ഗുരുതരമായ പൊള്ളലേറ്റതിനെ തുടർന്ന് കണ്ണൂർ ഗവർണമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ: (KVARTHA) ഇരിട്ടി കോളിക്കടവിൽ മദ്യപിച്ച് അയൽവാസികൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരനായ മുനീറി(32)നെയാണ് റിമാൻഡ് ചെയ്തത്.
കോളനിയിലെ താമസക്കാരനായ സുബാഷിൻറെ(36) ദേഹത്തേക്കാണ് ഇയാൾ ആസിഡ് ഒഴിച്ചത് എന്നാണ് പരാതി. സുബാഷിന്റെ മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പൊള്ളലേറ്റതിനെ തുടർന്ന് കണ്ണൂർ ഗവർണമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.
ആസിഡ് ആക്രമണ സമയത്ത് സമീപത്തുണ്ടായിരുന്ന മുനീറിന്റെ കുട്ടികൾ ഉൾപ്പെടെ കോളനിയിലെ താമസക്കാരായ ആര്യ (5), വിജേഷ് (12), ശിവകുമാർ (22), ജാനു (35), ശോഭ (45), സോമൻ (70) എന്നിവർക്കും പരിക്കേറ്റിട്ടുണ്ടെന്നും ഇവർക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയതായും പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നതനുസരിച്ച്, മുനീർ പല സ്ഥലങ്ങളിലും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവാഹം കഴിച്ച് കോളനിയിൽ താമസിച്ചുവരുന്നു. മദ്യപിച്ച നിലയിൽ വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഈ പശ്ചാത്തലത്തിൽ അയൽവാസികളുമായി നിരന്തരം തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു.
കരിക്കോട്ടക്കരി സി ഐ കെ ജെ വിനോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുനീറിനെ കഴിഞ്ഞ ദിവസം രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു. പിന്നീട് വധശ്രമ കുറ്റത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.