Box Office | നാലാം വാരവും കടന്ന് 'വാഴ'; ബോക്സ് ഓഫീസ് വിവരം പുറത്ത്
ഓഗസ്റ്റ് 15 ന് റിലീസ് ചെയ്ത വാഴ, നാലാം വാരത്തിലും തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടക്കമാണ് നേടുന്നത്.
കൊച്ചി: (KVARTHA) നാലാം വാരവും കടന്ന് 'വാഴ' മുന്നോട്ട്. സോഷ്യൽ മീഡിയ താരങ്ങളുടെ അരങ്ങേറ്റ ചിത്രമായി തിളങ്ങുന്ന വാഴ, മൂന്നാഴ്ച കൊണ്ട് 28 കോടി രൂപ കേരളത്തിൽ നിന്ന് മാത്രം നേടിയിരിക്കുന്നു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റുകളിലും ചിത്രം നേടിയ വരുമാനം കൂട്ടിയാൽ, ആഗോള ബോക്സ് ഓഫീസിൽ വാഴ 40 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
താരതമ്യേന ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചതിലും അധികമാണ്. സിജു സണ്ണി, സാഫ് ബോയ് തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളുടെ അഭിനയം പ്രേക്ഷകർ ഏറ്റെടുത്തതാണ് ചിത്രത്തിന്റെ വിജയത്തിന് കാരണം. വിപിൻ ദാസ് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ആനന്ദ് മേനനാണ്.
ഓഗസ്റ്റ് 15 ന് റിലീസ് ചെയ്ത വാഴ, നാലാം വാരത്തിലും തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടക്കമാണ് നേടുന്നത്.
അതേസമയം തിയേറ്ററുകളിൽ ശ്രദ്ധേയമായ വിജയം നേടിയ 'വാഴ' സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ഹാഷിർ, അലൻ, അജിൻ ജോയ്, വിനായക് തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങൾ അടങ്ങുന്ന ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
'വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ആദ്യ ഭാഗത്തിന്റെ അവസാനത്തിൽ തന്നെ രണ്ടാം ഭാഗത്തിന്റെ സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും, തിരക്കഥാകൃത്ത് വിപിൻ ദാസാണ് ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത 'വാഴ' ഒരു കൂട്ടം സുഹൃത്തുക്കളുടെ സ്കൂൾ, കോളേജ് കാലഘട്ടങ്ങളും പിന്നീട് അവർ നേരിടുന്ന വിവിധ പ്രതിസന്ധികളുമാണ് പ്രമേയമാക്കുന്നത്. രണ്ടാം ഭാഗത്തിൽ മുതിർന്ന യുവാക്കളുടെ ജീവിതമാകാം പ്രമേയമാവുക എന്നാണ് പുറത്ത് വരുന്ന വിവരം.