Cricket | ആശിഷ് നെഹ്റ ഗുജറാത്ത് ടൈറ്റൻസിന്‍റെ പരിശീലക സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന


പരിശീലക കുപ്പായമണിഞ്ഞ രണ്ടാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യന്മാരാക്കി
അഹ്‌മദാബാദ്: (KVARTHA) പരിശീലക കുപ്പായമണിഞ്ഞ രണ്ടാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യന്മാരാക്കിയ ആശിഷ് നെഹ്റ പരിശീലക സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. ഹാര്‍ദ്ദിക്കിന് കീഴില്‍ ആദ്യ സീസണിൽ ഫൈനൽ കളിക്കുകയും രണ്ടാം സീസണിൽ കപ്പുയർത്തുകയും ചെയ്ത നെഹ്റ പരിശീലക റോളിൽ തിളങ്ങി.
രാഹുല്‍ ദ്രാവിഡിന് പകരം ഇന്ത്യൻ ടീമിന്‍റെ പരിശീലകനായി നെഹ്റയുടെ പേരും ഉയർന്ന വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിൽ ഗില്ലിന്‍റെ നായകത്വത്തിൽ മോശം പ്രകടനമാണ് ഗുജറാത്ത് കാഴ്ചവെച്ചത്. 14 മത്സരങ്ങളില്‍ അഞ്ച് ജയംമാത്രം നേടിയ ഗുജറാത്ത് സീസണില്‍ എട്ടാം സ്ഥാനക്കാരായിരുന്നു. തുടർന്നാണ് നെഹ്റയെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
ശുഭ്മാന്‍ ഗില്ലിന്‍റെ മെന്‍റര്‍ കൂടിയായ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിനെയാണ് ഗുജറാത്ത് പരിശീലകനായി പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഗില്ലിന്‍റെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ യുവരാജ് സുപ്രധാന പങ്കുവഹിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് യുവരാജിനെ അടുത്ത സീസണിലേക്ക് മുഖ്യപരിശീലകനായി പരിഗണിക്കുന്നത്.
എന്നാല്‍ യുവരാജ് ഇതിനെ പറ്റി പ്രതികരിച്ചിട്ടില്ല. യുവരാജ് മുഖ്യ പരിശീലകനായാല്‍ അടുത്ത സീസണിലെ മെഗാ താരലേലത്തിൽ ഹൈദരാബാദിന്‍റെ സ്റ്റാർ ബാറ്റർ അഭിഷേക് ശര്‍മയെ ടീമിലെത്തിക്കാനും ഗുജറാത്ത് ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്.