Cricket | സമനില പിടിക്കാൻ ഇന്ത്യ, പരമ്പര നേടാൻ ശ്രീലങ്ക: മൂന്നാം ഏകദിനം ബുധനാഴ്ച
ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ രാഹുലിനും ശ്രേയസ് അയ്യർക്കും മധ്യനിരയിൽ കാര്യമായ സംഭാവനയൊന്നും നൽകാൻ സാധിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയായി.
കൊളംബോ: (KVARTHA ) ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ബുധനാഴ്ച പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിൽ ഇന്ത്യ പിന്നിലാണ്.
മൂന്നാം ഏകദിനത്തിൽ വലിയ മാറ്റങ്ങളോടെ ഇന്ത്യ ഇറങ്ങുമെന്നാണ് സൂചന. ശിവം ദുബെ, കെ എൽ രാഹുൽ എന്നീ താരങ്ങളെ ഇത്തവണ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള സാധ്യതയുണ്ട്. ദുബെയ്ക്ക് പകരം റിയാൻ പരാഗും രാഹുലിന് പകരം റിഷഭ് പന്തും ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത.
രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ബാറ്റിംഗ് നിര നിരാശപ്പെടുത്തിയിരുന്നു. ശിവം ദുബെ, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. സ്പിന്നർമാർക്കെതിരെ മികച്ച റെക്കോർഡുള്ള ദുബെ രണ്ട് മത്സരങ്ങളിലും സ്പിന്നർമാർക്ക് മുന്നിൽ പുറത്തായി.
ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ രാഹുലിനും ശ്രേയസ് അയ്യർക്കും മധ്യനിരയിൽ കാര്യമായ സംഭാവനയൊന്നും നൽകാൻ സാധിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയായി.
ആദ്യ മത്സരം സമനിലയിൽ അവസാനിപ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക 32 റൺസിന് വിജയിച്ചിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം മത്സരം ജയിക്കേണ്ടത് ഇരു ടീമുകൾക്കും അത്യാവശ്യമാണ്. ശ്രീലങ്ക ജയിച്ചാൽ പരമ്പര അവർക്ക് സ്വന്തം, തോറ്റാൽ സമനില.