Heavy Rains | ചൂരല്‍മല-മുണ്ടക്കൈ മേഖലകളില്‍ കനത്ത മഴ; കണ്ണാടിപ്പുഴയ്ക്ക് കുറുകെ നിര്‍മിച്ച താല്‍കാലിക നടപ്പാലം തകര്‍ന്നു; ഒഴുക്കില്‍പ്പെട്ട പശുവിനെ സാഹസികമായി രക്ഷപ്പെടുത്തി
കല്‍പറ്റ: (KVARTHA) ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല-മുണ്ടക്കൈ മേഖലകളില്‍ കനത്ത മഴ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് ഇവിടെ മഴ കനത്തത്. മഴയിലും കുത്തൊഴുക്കിലും പെട്ട് ഉരുള്‍പൊട്ടലിനുശേഷം, ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കാനായി കണ്ണാടിപ്പുഴയ്ക്ക് കുറുകെ നിര്‍മിച്ച താല്‍കാലിക നടപ്പാലം തകര്‍ന്നു. പുഴയില്‍ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണുള്ളത്.
മുണ്ടക്കൈ ഭാഗത്ത് കണ്ണാടിപ്പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ട പശുവിനെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടല്‍ മേഖലയിലുണ്ടായിരുന്ന അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരാണ് പശുവിനെ പുഴയില്‍നിന്ന് കരയിലേക്ക് എത്തിച്ചത്.
ബെയ്‌ലി പാലത്തിന് അപ്പുറം മുണ്ടക്കൈ ഭാഗത്ത് നിരവധി കന്നുകാലികള്‍ മേയുന്നുണ്ടായിരുന്നു. പുഴയിലൂടെ മറുകരയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് കരുതുന്നത്. ശക്തമായ കുത്തൊഴുക്കിനെ വകവെക്കാതെ പുഴയില്‍ ഇറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ വടം ഉപയോഗിച്ച് കെട്ടിയാണ് പശുവിനെ കരയ്ക്കുകയറ്റിയത്.
തകര്‍ന്ന നടപ്പാലത്തിന്റെ ഇരുമ്പു ഭാഗങ്ങളിലാണ് ആദ്യം വടം ഉപയോഗിച്ച് പശുവിനെ കെട്ടിയത്. പിന്നീട് കൂടുതല്‍ അംഗങ്ങളെത്തി നടത്തിയ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പശുവിനെ രക്ഷിക്കാനായത്. അവശനിലയിലായ പശുവിന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. മൃഗഡോക്ടറെ ഇവിടേക്ക് എത്തിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശക്തമായ മഴ പെയ്യുന്നതിനാല്‍ ബെയ്ലി പാലം അടച്ചു. ഉച്ചവരെ ചൂരല്‍മലയിലും മുണ്ടക്കൈയിലും വെയിലായിരുന്നു. ഉച്ചകഴിഞ്ഞാണ് അതിശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ടായത്. ബെയ്ലി പാലത്തിന് സമാന്തരമായാണ് ആളുകള്‍ക്ക് നടന്നുപോകാന്‍ സാധിക്കുന്ന തരത്തില്‍ സൈന്യം ചെറിയൊരു പാലം കൂടി നിര്‍മിച്ചത്. ഈ പാലമാണ് ശക്തമായ കുത്തൊഴുക്കില്‍ തകര്‍ന്നത്.
ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം എത്തി. ദുരന്തപ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതുസംബന്ധിച്ചു റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറും. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്നും ഇവര്‍ ശുപാര്‍ശ ചെയ്യും. ഇതനുസരിച്ചായിരിക്കും അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനവും ആള്‍ത്താമസവും മറ്റും തീരുമാനിക്കുക.
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ചാലിയാര്‍ തീരത്തെ ഇന്നത്തെ ജനകീയ തിരച്ചില്‍ അവസാനിച്ചു. അഞ്ചിടങ്ങളിലായി വിശദമായ തിരച്ചിലാണു നടന്നത്. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഒരു സംഘത്തിന്റെ തിരച്ചില്‍. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് തിരച്ചില്‍ നടത്തിയത്.
ഇനിയും 130 മൃതദേഹങ്ങളാണ് കണ്ടെത്താനുള്ളത്. വനമേഖലയായ പാണന്‍കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചില്‍ നടത്തി.#KeralaFloods #KeralaLandslide #IndiaDisaster #RescueOperations #ClimateCrisis