Complaint | 'ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ', തനിക്കെതിരെ അശ്ലീല കമൻ്റ് പോസ്റ്റ് ചെയ്ത പ്രൊഫൈലിനെതിരെ പരാതി നൽകി പി പി ദിവ്യ
● സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങളിൽ ദിവ്യ പ്രതിഷേധം അറിയിച്ചു.
● എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യ പ്രതിയാണ്
● ദിവ്യക്കെതിരെ സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ നടക്കുന്നു.
കണ്ണൂർ: (KVARTHA) എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണ കേസിലെ ഒന്നാം പ്രതിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി പി ദിവ്യക്കെതിരെ സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ തുടരുന്നു. നിലവിൽ പത്തിലേറെ കേസുകളാണ് ദിവ്യയുടെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസെടുത്തത്.
സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റിട്ടയാൾക്കെതിരെ വീണ്ടും ദിവ്യ പരാതി നൽകിയിട്ടുണ്ട്. ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ എന്നാണ് ഇതിനെ കുറിച്ചു പി പി ദിവ്യ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. അശ്ലീല കമന്റിട്ടയാളുടെ വിവരങ്ങളും സ്ക്രീൻഷോട്ടുകളും സഹിതമാണ് പി പി ദിവ്യ ഫേസ്ബുക്കിൽ വിവരങ്ങൾ പങ്കുവെച്ചത്.
സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർദ്ധിക്കുകയാണെന്നും സർവ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്നും പിപി ദിവ്യ പറഞ്ഞു.
അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നതെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും ദിവ്യക്കെതിരെ സോഷ്യൽ മീഡിയയിൽ കടന്നാക്രമണം ശക്തമാണ്.
#CyberHarassment #WomensSafety #Kerala #SocialMediaAbuse #PPDivya #CyberCrime