Injury | അങ്കണവാടി കെട്ടിടത്തില്‍ നിന്നും വീണ് പരുക്കേറ്റ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്


20 അടിയോളം ഉയരമുള്ള കെട്ടിടത്തില്‍ നിന്നുമാണ് നാലുവയസുകാരി വീണത്
മുകളിലത്തെ നിലയില്‍ ഓടിക്കളിക്കുന്നതിനിടെ താഴേക്ക് തെന്നി വീഴുകയായിരുന്നു
ഇടുക്കി: (KVARTHA) അടിമാലി കല്ലാറിലെ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് പരുക്കേറ്റ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
അങ്കണവാടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നടന്നത്. 20 അടിയോളം ഉയരമുള്ള കെട്ടിടത്തില്‍ നിന്നുമാണ് നാലുവയസുകാരി വീണത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നിലവില്‍ കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്റോ- അനീഷ ദമ്പതികളുടെ മകള്‍ മെറീന ആണ് ചികിത്സയിലുള്ളത്. കുട്ടിയെ രക്ഷിക്കാന്‍ താഴേക്ക് ചാടിയ അങ്കണവാടി അധ്യാപികക്കും പരുക്കേറ്റിട്ടുണ്ട്. അങ്കണവാടി പ്രവര്‍ത്തിക്കുന്നത് രണ്ടാം നിലയിലാണ്. 2018ലെ പ്രളയത്തില്‍ കെട്ടിടത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് അങ്കണവാടി മുകളിലേക്ക് മാറ്റുന്നത്.
താഴത്തെ നിലയിലാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. മുകളിലത്തെ നിലയില്‍ ഓടിക്കളിക്കുന്നതിനിടെയാണ് കുട്ടി താഴേക്ക് തെന്നി വീണത്. കുട്ടി വീഴുന്നത് കണ്ട അധ്യാപികയും പിന്നാലെ എടുത്തു ചാടുകയായിരുന്നു. അധ്യാപികയ്ക്കും പരുക്കേറ്റിട്ടുണ്ട്. വളരെ അപകടകരമായ രീതിയിലാണ് കെട്ടിടത്തിന്റെ കൈവരികള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതീവ ശ്രദ്ധ വേണ്ട സ്ഥലത്ത് ഗുരുതര പാളിച്ച സംഭവിച്ചുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്.