Shot Dead | മാധ്യമപ്രവര്‍ത്തകരുടെയും പൊലീസിന്റെയും മുന്നില്‍ വെടിവയ്പ്പ്; സമാജ് വാദി പാര്‍ടി മുന്‍ എംപി ആതിഖ് അഹ് മദും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നാലെ യുപിയില്‍ നിരോധനാജ്ഞ; പ്രയാഗ് രാജിലും കാന്‍പുരിലും കനത്ത ജാഗ്രത; 17 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; 3 പേര്‍ പിടിയില്‍

 



ലക്‌നൗ: (www.kvartha.com) ഗുണ്ടാത്തലവനും യുപിയിലെ കൊടും ക്രിമിനലുകളില്‍ ഒരാളും സമാജ് വാദി പാര്‍ടി മുന്‍ എംപിയുമായിരുന്ന ആതിഖ് അഹ് മദും സഹോദരന്‍ അശ്‌റഫ് അഹ് മദും വെടിയേറ്റ് മരിച്ചതിന് പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

ആതിഖിന്റെയും സഹോദരന്റെയും കൊലപാതകമുണ്ടായ പ്രയാഗ് രാജില്‍ കനത്ത ജാഗ്രതാനിര്‍ദേശവും നല്‍കി. മെഡികല്‍ പരിശോധനയ്ക്ക് സഹോദരനൊപ്പം എത്തിച്ച ആതിഖ് ശനിയാഴ്ച രാത്രി മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നുപേര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്.

വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ യുപി പൊലീസ് പിടിയിലായതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര യോഗം വിളിച്ചു. പൊലീസ് മേധാവി ഉള്‍പെടെ ഉന്നതര്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തി. സ്ഥിതി വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യരാജ് സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നംഗ കമിഷന്റെ ജുഡീഷ്യല്‍ അന്വേഷണത്തിനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ പ്രയാഗ്രാജിലെ ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചതായും റിപോര്‍ടുണ്ട്.

ലവ്ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരെയാണ് പിടികൂടിയതെന്നും ഇവരെ ചോദ്യംചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു. ഇവര്‍ എത്തിയതായി കരുതുന്ന രണ്ടു മോടോര്‍ സൈകിളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാര്‍ ഖത്രിയുടെ സാന്നിധ്യത്തില്‍ പൊലീസ് ഫൊറന്‍സിക് പരിശോധന നടത്തി.

വെടിവയ്പ്പില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളിന് പരുക്കേറ്റു. ബഹളത്തിനിടെ ഓടിമാറിയ ഒരു മാധ്യമപ്രവര്‍ത്തകനും വീണ് പരുക്കേറ്റു. കൊല്ലപ്പെട്ട ആതിഖിന്റെയും സഹോദരന്റെയും മൃതദേഹങ്ങള്‍ എസ്ആര്‍എന്‍ ആശുപത്രിയിലേക്കു മാറ്റി. ഇതരജില്ലകളില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെ പ്രയാഗ് രാജിലേക്ക് എത്തിക്കാന്‍ നിര്‍ദേശം നല്‍കി. കാന്‍പുരിലും കനത്ത ജാഗ്രതയ്ക്ക് നിര്‍ദേശമുണ്ട്.

ആതിഖ് അഹ്മദിന്റെ മകന്‍ ആസാദ് അഹ് മദിന്റെ സംസ്‌കാരം നടന്ന് മണിക്കൂറുകള്‍ മാത്രം പിന്നിടുന്നതിനിടെയാണ് ആതിഖിന്റെയും സഹോദരന്റെയും കൊലപാതകം. ജയിലില്‍ കഴിയുന്ന ആതിഖിനെ പ്രയാഗ്രാജില്‍ മെഡികല്‍ പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെയും പൊലീസിന്റെയും മുന്നിലായിരുന്നു മൂന്നംഗ സംഘം വെടിയുതിര്‍ത്തത്. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മാധ്യമങ്ങളോട് ആതിഖ് സംസാരിക്കുന്നതിനിടെ ആള്‍കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ ആതിഖിന്റെ തലയ്ക്ക് ചേര്‍ത്ത് തോക്ക് പിടിച്ച് വെടിവയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആതിഖ് വെടിയേറ്റു വീണതിനു തൊട്ടുപിന്നാലെ സഹോദരന്‍ അശ്‌റഫിനുനേരെയും നിരവധി തവണ വെടിയുതിര്‍ത്തു.

മകന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനാകാത്തത് സംബന്ധിച്ച ചോദ്യത്തിനു മാധ്യമങ്ങളോട് മറുപടി പറയുന്നതിനിടെയാണ് ആതിഖിനു നേരെ വെടിവയ്പ്പുണ്ടായത്. 'അവര്‍ കൊണ്ടു പോയില്ല, അതിനാല്‍ പോയില്ല' - എന്നായിരുന്നു മകന്റെ അന്ത്യകര്‍മങ്ങളില്‍ പോകാനാകാത്തത് സംബന്ധിച്ച് ആതിഖിന്റെ പ്രതികരണം.

നിലവില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇരുവരെയും വൈദ്യപരിശോധനയ്ക്കായി എത്തിച്ചതായിരുന്നു പൊലീസ് സംഘം. ഇരുവരുടെയും കൈകള്‍ ചേര്‍ത്ത് ബന്ധിച്ചാണ് വാഹനത്തില്‍നിന്ന് ഇറക്കിയത്. ഇവരുമായി പൊലീസുകാര്‍ നടന്നനീങ്ങവെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി ഒപ്പം കൂടുകയായിരുന്നു. ചോദ്യങ്ങള്‍ക്ക് നടന്നുകൊണ്ട് മറുപടി നല്‍കുന്നതിനിടെയാണ് പോയിന്റ് ബ്ലാങ്കില്‍നിന്ന് അക്രമികള്‍ ആതിഖിന്റെ ശിരസില്‍ വെടിവച്ചത്. പിന്നാലെ അശ്‌റഫിനും വെടിയേറ്റു. അക്രമികള്‍ 12 റൗന്‍ഡോളം വെടിയുതിര്‍ത്തതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്.

മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനെയാണ് പൊലീസ് വലയത്തിലായിരുന്ന ആതിഖിനും സഹോദരനും സമീപം ഇവരെത്തിയതെന്നും എന്‍സിആര്‍ ന്യൂസ് എന്ന പേരില്‍ വ്യാജ മൈകും ഐഡിയും ഉപയോഗിച്ചാണ് ഇരുവരും മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നിലയുറപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ആതിഖ് അഹ് മദിന്റെ പേരില്‍ മാത്രം നൂറിലധികം കേസുകളുണ്ടെന്നും ആതിഖിനൊപ്പം കൊല്ലപ്പെട്ട സഹോദരന്‍ അശ്‌റഫിന്റെ പേരില്‍ 57 കേസുകളുമുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 

Shot Dead | മാധ്യമപ്രവര്‍ത്തകരുടെയും പൊലീസിന്റെയും മുന്നില്‍ വെടിവയ്പ്പ്; സമാജ് വാദി പാര്‍ടി മുന്‍ എംപി ആതിഖ് അഹ് മദും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നാലെ യുപിയില്‍ നിരോധനാജ്ഞ; പ്രയാഗ് രാജിലും കാന്‍പുരിലും കനത്ത ജാഗ്രത; 17 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; 3 പേര്‍ പിടിയില്‍


ആതിഖിന്റെ മകന്‍ ആസാദ് അഹ്മദ് യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ടീമുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വെടിയേറ്റ് മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ആതിഖ് അഹ്മദിന്റെ ഗുണ്ടാസംഘത്തെ ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പുനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടുദിവസം മുന്‍പ് ആസാദ് കൊല്ലപ്പെട്ടത്. ആസാദിന്റെ സംസ്‌കാരം ശനിയാഴ്ചയായിരുന്നു.

ബിഎസ്പി എംഎല്‍എയായ രാജുപാലിനെ 2005ല്‍ വധിച്ച കേസിലെ മുഖ്യസാക്ഷിയും അഭിഭാഷകനുമായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24ന് പട്ടാപ്പകല്‍ പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിന് പുറത്ത് വെടിയേറ്റു കൊല്ലപ്പെട്ട കേസിലെ പ്രതികളായിരുന്നു ആതിഖിന്റെ മകന്‍ ആസാദും കൂട്ടാളി മുഹമ്മദ് ഗുലാമും. ആതിഖ് അഹ് മദും സഹോദരനും ഇതേ കേസിലാണ് ജയിലിലായതും. കഴിഞ്ഞ മാസം ആതിഖ് അഹ് മദ് ഈ കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. പിന്നാലെ തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആതിഖ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

അതേസമയം, ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുളള സാഹചര്യമാണ് യുപിയിലേതെന്നും കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് അതിന്റെ പാരമ്യത്തിലാണെന്നും സമാജ് വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. 'പൊലീസുകാരുടെ സുരക്ഷാവലയത്തില്‍ പോലും ഇങ്ങനെ ചിലര്‍ കൊല്ലപ്പെടുമ്പോള്‍ സാധാരണ ജനത്തിന്റെ സുരക്ഷ ഏങ്ങനെ ഉറപ്പാക്കാനാകും. ഈ സാഹചര്യത്തില്‍ ഭീതിയുടെ അന്തരീക്ഷമാണ് പൊതുജനത്തിനുളളത്. ചിലര്‍ ഇത്തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കുകയാണോ എന്ന് സംശയിക്കുന്നു.'-അഖിലേഷ് ട്വീറ്റ് ചെയ്തു.

Keywords:  News, National, National-News, Crime, Crime-News, Atiq Ahmed and his brother Ashraf shot dead in Prayagraj; CM Yogi orders high-level inquiry.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia