Criticism | 'ഇങ്ങനെയൊരു കഥ ബോളിവുഡിൽ എഴുതിയിരുന്നെങ്കിൽ'! ബാബ സിദ്ദീഖ് വധത്തിലെ ദുരൂഹതയെക്കുറിച്ച് രാം ഗോപാൽ വർമ്മയുടെ പോസ്റ്റ്
● ലോറൻസ് ബിഷ്ണോയി സംഘം സൽമാൻ ഖാനെ ലക്ഷ്യം വെക്കുന്നു.
● ബാബ സിദ്ദിഖിന്റെ കൊലപാതകം ഇതുമായി ബന്ധപ്പെട്ടതാണെണ് സൂചന.
● ഈ സംഭവങ്ങളെ രാം ഗോപാൽ വർമ്മ ഒരു ബോളിവുഡ് തിരക്കഥയുമായി താരതമ്യം ചെയ്തു.
മുംബൈ: (KVARTHA) രാജ്യത്തെ പിടിച്ചു കുലുക്കിയ മുൻ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ രാം ഗോപാൽ വർമ്മ. ലോറൻസ് ബിഷ്‌ണോയ് സംഘം സൽമാൻ ഖാനെ ലക്ഷ്യം വെക്കുന്നതിലുള്ള ആക്ഷേപഹാസ്യമായാണ് രാം ഗോപാൽ വർമ്മയുടെ പോസ്റ്റ് വൈറലായിരിക്കുന്നത്.
LAWRENCE BISHNOI was just a 5 YEAR OLD KID when the deer was killed in 1998 and Bishnoi maintained his grudge for 25 years and now at age 30 he says that his LIFE’S GOAL is to kill SALMAN to take REVENGE for KILLING that DEER .. Is this ANIMAL love at its PEAK or GOD playing a… https://t.co/KGiOSojxfT
— Ram Gopal Varma (@RGVzoomin) October 14, 2024
ഗുണ്ടാസംഘങ്ങളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ, കൊലപാതകങ്ങൾ, പക എന്നിവയെ ആസ്പദമാക്കിയുള്ള സിനിമകൾ ചെയ്ത് പേരുകേട്ട വർമ്മ, ഇതുപോലൊരു കഥ ഒരു ബോളിവുഡ് തിരക്കഥാകൃത്ത് എഴുതിയാൽ അദ്ദേഹത്തെ അവിശ്വസനീയവും പരിഹാസ്യവുമായ കഥ എഴുതിയെന്ന് വിമർശിക്കപ്പെടുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
പോസ്റ്റിൽ പറയുന്നത്:
'1998-ൽ മാൻ കൊല്ലപ്പെടുമ്പോൾ ലോറൻസ് ബിഷ്‌ണോയ് വെറും 5 വയസുള്ള കുട്ടിയായിരുന്നു, 25 വർഷത്തോളം ബിഷ്‌ണോയ് തൻ്റെ പക നിലനിറുത്തി, ഇപ്പോൾ 30-ാം വയസിൽ മാനിനെ കൊന്നതിന് സൽമാനോട് പ്രതികാരം ചെയ്യുക എന്നതാണ് തൻ്റെ ജീവിത ലക്ഷ്യമെന്ന് ഇയാൾ പറയുന്നു. മൃഗസ്നേഹം അതിൻ്റെ ഉച്ചസ്ഥായിയിലാണോ അതോ ദൈവം ഒരു വിചിത്രമായ തമാശ കളിക്കുകയാണോ?
ഗ്യാങ്സ്റ്ററായി മാറിയ ഒരു അഭിഭാഷകൻ ഒരു സൂപ്പർ സ്റ്റാറിനെ കൊന്ന് മാനിൻ്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക് വഴി റിക്രൂട്ട് ചെയ്ത 700-ലധികം അംഗങ്ങളുള്ള ഒരു ഗുണ്ടാസംഘത്തിന്, സ്റ്റാറിൻ്റെ അടുത്ത സുഹൃത്തായ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊല്ലാനുള്ള നിർദേശം നൽകി.
പൊലീസിന് ലോറൻസ് ബിഷ്ണോയിയെ പിടികൂടാൻ കഴിയില്ല, കാരണം ഇയാൾ ജയിലിൽ സർക്കാറിന്റെ സംരക്ഷണത്തിലാണ്. ഇയാളുടെ വക്താവ് വിദേശത്തുനിന്നാണ് പ്രസ്താവനകൾ ഇറക്കുന്നത്. ഇതുപോലൊരു കഥ ഒരു ബോളിവുഡ് തിരക്കഥാകൃത്ത് എഴുതിയാൽ അദ്ദേഹത്തെ അവിശ്വസനീയവും പരിഹാസ്യവുമായ കഥ എഴുതിയെന്ന് വിമർശിക്കപ്പെടുമായിരുന്നു'.
സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ
രാം ഗോപാൽ വർമ്മയുടെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു. പലരും വർമ്മയുടെ ഈ വാക്കുകളോട് യോജിച്ചു. യാഥാർത്ഥ്യം സിനിമയെക്കാൾ ഭീകരമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. ബിഷ്‌ണോയി സംഘം സൽമാൻ ഖാനുമായി വർഷങ്ങളായി വൈരാഗ്യത്തിലാണ്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ ജയിലിൽ കഴിഞ്ഞപ്പോൾ മുതലാണ് വൈരാഗ്യം തുടങ്ങിയതെന്നാണ് പറയുന്നത്. ബാബ സിദ്ദിഖ് സൽമാൻ ഖാന്റെ അടുത്ത സുഹൃത്തായിരുന്നു. അതിനാൽ, ബിഷ്‌ണോയി സംഘം സൽമാൻ ഖാനെ ഭയപ്പെടുത്താനാണ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്.
#BabSiddique #RamGopalVarma #LawrenceBishnoi #Bollywood #Crime #SalmanKhan