുണ്ടായിരുന്നത് എല്ലാം പത്ത് രൂപയുടെ നോടുകള്‍ മാത്രമായിരുന്നു. ഇതുപയോഗിച്ചായിരുന്നു ബിവറേജസിലെ ഇടപാട്. പ്രതികള്‍ മദ്യം വാങ്ങി പോയെങ്കിലും പത്ത് രൂപ നോടില്‍ സംശയം തോന്നിയ ബിവറേജസിലെ ജീവനക്കാരന്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സി സി ടി വി പരിശോധിച്ചപ്പോള്‍ പ്രതികളെ തിരിച്ചറിഞ്ഞു. ഉടന്‍തന്നെ രണ്ട്‌പേരെയും കസ്റ്റഡിയിലെടുത്തു. സനീഷിന്റെയും തോമസിന്റെയും വീട്ടില്‍ നിന്ന് കാണിക്ക തുറക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും ബാക്കി പണവും കണ്ടെടുത്തു. സനീഷ് ഒരു കൊലപാതക കേസിലും നിരവധി മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.