Movie | മമ്മൂട്ടിയെ നായകനാക്കി ഗൗതം വസുദേവ് മേനോൻ്റെ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്
കൊച്ചി: (KVARTHA) മമ്മൂട്ടിയെ നായകനാക്കി ഗൗതം വസുദേവ് മേനോൻ്റെ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.
'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിൽ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്.
ഒരു ഡിറ്റക്റ്റീവ് കോമഡി ത്രില്ലർ ചിത്രമായിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെയാണ് അവതരിപ്പിക്കുന്നത്. ഷെർലക് ഹോംസിനോട് സാമ്യമുള്ള, എന്നാൽ രസകരമായ ഒരു കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നീരജ് നേരത്തെ പറഞ്ഞിരുന്നു. പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു കുറ്റാന്വേഷകന്റെ മുറി പോലെ തോന്നിക്കുന്ന ഒരു ഇടത്താണ് മമ്മൂട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവരുമെന്ന് അറിയിച്ചുകൊണ്ട് അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിൽ വിശ്വ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കുറ്റാന്വേഷക കഥാപാത്രം ഷെർലക് ഹോംസിന്റെ ഒരു ഡയലോഗ് ഉണ്ടായിരുന്നു. 'മറ്റുള്ളവർക്ക് അറിയാത്തത് അറിയലാണ് ഞങ്ങളുടെ ജോലി' എന്ന വാചകമായിരുന്നു അത്.
സൂരജ് ആർ, നീരജ് ആർ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി നടന്ന് വരികയാണ്. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കിടേഷ്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.