Controversy | ജസ്റ്റിസ് ഹേമ കമിറ്റി റിപോര്‍ട് പുറത്തു വിടണം; അത് സര്‍കാരിന്റെ ഉത്തരവാദിത്തം; സിനിമാ മേഖലയിലുള്ള സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ പറ്റുമെന്നും വനിത കമിഷന്‍ അധ്യക്ഷ
 

 
Justice Hema Committee, Malayalam film industry, women's safety, report release, controversy, legal challenges

Photo Credit: Adv P Satheedevi

സിനിമാ മേഖലയില്‍ ആത്മാഭിമാനത്തോടെ ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സ്ത്രീകള്‍ക്ക് ഉണ്ടാക്കാന്‍ ഈ വിധി സഹായമാകും
 

കൊച്ചി: (KVARTHA) ജസ്റ്റിസ് ഹേമ കമിറ്റി റിപോര്‍ട് പുറത്തു വിടണമെന്ന് അഭ്യര്‍ഥിച്ച് വനിതാ കമിഷന്‍ അധ്യക്ഷ പി സതീദേവി. റിപോര്‍ട് പുറത്തുവരുന്നതോടെ സിനിമാ മേഖലയിലുള്ള സ്ത്രീകള്‍ക്കു സുരക്ഷിതമായി ജോലി ചെയ്യാന്‍ പറ്റുമെന്നും സര്‍കാരിന്റെ ഉത്തരവാദിത്തമാണ് റിപോര്‍ട് പുറത്തുവിടുക എന്നതെന്നും സതീദേവി പറഞ്ഞു. 


'എന്തെല്ലാം പ്രശ്‌നങ്ങളാണ് കമിഷന്‍ കണ്ടെത്തിയത്, എന്താണ് ആ റിപോര്‍ടിലുള്ളത് എന്ന് പറയാന്‍ സര്‍കാരിന് ഉത്തരവാദിത്തമുണ്ട്. അതിന് തയാറാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയും പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ സ്വകാര്യത മാനിച്ചു കൊണ്ട് റിപോര്‍ട് പുറത്തു വിടണമെന്നാണു വനിതാ കമിഷന്റെ ആഗ്രഹം. 

സിനിമാ മേഖലയില്‍ ആത്മാഭിമാനത്തോടെ ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സ്ത്രീകള്‍ക്ക് ഉണ്ടാക്കാന്‍ ഈ വിധി സഹായമാകുമെന്നു കരുതുന്നു. മറ്റൊരാളുടെയും സ്വകാര്യതയ്ക്കു ഭംഗം വരുത്താതെ ഈ റിപോര്‍ട് പുറത്തു വിടണമെന്നാണ് വനിതാ കമീഷന്റെ അഭിപ്രായം' എന്നും പി സതീദേവി പറഞ്ഞു.


ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമിറ്റിയുടെ റിപോര്‍ട് പുറത്തുവിടാമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കമിഷന്‍ അധ്യക്ഷ. റിപോര്‍ട് പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവായ സജിമോന്‍ പറയില്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. 

റിപോര്‍ട് പുറത്തുവിടാനുള്ള കാലാവധി ഒരാഴ്ച കൂടി നീട്ടുകയും ചെയ്തു. റിപോര്‍ടിലെ വിവരങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മൊഴി നല്‍കിയവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കൊച്ചി സ്വദേശിയായ സിനിമ നിര്‍മാതാവ് സജിമോന്‍ പറയില്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് കെ ഹേമ കമിറ്റിയെ നിയമിച്ചത്.


2019ലാണ് കമിറ്റി സര്‍കാരിനു റിപോര്‍ട് സമര്‍പ്പിച്ചത്. റിപോര്‍ടിലെ വിവരങ്ങള്‍ അഞ്ച് വര്‍ഷത്തിനു ശേഷം ജൂലൈ 24ന് പുറത്തുവിടുമെന്നാണ് നേരത്തേ സര്‍കാര്‍ അറിയിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാന്‍ സഹായിക്കുന്നവയുമായ ഭാഗങ്ങള്‍ സംസ്ഥാന വിവരാവകാശ കമിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് അന്ന് റിപോര്‍ട് പ്രസിദ്ധീകരിക്കാനിരുന്നത്. പിന്നാലെയാണ് സജിമോന്‍ റിപോര്‍ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia