Onam Release | ഓണത്തിന് ഒരുങ്ങി ടൊവിനോയുടെ 'അജയന്റെ രണ്ടാം മോഷണം'
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ആറ് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
കൊച്ചി: (KVARTHA) ഓണത്തിന് ഒരുങ്ങി ടൊവിനോയുടെ അജയന്റെ രണ്ടാം മോഷണം. ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ കന്നഡ വിതരണാവകാശം ഹോംബാലെ ഫിലിംസ് സ്വന്തമാക്കി. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് പേരുകേട്ട ഈ നിർമാണ കമ്പനിയുടെ തീരുമാനം ചിത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരിക്കുന്നു.
ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ആണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ആറ് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കിയത്. തമിഴിൽ 'കന' തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ ദിബു നൈനാൻ തോമസാണ് 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം.
മലയാളം സിനിമ പ്രേമികളുടെ ഓണം റിലീസായി ഒരുങ്ങുന്ന ചിത്രം 3ഡിയിലും 2ഡിയിലുമായി തിയേറ്ററുകളിൽ എത്തും. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.