Movie review | പാരഡൈസ്: ഒരു ജനതയുടെ അതിജീവനത്തിൻ്റെ, പോരാട്ടങ്ങളുടെ നേർക്കാഴ്ച; ഒരു മറയുമില്ലാതെ തീവ്രമായി തന്നെ കാണിക്കുന്നു

 
Paradise


ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ ഒരു രാജ്യം നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെ ഏറ്റവും മാനുഷികമായി വരച്ചിടുകയാണ് 

സോണി കല്ലറയ്ക്കൽ  

(KVARTHA) പ്രസന്ന വിതനാഗേ എന്ന ഇതിഹാസ സംവിധായകന്റെ മറ്റൊരു മാസ്റ്റർ പീസ് വർക്ക് ആണ് പാരഡൈസ്. പ്രതീക്ഷിച്ചതിലും മികച്ച സിനിമ ആണ് പാരഡൈസ് എന്ന് വേണമെങ്കിൽ പറയാൻ സാധിക്കും. ശ്രീലങ്കൻ ജനതയുടെ പോരാട്ടവും അതിജീവനവും മുഖ്യധാര ചർച്ചകളിൽ നിന്ന് പൂർണമായും മാറ്റി നിർത്തപ്പെട്ട കാലത്താണ് ശ്രീലങ്കയിൽ നിന്ന് ആ ദേശത്തിൻ്റെയും ജനങ്ങളുടെയും കഥപറയുന്ന മലയാളികൾ കൂടി ചേരുന്ന പാരഡൈസ് എന്ന സിനിമ കേരളത്തിലെ തീയേറ്ററുകളിൽ റിലീസാകുന്നത്. ആ ജനതയുടെ പോരാട്ടങ്ങളെ മുഴുവൻ ഒരു മറയുമില്ലാതെ തീവ്രമായി തന്നെ കാണിക്കുന്നതിനൊപ്പം വളരെ സൂക്ഷമമായി ചില രൂപകങ്ങളിലൂടെയും കാണിച്ചുപോകുന്നു ശ്രിലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗെ. 
 

Paradise

അതുകൊണ്ട് തന്നെ വരും നാളുകളിൽ പലരും പ്രസന്ന വിതനാഗെയുടെ മറ്റ് സിനിമകള്‍ തേടിപ്പിടിച്ചു കാണാന്‍ ശ്രമിക്കും എന്നത് തീർച്ചയാണ്. നായകന്‍ ഇടിക്കുമ്പോള്‍ നൂറ് പേര് തെറിച്ചു പോകുന്നത് മാത്രമല്ല, ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ ഒരു രാജ്യം നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെ ഏറ്റവും മാനുഷികമായി വരച്ചിടുകയാണ് പാരഡൈസ്. എല്ലാ കാലത്തും മജോറിറ്റിയും മൈനോറിറ്റിയും തമ്മിലുള്ള സംഘർഷമാണ് ലോകം മുഴുവൻ. അങ്ങനെ ഒരു സംഘർഷത്തിൻ്റെ ഇടയിൽ ശ്രീലങ്കയിൽ പെട്ട് പോകുന്ന രണ്ട് കമിതാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

രാജീവ്‌ രവിയുടെ ഫ്രെയിമുകൾ, ശ്രീകർ പ്രസാദിന്റെ എഡിറ്റിങ്, പ്രസന്ന വിതനെഗയുടെ സംവിധാനം, ഒരുപാട് ലെജൻഡുകൾ ഒന്നിച്ച സിനിമയാണ് പാരഡൈസ്. ആ ക്വാളിറ്റി സിനിമയിൽ പ്രകടവുമാണ്. മലയാളത്തിൽ മറ്റു സ്ഥലങ്ങളുടെ അരക്ഷിതാവസ്ഥ പ്രമേയമാകുന്ന സിനിമകൾ അധികം വന്നു കണ്ടിട്ടില്ല. എങ്കിലും അതിൽ ഏറ്റവും മികച്ചു നിന്നത് ടേക്ക് ഓഫാണ്. പാരഡൈസും കണ്ടന്റിന്റെ കാര്യത്തിൽ ഏറ്റവും മികച്ചു നിൽക്കുന്ന വർക്കുകളിൽ ഒന്നാണ്. പെട്രോൾ പോലും ലഭിക്കാത്ത, സാമ്പത്തികമായി തകർന്നു നിന്ന ശ്രീലങ്കയിലെ ജനതയുടെ അവസ്ഥയാണ് സിനിമ പറഞ്ഞു വെക്കുന്നത്. 

കേവലം ഒന്നോ രണ്ടോ മനുഷ്യർക്ക് അപ്പുറം ഒരു ജനത മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയോളം വേദനിപ്പിക്കുന്ന കാഴ്ചയില്ലെന്ന് സിനിമ നമ്മളെ ഓർമിപ്പിക്കുന്നുണ്ട്. ഫെസ്റ്റിവൽ പടം എന്ന ലേബലിന് അപ്പുറം പ്രേക്ഷരെ തിയേറ്ററിൽ പിടിച്ചിരുത്തുന്ന ഒരു സിനിമ കൂടിയാണ് പാരഡൈസ്. രാജീവ്‌ രവിയുടെ സിനിമാറ്റോഗ്രാഫിയിൽ ശ്രീലങ്കയുടെ അരക്ഷിതാവസ്ഥ മുഴുവൻ പതിഞ്ഞിട്ടുണ്ട്. ശ്രീലങ്കയിലെ ഭീകരത ഒപ്പിയെടുക്കുന്നതിൽ രാജീവ് രവിയെ കഴിഞ്ഞേ വേറെ ആരുമുള്ളു എന്ന് തോന്നിപ്പോകും. റോഷൻ, ദർശന എന്നിവരാണ് ലീഡ് റോളിൽ ഉള്ളത്. മികച്ച പ്രകടനമാണ് അവർ സിനിമയിലുടനീളം കാഴ്ച വെച്ചത്. അവരുടെ കെമിസ്ട്രി എടുത്ത് പറയണം. 

കേശവ്, അമൃത ആയി ജീവിച്ചു ഇരുവരും. ക്ലൈമാക്സ് പോർഷൻ ഒക്കെ അത്രയും മനസ്സിൽ തട്ടും ഇവരുടെ പെർഫോമൻസ് കൊണ്ട്. തീർച്ചയായും ഇവർക്ക് കിട്ടുന്ന വലിയൊരു അംഗീകാരമാകും ഈ സിനിമ. ഭാവിയിൽ ഇവരെ തേടി ഇനിയും ഇതുപോലെയുള്ള നല്ല സിനിമകൾ വരുമെന്ന കാര്യത്തിൽ സംശയം വേണ്ട. അത്ര മികച്ച അഭിനയം തന്നെയാണ് ഇവരുടേത്. ഒപ്പം മറ്റ് താരങ്ങളുടെ പ്രകടനവും എടുത്തുപറയേണ്ടിയിരിക്കുന്നു. രാമായണ കഥ റഫറൻസ് ഒക്കെ സിനിമയിൽ പ്ലോട്ടിന്റെ ഭാഗമാണ്.  ഇന്ത്യയിൽ വില്ലനായി കരുതുന്ന രാവണൻ ലങ്കയിലേക്ക് എത്തുമ്പോൾ ഹീറോ ആയി മാറുന്നു. മിത്തുകൾ ഓരോ സ്ഥലത്തിനും വ്യകതികൾക്കും അനുസരിച്ച് റീപ്ലേസ് ചെയ്യപ്പെടും എന്ന് സിനിമ പറഞ്ഞു വെക്കുന്നുണ്ട്. 

രാവണനെതിരെ യുദ്ധം ചെയ്ത് തോൽപ്പിച്ചത് സീതയാണെന്ന് ജൈന രാമായണത്തിൽ പറയുന്നുണ്ടെന്നും 300ൽ അധികം രാമായണങ്ങൾ ഉണ്ടെന്നും ഓരോന്നും പറയുന്നതും വ്യത്യസ്ത കഥകൾ ആണെന്നും ദർശനയുടെ കഥാപാത്രം പറയുന്നുണ്ട്. ഓരോ മനുഷ്യനും മിത്തുകളെ കുറിച്ച് വ്യത്യസ്ത കഥകൾ ആണെന്നും, അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഉണ്ടാക്കുന്നതാണെന്നും സിനിമ പറഞ്ഞു വെക്കുന്നു. ഈ പൊളിറ്റിക്കൽ സ്റ്റേറ്റ് മെന്റ് ഇന്ത്യയിൽ ഈ കാലത്ത് പറയുന്നതിന്റെ രാഷ്ട്രീയ സാമൂഹിക പ്രസക്തി വളരെ വലുതാണ്. 

പ്രസന്ന വിതനാഗേ, രാജീവ്‌ രവി, മണിരത്നം തുടങ്ങിയ ലെജൻഡസിന്റെ കയ്യിൽനിന്നും നമ്മുടെ മലയാള സിനിമയ്ക്കു ഇങ്ങനൊരു വേൾഡ് ക്ലാസ് ത്രില്ലർ സമ്മാനിച്ചതിൽ ഏറെ സന്തോഷം എന്ന് സിനിമ കണ്ട് ആളുകൾ പറയുന്നുണ്ടെങ്കിൽ അത് തന്നെയാകും ഈ സിനിമയുടെ വിജയവും. അന്താരാഷ്ട്ര പ്രസക്തിയുള്ളതും ശ്രദ്ധ നേടേണ്ടതുമായ വിഷയം മികച്ച രീതിയിൽ കൈകാര്യം ചെയ്ത പ്രസന്ന വിതനാഗേ എന്ന സംവിധായകൻ തീർച്ചയായും കയ്യടി നേടേണ്ടിയിരിക്കുന്നു. എന്തായാലും, നല്ല തീയറ്റർ എക്സ്പീരിയൻസ് ആണ് പാരഡൈസ്. എല്ലാവരും കാണുക.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia