Muslim Youths | പെരുന്നാളിന് വസ്ത്രമെടുക്കാന്‍ പോകുന്നതിനിടെ ക്ഷേത്രത്തില്‍ തീപ്പിടിച്ചപ്പോള്‍ അണയ്ക്കാന്‍ ഓടിയെത്തി; മാതൃകയായി മലപ്പുറത്തെ മുസ്ലിം യുവാക്കള്‍


യുവാക്കള്‍ ഒരുമിച്ചുനിന്ന് പ്രവര്‍ത്തിച്ചുവെന്ന് പൂജാരി.
'വഴിയേ പോകുന്ന ചിലര്‍ നോക്കി നിന്നു'.
കുഴപ്പമൊന്നുമില്ല കയറിക്കോ എന്ന് പൂജാരി പറഞ്ഞതോടെ ഒന്നും നോക്കിയില്ലെന്ന് യുവാക്കള്‍.
മലപ്പുറം: (KVARTHA) തീപ്പിടിച്ചപ്പോള്‍ അത് അമ്പലമെന്നോ, പള്ളിയെന്നോ നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി നാടിന് അഭിമാനമായിരിക്കുകയാണ് മൂന്നംഗ മുസ്ലിം യുവാക്കള്‍. തിരൂരിലാണ് 'യഥാര്‍ഥ കേരള സ്റ്റോറി' മാതൃകയില്‍ ഒരു സംഭവം നടന്നിരിക്കുന്നത്. മുഹമ്മദ് നൗഫല്‍ മുഹമ്മദ് ബാസല്‍, റസല്‍ എന്നീ യുവാക്കളാണ് വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് തീപ്പിടിച്ചപ്പോള്‍ ജാതിയും മതവും നോക്കാതെ സഹായിക്കാനായി എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി യുവാക്കള്‍ പെരുന്നാളിന് വസ്ത്രമെടുക്കാന്‍ പോകുമ്പോഴാണ് ക്ഷേത്രത്തിന്റെ മേല്‍ക്കൂരക്ക് തീപ്പിടിച്ച് പുക ഉയരുന്നത് കണ്ടത്. പൂജാരി തീയണക്കാന്‍ സഹായം തേടിയതോടെ, മൂവരും ഓടി വരികയായിരുന്നു.
ക്ഷേത്രത്തില്‍ തീപ്പിടിക്കുന്നത് കണ്ട് സഹായിക്കണമെന്ന് തോന്നി. എന്നാല്‍ അമ്പലത്തിലേക്ക് കയറാന്‍ പറ്റുമോ, പ്രശ്‌നമൊന്നുമുണ്ടാവില്ലല്ലോന്ന് പൂജാരിയോടും അവിടെയുണ്ടായിരുന്ന പ്രദേശവാസികളോടും ചോദിച്ചു. കുഴപ്പമൊന്നുമില്ല കയറിക്കോയെന്ന് പൂജാരി പറഞ്ഞതോടെ ഒന്നും നോക്കിയില്ലെന്നും എല്ലാവരും ഒരുമിച്ച് നിന്ന് തീയണയ്ക്കുകയായിരുന്നുവെന്നും യുവാക്കള്‍ പറഞ്ഞു. മനസ്സില്‍ എല്ലാവരും മനുഷ്യരാണെന്ന ചിന്ത മാത്രം ഉണ്ടായാല്‍ മതിയെന്നും സഹായിക്കുന്നതില്‍ എന്ത് ജാതിയും മതവുമെന്നുമാണ് യുവാക്കളുടെ പ്രതികരണം.
അഗ്നിബാധയ്ക്കിടെ വഴിയില്‍ കൂടി കുറേപ്പേര്‍ ബൈകില്‍ ഇരുഭാഗത്തേക്കും പോകുന്നുണ്ടായിരുന്നു, എന്നാല്‍ അവരാരും തിരിഞ്ഞ് നോക്കിയിട്ട് പോയതല്ലാതെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ലെന്നും ഈ യുവാക്കളാണ് ഞങ്ങളെന്താ ചെയ്യേണ്ടതെന്ന് ചോദിച്ച് മുന്നോട്ടു വന്നതെന്നും വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പൂജാരി പറഞ്ഞു.