Suresh Gopi | 'കേന്ദ്ര മന്ത്രി എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ഗുരുത്വം നിര്‍വഹിക്കാനാണ് ഇവിടെ എത്തിയത്'; കെ കരുണാകരന്‍ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ചന നടത്തി സുരേഷ് ഗോപി 

 
Thrissur: Suresh Gopi paid tribute at Karunakaran's memorial, Murali Mandir, Padmaja Venugopal, BJP, Leaders 
Thrissur: Suresh Gopi paid tribute at Karunakaran's memorial, Murali Mandir, Padmaja Venugopal, BJP, Leaders 


മുരളീധരനോ പത്മജക്കോ തടയാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി.

'കെ റെയില്‍ വേണ്ട, അത് ജനദ്രോഹം'.

'ശാരദ ടീചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മ'.

തൃശ്ശൂര്‍: (KVARTHA) മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാര്‍ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശനിയാഴ്ച (15.06.2024) രാവിലെ, കരുണാകരന്റെ വസതിയായിരുന്ന തൃശ്ശൂരിലെ 'മുരളീ മന്ദിര'ത്തിലെത്തിയാണ് പുഷ്പാര്‍ചന നടത്തിയത്. 
കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ചന നടത്തി.

കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍ സ്വീകരിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ ഉള്‍പെടെയുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു. മുരളീമന്ദിരം സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

കേന്ദ്ര മന്ത്രി എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ഗുരുത്വം നിര്‍വഹിക്കാനാണ് മുരളീ മന്ദിരത്തില്‍ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ് കരുണാകരന്‍. ശാരദ ടീചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്ദിരാ ഗാന്ധിയെയും സുരേഷ് ഗോപി പുകഴ്ത്തി. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയെ ദീപസ്തംഭം എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി, ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്ന്  പറഞ്ഞു. ധീരനായ ഭരണകര്‍ത്താവ് എന്ന നിലയില്‍ കരുണാകരനോട് ആരാധനയുണ്ട്. 

2019ല്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയായ സമയത്ത് തന്നെ മുരളീ മന്ദിരത്തില്‍ വന്നോട്ടെയെന്ന് പത്മജയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ അന്നത് പാടില്ലെന്നാണ് പത്മജ പറഞ്ഞത്. തന്റെ പാര്‍ടിക്കാരോട് എന്ത് പറയും എന്നാണ് പത്മജ ചോദിച്ചത്. അന്ന് താനത് മാനിച്ചു. ഇന്ന് കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്ന് കൊണ്ടാണ് ഇവിടെ എത്തിയത്. അത് കെ മുരളീധരനോ മറ്റാര്‍ക്കെങ്കിലുമോ തടയാന്‍ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 

കെ റെയില്‍ വേണ്ടെന്നും അത് ജനദ്രോഹമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വികസനത്തില്‍ പ്രാദേശികവാദം അനുവദിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കഴിഞ്ഞദിവസം മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ വീടും സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia