അമ്മ യോഗം മാറ്റിയിരിക്കുന്നു. സിദ്ദിഖിനെതിരായ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കുന്നു.
കൊച്ചി:(KVARTHA) സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനെ തുടർന്ന് ചൊവ്വാഴ്ച വിളിച്ചുചേർത്തിരുന്ന അമ്മയുടെ യോഗം മാറ്റി. സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന് നേരിട്ട് പങ്കെടുക്കാൻ അസൗകര്യം ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
ചെന്നൈയിലുള്ള മോഹൻലാൽ ചൊവ്വാഴ്ച നടക്കേണ്ട യോഗത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് സാധ്യമല്ലെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിയത്. ഈയാഴ്ച തന്നെ യോഗം ചേരുമെന്നാണ് സൂചന.
പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുകയും ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയുമായിരുന്നു യോഗത്തിന്റെ അജണ്ട. സിദ്ദിഖിനെതിരായ ആരോപണങ്ങളിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ വലിയ ഭിന്നതകളാണ് ഉണ്ടായത്. വൈസ് പ്രസിഡന്റുമാരായ ജഗദീഷും ജയൻ ചേർത്തലയും പരസ്യമായി നേതൃത്വത്തെ വിമർശിച്ചിരുന്നു.
അതേസമയം, സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ സംഘം ചൊവ്വാഴ്ച യോഗം ചേരും. ലൈംഗികാരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കുകയും ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിക്കുകയും ചെയ്യും. ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള ഈ സംഘത്തിൽ നിരവധി വനിതാ പോലീസ് ഉദ്യോഗസ്ഥരും ഉണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷാണ് അന്വേഷണത്തിന്റെ മേൽനോട്ടം.
#AMMA #Mohanlal #MalayalamCinema #Bollywood #IndianCinema #SexualHarassment #Controversy #BreakingNews