

കണ്ണൂർ: (KVARTHA) ജില്ലയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിൽ പുഴയിൽ വീണാണ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചത്. മയ്യിൽപാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21), ജോബിൻ ജിത്ത് (17), അഭിനവ് ( 21) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.
പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനത്തിനായാണ് വിദ്യാർത്ഥികൾ ഇവിടെ എത്തിയതെന്നാണ് വിവരം.
മയ്യിൽ പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി പൊലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
മഴ കനക്കുന്നതോടെ ജലാശയ അപകടങ്ങൾ വർധിക്കുമെന്നതിനാൽ ജാഗ്രത വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മൺസൂൺ മഴക്കാലത്താണ് നല്ലൊരു പങ്ക് മുങ്ങിമരണങ്ങളും നടക്കുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇരയാകുന്നവരിൽ നല്ലൊരു പങ്കും കുട്ടികളാണ്.
നീന്തൽ അറിയുന്നവർ പോലും ഇത്തരത്തിൽ അപകടത്തിൽപ്പെടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. മഴക്കാലത്ത് ജാഗ്രത പാലിക്കുന്നതിലൂടെയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടും മുങ്ങിമരണങ്ങൾ ഒഴിവാക്കാനാകും.