Investigation | 'തമ്പാനൂരിൽ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം കൊലപാതകം'; കൂടുതൽ വിവരങ്ങൾ പുറത്ത്


● പേയാട് സ്വദേശികളായ സി കുമാരൻ, ആശ എന്നിവരാണ് മരിച്ചത്.
● കുമാരൻ കൈരളി ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റായിരുന്നു.
● കട്ടിലിന് സമീപം കഴുത്തറുത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് ആശയുടെ മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം: (KVARTHA) തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡിസിപി കാർത്തിക് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു എന്ന് കണ്ടെത്തി.
പേയാട് സ്വദേശികളായ സി കുമാരൻ, ആശ എന്നിവരാണ് മരിച്ചത്. ആശയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് തലേദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെയാണ് ഇരുവരെയും ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കുമാരൻ കൈരളി ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റായിരുന്നു.
ഇയാൾ രണ്ടുദിവസം മുമ്പാണ് തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്തത്. പിറ്റേന്ന് രാവിലെ ആശയെ ഇവിടേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് വിവരം. പാങ്ങോട് സൈനിക കാമ്പിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു ആശ. രാവിലെ മുറി വൃത്തിയാക്കുന്നതിനായി ജീവനക്കാർ പലതവണ മുട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല.
സംശയം തോന്നിയ ജീവനക്കാർ തമ്പാനൂർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മുറിയുടെ കതക് ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. കട്ടിലിന് സമീപം കഴുത്തറുത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് ആശയുടെ മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിൽ കുമാരനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുമാരന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കത്തിയും മുറിയിൽ നിന്ന് കണ്ടെടുത്തു. പ്രകോപനമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആശയുടെ ശരീരത്തിൽ ക്ഷതമേറ്റ പാടുകളുണ്ട്. ഫോറൻസിക് സംഘം മുറിക്കുള്ളിൽ വിശദമായ പരിശോധന നടത്തി.
വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൊലപാതക കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും നിരവധി വസ്ത്രങ്ങളടങ്ങിയ ബാഗുകളും മുറിയിലുണ്ടായിരുന്നു. വിവാഹമോചിതനായ ശേഷമാണ് കുമാരൻ ആശയുമായി അടുപ്പത്തിലായത്. ആശ വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്.
#ThampanoorCrime #KeralaMurder #PoliceInvestigation #FoundDead #ThampanoorDeath #KeralaNews