CPM Meeting | പി ജയരാജനെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി യോഗം തുടങ്ങി, മാധ്യമങ്ങളോട് പ്രതികരിക്കാതെ പിജെ

 
CPM Kannur district secretariate meeting started; PJayarajan did not respond to the media, CPM, Kannur, District Secretariate Meeting


ജില്ലാ കമിറ്റി യോഗവും അടുത്ത ദിവസം ചേരും. 

പി ജയരാജനെ പിന്‍തുണയ്ക്കുന്നവര്‍ ജില്ലാ നേതൃത്വത്തില്‍ വളരെ കുറവ്.

കണ്ണൂര്‍: (KVARTHA) തനിക്കെതിരെ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രടറിയും പാര്‍ടി സംസ്ഥാന കമിറ്റിയംഗവുമായ പി ജയരാജന്‍. ആരോപണങ്ങളുടെ പെരുമഴ നനഞ്ഞ് കണ്ണൂരിലെ പാര്‍ടി അണികളുടെ ചെന്താരകമായ പി ജയരാജന്‍ തനിക്കെതിരെയുള്ള വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തി. 

കനത്ത മഴയില്‍ സഹായി ചൂടിച്ച കുടയുടെ സഹായത്തോടെ കണ്ണൂര്‍ പാറക്കണ്ടിയിലെ പാര്‍ടി കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫീസായ അഴിക്കോടന്‍ മന്ദിരത്തില്‍ ശനിയാഴ്ച (29.06.2024) രാവിലെ 10 മണിയോടെയെത്തിയത്. റോഡിനപ്പുറം നിര്‍ത്തിയിട്ട ഖാദി ബോര്‍ഡിന്റെ വാഹനമായ കറുത്ത ഇനോവ ക്രിസ്റ്റയിലെത്തിയ പി ജയരാജന്‍ അംഗരക്ഷകനായ സഹായി ചൂടിച്ച കുടയുടെ തണലില്‍, മന്ദം റോഡ് മുറിച്ച് കടന്നാണ് പാര്‍ടി ഓഫീസിന്റെ കവാടത്തിലെത്തിയത്. വന്‍ മാധ്യമപ്പട തന്നെ അവിടെ പി ജയരാജന്റെ പ്രതികരണത്തിനായി കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റ് യോഗം അടിയന്തരമായി വിളിച്ച് ചേര്‍ത്തത്. സ്വര്‍ണക്കടത്ത് -ക്വടേഷന്‍ സംഘങ്ങളായ ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി തുടങ്ങിയവരുമായി പി ജയരാജനും മകന്‍ ജയിന്‍ രാജിനും ബന്ധമുണ്ടെന്ന ആരോപണം ചര്‍ച്ച ചെയ്യുന്നതിനാണ് അടിയന്തിര ജില്ലാ സെക്രടറിയേറ്റ് യോഗം വിളിച്ച് ചേര്‍ത്തതെന്നാണ് പാര്‍ടിക്കുള്ളില്‍ നിന്നും ലഭിക്കുന്ന വിവരം.

ഇതുകഴിഞ്ഞ് കണ്ണൂര്‍ ജില്ലാ കമിറ്റി യോഗവും അടുത്ത ദിവസം ചേരും. ശനിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം തുടങ്ങിയത്. സംസ്ഥാന കമിറ്റിയംഗമായ പി ജയരാജന്‍ ഉള്‍പെടെയുള്ള ഫുള്‍ കോറമാണ് സെക്രടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ വിവാദങ്ങളില്‍ വ്യക്ത വരുത്തുന്നതിനായി പി ജയരാജന്‍ തന്നെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് ഒന്നും പ്രതികരിച്ചിട്ടില്ല. തനിക്ക് ഒന്നും പറയാനില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി അകത്തേക്ക് കയറി പോവുകയായിരുന്നു. ശനിയാഴ്ച രാത്രി വരെ ജില്ലാ സെക്രടറിയേറ്റ് യോഗം നടക്കുമെന്നാണ് വിവരം. 

തിരഞ്ഞെടുപ്പ് അവലോകന സമ്മേളനങ്ങള്‍ നടക്കുന്നതിനിടെയാണ് മനു തോമസ് ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം അടിയന്തര ജില്ലാ സെക്രടറിയേറ്റ് യോഗം വിളിച്ചു ചേര്‍ത്തത്. പി ജയരാജനും കുടുംബത്തിനുമെതിരെ സ്വര്‍ണ കടത്ത് ക്വടേഷന്‍ സംഘവുമായി ബന്ധപ്പെടുത്തി ആരോപണങ്ങള്‍ പാര്‍ടിയില്‍നിന്നും ഒഴിവായ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ഉയര്‍ത്തുന്നത് സിപിഎമ്മിന് ക്ഷീണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈക്കാര്യത്തില്‍ എടുത്തു ചാടി പ്രതികരിക്കാതെ കരുതലോടെ നീങ്ങാനാണ് പാര്‍ടി കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. 

വിവാദങ്ങള്‍, തെറ്റുതിരുത്തല്‍ രേഖയുടെ ഭാഗമായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പാര്‍ടിക്കുള്ളില്‍ നിന്നും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കണ്ണൂര്‍ ജില്ലാ നേതൃയോഗം ചേരുന്നത്. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രടറി കൂടിയായ പി ജയരാജനെ പിന്‍തുണയ്ക്കുന്നവര്‍ ജില്ലാ നേതൃത്വത്തില്‍ വളരെ കുറവാണ്. ജില്ലാ സെക്രടറിയേറ്റ് യോഗത്തില്‍ നിന്നുയരുന്ന വിമര്‍ശനങ്ങള്‍ പി ജയരാജന്റെ പാര്‍ടിയിലെ മുന്‍പോട്ട് പോക്കിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia