Cancer Treatment | കാരുണ്യ സ്പർശം: കാൻസർ ചികിത്സയിൽ ചരിത്ര മുന്നേറ്റം; മൂന്നര മാസത്തിനുള്ളിൽ 2 കോടി രൂപയുടെ മരുന്ന് വിതരണം
● 1.34 കോടി രൂപയുടെ മരുന്നുകൾ കാരുണ്യ സ്പർശം കൗണ്ടറുകൾ വഴി കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്തു.
● കഴിഞ്ഞ ഓഗസ്റ്റ് 29-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
● 40,000 രൂപ വില വരുന്ന മരുന്നുകൾ പോലും 6,000 രൂപയ്ക്ക് ഇവിടെ നിന്ന് ലഭിക്കുന്നു.
തിരുവനന്തപുരം: (KVARTHA) സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'കാരുണ്യ സ്പർശം - സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്‌സ്' പദ്ധതി വൻ വിജയത്തിലേക്ക്. പദ്ധതി ആരംഭിച്ച് മൂന്നര മാസത്തിനുള്ളിൽ 2.01 കോടി രൂപയുടെ കാൻസർ മരുന്നുകളാണ് വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ 1.34 കോടി രൂപയുടെ മരുന്നുകൾ കാരുണ്യ സ്പർശം കൗണ്ടറുകൾ വഴി കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്തു. തികച്ചും ലാഭരഹിതമായാണ് ഇവിടെ മരുന്നുകൾ നൽകുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 29-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി പേർക്ക് ഈ പദ്ധതി സഹായകമായെന്നും മന്ത്രി വ്യക്തമാക്കി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കാരുണ്യ ഫാർമസികളിലെ പ്രത്യേക കൗണ്ടർ വഴിയാണ് കാൻസർ മരുന്നുകൾ വിതരണം ചെയ്യുന്നത്. വിലകൂടിയ കാൻസർ മരുന്നുകൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചത്. 40,000 രൂപ വില വരുന്ന മരുന്നുകൾ പോലും 6,000 രൂപയ്ക്ക് ഇവിടെ നിന്ന് ലഭിക്കുന്നു.
മിക്ക കാൻസർ മരുന്നുകളും ലാഭമില്ലാതെയാണ് വിതരണം ചെയ്യുന്നത്. തുടക്കത്തിൽ 247 ബ്രാൻഡഡ് ഓങ്കോളജി മരുന്നുകളാണ് ലഭ്യമായിരുന്നത്. ഇപ്പോൾ ഇത് 252 ആയി ഉയർത്തി. കാരുണ്യ സ്പർശം കൗണ്ടറുകളിൽ പ്രത്യേക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളുണ്ട്. വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000-ത്തോളം മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് കാരുണ്യ ഫാർമസികൾ വഴി ലഭ്യമാണ്. ഇതിനു പുറമേയാണ് കാൻസർ മരുന്നുകൾ പൂർണമായും ലാഭമില്ലാതെ നൽകുന്നത്.
ആദ്യഘട്ടത്തിൽ എല്ലാ ജില്ലയിലെയും തിരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലെ കാരുണ്യ സ്പർശം കൗണ്ടറുകൾ വഴിയാണ് ഉയർന്ന വിലയുള്ള കാൻസർ മരുന്നുകൾ ലഭ്യമാക്കിയിട്ടുള്ളത്. കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
മരുന്നുകൾ ലഭിക്കുന്ന കാരുണ്യ ഫാർമസികൾ:
തിരുവനന്തപുരം മെഡിക്കൽ കോളേജ്
ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി
പത്തനംതിട്ട ജനറൽ ആശുപത്രി
ആലപ്പുഴ മെഡിക്കൽ കോളേജ്
കോട്ടയം മെഡിക്കൽ കോളേജ്
ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
എറണാകുളം മെഡിക്കൽ കോളേജ്
തൃശൂർ മെഡിക്കൽ കോളേജ്
പാലക്കാട് ജില്ലാ ആശുപത്രി
മലപ്പുറം തിരൂർ ജില്ലാ ആശുപത്രി
കോഴിക്കോട് മെഡിക്കൽ കോളേജ്
മാനന്തവാടി ജില്ലാ ആശുപത്രി
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്
കാസർഗോഡ് ജനറൽ ആശുപത്രി
#CharityTouch, #CancerTreatment, #KeralaHealthcare, #ZeroProfit, #AntiCancerDrugs, #GovernmentInitiative