Safety Concerns | തിരുവനന്തപുരത്ത് ജീവനക്കാരും രോഗികളും വീണ്ടും ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങി
തിരുവനന്തപുരം: (KVARTHA) വര്‍ക്കല താലൂക്ക് ആശുപത്രിയിലെ (Varkala Taluk Hospital, Thiruvananthapuram) പുതിയ കെട്ടിടത്തിലെ ലിഫ്റ്റ് (lift) തകരാറിലായതിനാല്‍ ജീവനക്കാരും രോഗികളും കുടുങ്ങി. ലിഫ്റ്റ് ഓവര്‍ലോഡ് (overload) ആയതാണ് അപകടത്തിന് കാരണം. അരമണിക്കൂറിലേറെ സമയം ലിഫ്റ്റിനകത്ത കുടുങ്ങിയവരെ ഒടുവില്‍ ലിഫ്റ്റിന്റെ ഡോര്‍ വലിച്ചിളക്കിയാണ് പുറത്തെടുത്തത്.
ഇതിന് തൊട്ടു മുമ്പ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ (Medical College Hospital, Thiruvananthapuram) ലിഫ്റ്റിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സയ്ക്ക് എത്തിയ തിരുമല സ്വദേശി രവീന്ദ്രനാണ് രണ്ട് ദിവസം ലിഫ്റ്റില്‍ കുടുങ്ങിയത്. ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാന്‍ പോകുന്നതിനിടയിലാണ് 11 ആം നമ്പര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്.
പിന്നീട് ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു. അത്യാഹിത വിഭാഗത്തില്‍ നിന്നും സി ടി സ്‌കാനിലേക്ക് പോകാനായി ലിഫ്റ്റില്‍ കയറിയ ഇരുവരും ഉളളില്‍ നിന്നും തുറക്കാന്‍ കഴിയാതെ 10 മിനിറ്റോളം കുടുങ്ങുകയായിരുന്നു.
ലിഫ്റ്റ് തകരാറുകള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ആശുപത്രിയിലെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നിരിക്കുകയാണ്. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചതെങ്കിലും, അടിസ്ഥാന സൗകര്യങ്ങളില്‍ ഇത്തരം പിഴവുകള്‍ ഉണ്ടാകുന്നത് വളരെ ഗുരുതരമാണ്.