നാലരപതിറ്റാണ്ടുകളായി ആളുകളെ 'മയക്കി കിടത്തിയ' ഡോ. ഗോപാലകൃഷ്ണന് ആദരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.11.2018) നാലര പതിറ്റാണ്ട് പിന്നിട്ട മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രമുഖ അനസ്‌തേഷ്യാ ഡോക്ടറായ ഡോ. ഗോപാലകൃഷ്ണന് വിവിധ വകുപ്പു മേധാവികളുടെ ആദരം. ഏറ്റവും കൂടുതല്‍ കാലം അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ. അബ്ദുല്‍ റഷീദ്, അനസ്‌തേഷ്യാ വിഭാഗം മേധാവി ഡോ. മധുസൂദനന്‍ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് ഡോ. ഗോപാലകൃഷ്ണനെ ആദരിച്ചത്.

ശസ്ത്രക്രിയയ്ക്കായി രോഗികളെ മയക്കുന്നതിന് ആദ്യം ഉപയോഗിച്ച ചിരിപ്പിക്കുന്ന വാതകം അഥവാ നൈട്രസ് ഓക്‌സൈഡ് മുതല്‍ കാലാന്തരത്തില്‍ മാറ്റം വന്ന പല മരുന്നുകള്‍ക്കുമപ്പുറം നിലവില്‍ ഉപയോഗിച്ചുവരുന്ന ഐസോഫല്‍റൈന്‍ വരെ ഉപയോഗിക്കാനുള്ള നിയോഗം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. 73 വയസ് പിന്നിട്ട ഡോ. ഗോപാലകൃഷ്ണന്‍ നാലരപതിറ്റാണ്ടുകാലത്തിനിടെ പതിനായിരക്കണക്കിന് രോഗികളെ മയക്കിയിട്ടുണ്ട്. ഇന്നും അദ്ദേഹം തന്റെ ജോലിയില്‍ വ്യാപൃതനാണ്. ഡോ. ഗോപാലകൃഷ്ണന്‍ പകരുന്ന ഊര്‍ജ്ജം ഏതൊരു രോഗിയെയും ശസ്ത്രക്രിയയ്ക്കു തൊട്ടുമുമ്പ് ധൈര്യശാലിയാക്കുമെന്നതും വസ്തുതയാണ്.

ബി എസ് സി സുവോളജി ബിരുദധാരിയായ അദ്ദേഹം ചെമ്പഴന്തി എസ് എന്‍ കോളജില്‍ ഒരുവര്‍ഷം അധ്യാപകനായി ജോലി ചെയ്ത ശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 1965ല്‍ എം ബി ബി എസ് പഠനത്തിനുചേര്‍ന്നത്. ഡിപ്ലോമാ ഇന്‍ അനസ്‌തേഷ്യ, എം ഡി കോഴ്‌സുകള്‍ക്കു ശേഷം തുടര്‍ന്ന് 1973ല്‍ അനസ്‌തേഷ്യാ ട്യൂട്ടറായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ ജോലിക്കുകയറി. 1998ല്‍ അസോസിയേറ്റ് പ്രൊഫസറായാണ് അദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ചത്. തുടര്‍ന്ന് മൂന്നുവര്‍ഷം ആര്‍ സി സിയില്‍ കണ്‍സള്‍ട്ടന്റ് ആയി ജോലിചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവും ജോലിയോടുള്ള ആത്മാര്‍ത്ഥതയുടെയും മികവില്‍ 2001 മുതല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി.

തന്റെ സേവനകാലയളവില്‍ ഭൂരിഭാഗവും ഡോ. ഗോപാലകൃഷ്ണന്‍ കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗത്തിലാണ് ജോലി ചെയ്തത്. ഈ ചികിത്സാ വിഭാഗം ആരംഭിച്ച ഡോ. പി കെ ആര്‍ വാര്യരുടെ കാലം മുതല്‍ എട്ടാമത്തെയും നിലവിലുള്ള വകുപ്പുമേധാവിയായ ഡോ. അബ്ദുല്‍ റഷീദിനോടൊപ്പവും അദ്ദേഹം ജോലി ചെയ്യുകയാണ്. ഡോ. ഗോപാലകൃഷ്ണന്റെ പരിചയസമ്പന്നതയെയും അര്‍പ്പണബോധത്തെയും കുറിച്ച് ചോദിച്ചാല്‍ ഡോ. അബ്ദുല്‍ റഷീറും മറ്റു ഡോക്ടര്‍മാരും അക്കമിട്ടുനിരത്തും. ഏവര്‍ക്കും പ്രിയങ്കരനായ അദ്ദേഹത്തിനും മെഡിക്കല്‍ കോളജ് ആശുപത്രി എന്നും ഗൃഹാതുരത്വം പകരുന്ന അനുഭവമാണ്. രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പുണ്ടാകുന്ന ഭയപ്പാടിനെ തന്റെ ആശ്വാസവചനങ്ങള്‍ കൊണ്ട് അലിയിച്ചുകളയുന്ന ഡോക്ടര്‍ സാധാരണക്കാര്‍ക്കും പ്രിയങ്കരനാണ്.

നിരവധി രോഗികള്‍ക്ക് അനസ്‌തേഷ്യ നല്‍കി മയക്കിയ ഡോക്ടറും ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. ആ സാഹചര്യത്തില്‍ അനസ്‌തേഷ്യയുടെ മയക്കം നേരിട്ടനുഭവിച്ച ഡോ. ഗോപാലകൃഷ്ണന്‍ തന്റെ അനുഭവത്തെപ്പറ്റി നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ് എന്ന ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സഹജീവികളോടുള്ള തന്റെ സ്‌നേഹവായ്പ് പലതവണ പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം ഇക്കഴിഞ്ഞ പ്രളയകാലത്ത് തനിക്ക് കിട്ടിയ ശമ്പളം ആരുടെയും പ്രേരണ കൂടാതെ ഒരു ചില്ലിക്കാശു പോലുമെടുക്കാതെ തൊട്ടടുത്തദിവസം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി അത് പ്രകടമാക്കുകയും ചെയ്തു. ഡോ. ഗോപാലകൃഷ്ണന്റെ 'മയക്കുവിദ്യ'യില്‍ ആരും മയങ്ങിപ്പോകുമെന്നത് തമാശയല്ല, മറിച്ച് അതൊരു യാഥാര്‍ത്ഥ്യം കൂടിയാണ്.

നാലരപതിറ്റാണ്ടുകളായി ആളുകളെ 'മയക്കി കിടത്തിയ' ഡോ. ഗോപാലകൃഷ്ണന് ആദരം

Keywords:  Kerala, Thiruvananthapuram, Doctor, News, hospital,  Dr. Gopalakrishnan honored 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia