'അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു, സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പെടുത്തും'; സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍
May 23, 2021, 20:06 IST
തിരുവനന്തപുരം: (www.kvartha.com 23.05.2021) ടെലിവിഷന്‍ സീരിയലുകള്‍ വഴി അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രചരിക്കുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ടി വി സീരിയലുകള്‍ക്ക് സെന്‍സറിങ് ഏര്‍പെടുത്തുന്ന കാര്യം ഗൗരവകരമായി പരിഗണിക്കുമെന്ന് സജി ചെറിയാന്‍ പറഞ്ഞു.
ടെലിവിഷന്‍ സീരിയലുകള്‍ക്കെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സീരിയലുകളില്‍ അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവുമാണ് സീരിയലുകള്‍ പ്രചരിപ്പിക്കുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു.
സ്ത്രീകളും കുട്ടികളുമാണ് ടി വി സീരിയലുകളുടെ പ്രധാന പ്രേക്ഷകര്‍. വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. 'പണ്ട് കാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകളാണ് ജനങ്ങള്‍ കാണുന്നതെന്ന്' മന്ത്രി പറഞ്ഞു.
2019ല്‍ 28-ാമത് കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കവേ മികച്ച ടി വി പരമ്പരയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നില്ല. 'മികച്ച ടെലിസീരിയല്‍ ആയി തെരഞ്ഞെടുക്കുവാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാല്‍ പുരസ്‌കാരം നല്‍കേണ്ടതില്ല' എന്നാണ് ജൂറി വിലയിരുത്തിയത്.
കഥാ വിഭാഗം ചെയര്‍മാനായി കെ മധുപാല്‍, കഥേതര, രചനാ വിഭാഗങ്ങളില്‍ യഥാക്രമം ഒ കെ ജോണി, എ സഹദേവന്‍ എന്നിവര്‍ നയിക്കുന്ന ജൂറിയാണ് വിജയികളെ പ്രഖ്യാപിച്ചത്.
സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെടുത്തിയുള്ള നയ രൂപീകരണം നിലവില്‍ വരും എന്നും മന്ത്രി പറഞ്ഞു. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പേരില്‍ മാതൃകയായ സംസ്ഥാനമാണ് കേരളം. 'രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതഭ്രാന്തുമുണ്ടെന്നും' മന്ത്രി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡിജിറ്റല്‍ റിലീസ് പ്ലാറ്റുഫോമുകള്‍ക്കു ലഭിച്ച സ്വീകാര്യതയുടെ കാര്യത്തിലും പരിഗണനയുണ്ട്. സര്‍കാര്‍ നേതൃത്വത്തില്‍ ഒ ടി ടി പ്ലാറ്റ്ഫോം കൊണ്ടുവരുന്ന കാര്യം പരിഗണിക്കും. സിനിമാ മേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകേജ് കൊണ്ടുവരുന്ന കാര്യവും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.