Police Booked | കരിവെള്ളൂരിൽ വീടുവളഞ്ഞ് ബിജെപി പ്രവർത്തകരെ ബന്ദിയാക്കിയെന്ന് പരാതി; നൂറിലധികം സിപിഎമുകാർക്കെതിരെ കേസ്


ഹിന്ദു സാമ്രാജ്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കുണിയനിലാണ് പരിപാടി നടന്നത്
കണ്ണൂർ: (KVARTHA) കരിവെളളൂർ കുണിയനിൽ ഹിന്ദു സാമ്രാജ്യദിനത്തിൻ്റെ ഭാഗമായി ഒരു വീട്ടിൽ പരിപാടി നടത്തുന്നതിനിടെ വീടു വളഞ്ഞ് ബിജെപി പ്രവർത്തകരെ അക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തുവെന്ന പരാതിയിൽ നൂറ് സിപിഎം പ്രവർത്തകർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ബിജെപി പയ്യന്നൂർ മണ്ഡലം പ്രസിഡൻ്റ് പനക്കീൽ ബാലക്യഷ്ണൻ്റെ പരാതിയിലാണ് സി പി അനീഷ്, സർവീസ് ബാങ്ക് ജീവനക്കാരനായ പ്രശോഭ് , തെക്കെ മണക്കാട്ടെ ഗിരീഷ്, കുക്കാനത്തെ പി രമേശൻ, മലാപ്പിലെ അരുൺ, കരിവെള്ളുരിലെ സുരേന്ദ്രൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെ കേസെടുത്തത്. സിപിഎം പാർട്ടി ഗ്രാമമായ കരിവെള്ളൂർ കുണിയനിൽ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
ഹിന്ദു സാമ്രാജ്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കുണിയനിലെ കുണ്ടത്തിൽ ബാലൻ്റെ വീട്ടിൽ പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ നുറോളം സിപിഎം പ്രവർത്തകർ വീടുവളയുകയും പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും ഇവർ വന്ന വാഹനങ്ങൾ തകർക്കുകയും ചെയ്തുവെന്നാണ് പരാതി. ഇരുപതോളം പേരെയാണ് മണിക്കൂറുകളോളം ബന്ദിയാക്കിയത്. പൊലീസെത്തിയാണ് ബിജെപി പ്രവർത്തകരെ മാറ്റിയത്.
ബാലൻ്റെ വീട്ടിൽ ആയുധങ്ങൾ സംഭരിച്ചിട്ടുണ്ടെന്നും ബോംബു നിർമാണം നടക്കുന്നുണ്ടെന്നും സിപിഎം ആരോപിച്ചു. ദുരെ ദേശങ്ങളിൽ നിന്നു വരെ പ്രവർത്തകർ എത്തിയിരുന്നു. എന്നാൽ വിവരമറിഞ്ഞെത്തിയ പയ്യന്നൂർ ഡിവൈഎസ്പി ഉമേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്ന് സിപിഎം പ്രവർത്തകരെ പിരിച്ചയക്കുകയും ബിജെപി പ്രവർത്തകരെ മോചിപ്പിക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ പത്തുമണിയോടെ പരിപാടി നടന്ന വീട്ടുപറമ്പിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ വടിവാൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.