Criticism | താന്‍ മോശം അനുഭവം ഉണ്ടായ സ്ത്രീകളോടൊപ്പം: ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് എതിരെ ആരോപണം ഉയര്‍ന്നാല്‍ ആ സ്ഥാനം വേണ്ടെന്ന് പറയാന്‍ കഴിയണം, അതാണ് പക്വതയെന്ന് നടി ഉര്‍വശി
സിനിമയിലെ എല്ലാ മേഖലയിലുമുള്ള പുരുഷന്‍മാര്‍ക്ക് ഇത് അപമാനം.
സിനിമ മാത്രമാണ് ഉപജീവനം എന്നു കരുതി വര്‍ഷങ്ങളായി ജീവിക്കുന്നവരുണ്ട്.
ഇങ്ങനെയുള്ള പുരുഷന്‍മാര്‍ക്കിടയിലാണോ നിങ്ങള്‍ ജീവിക്കുന്നത് എന്ന കാര്യം ഞെട്ടലുണ്ടാക്കുന്നത്
ചെന്നൈ:(KVARTHA) ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് എതിരെ ആരോപണം ഉയര്‍ന്നാല്‍ ആ സ്ഥാനം വേണ്ടെന്നു പറയാന്‍ കഴിയണം. അതാണ് പക്വതയെന്ന് നടി ഉര്‍വശി. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി. സിനിമയില്‍ മോശം അനുഭവം ഉണ്ടായ സ്ത്രീകളോടൊപ്പമാണ് താനെന്നും ഉര്‍വശി പറഞ്ഞു.
സ്ത്രീകള്‍ ആരോപണം ഉന്നയിക്കുന്നത് സിനിമയിലെ പുരുഷന്‍മാര്‍ക്കെതിരെയാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ 'അമ്മ' സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിതെന്നും അവര്‍ പറഞ്ഞു. സിനിമയിലെ എല്ലാ മേഖലയിലുമുള്ള പുരുഷന്‍മാര്‍ക്ക് ഇത് അപമാനമാണെന്ന് പറഞ്ഞ താരം സിനിമ മാത്രമാണ് ഉപജീവനം എന്നു കരുതി വര്‍ഷങ്ങളായി ജീവിക്കുന്നവരുണ്ടെന്നും ഇങ്ങനെയുള്ള പുരുഷന്‍മാര്‍ക്കിടയിലാണോ നിങ്ങള്‍ ജീവിക്കുന്നത് എന്ന കാര്യം ഞെട്ടലുണ്ടാക്കുന്നതാണെന്നും താരം ചൂണ്ടിക്കാട്ടി.
ഒഴുകിയും തെന്നി മാറിയും ആലോചിക്കാം എന്നുമെല്ലാം പറയാതെ വളരെ ശക്തമായി തന്നെ സംഘടന വിഷയത്തില്‍ നിലകൊള്ളണം എന്നും അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണം എന്നും താരം ആവശ്യപ്പെട്ടു. ഇങ്ങനെ മാത്രം സംഭവിക്കുന്ന മേഖലയല്ല സിനിമ. അന്തസ്സോടെ സ്ത്രീയും പുരുഷനും ഒരുമിച്ച് കൈകോര്‍ത്താണ് നല്ല സിനിമയുണ്ടാകുന്നത്. മറ്റ് മേഖലകളിലേതുപോലെ ഇവിടെയും പ്രശ്‌നങ്ങളുണ്ടാകാം. എല്ലാത്തിനും വ്യക്തമായ വ്യവസ്ഥയുണ്ടാകണം. അമ്മ സംഘനയാണ് അതിനു നടപടിയെടുക്കേണ്ടതെന്നും താരം പറഞ്ഞു.
എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന നിലപാടല്ല വേണ്ടത്. അമ്മയുടെ ഓരോ അംഗങ്ങളും ഇടപെടണം. പരാതിയുള്ളവര്‍ ഈ സമയത്ത് രംഗത്തു വരണം. അമ്മ സംഘടന വളരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഉര്‍വശി പറഞ്ഞു.
ഉര്‍വശിയുടെ വാക്കുകള്‍:
കമ്മിഷന്‍ റിപ്പോര്‍ട്ടിന് വലിയ വില കൊടുക്കണം. സംഘടനയായതിനാല്‍ നിയമപരമായി മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന് അമ്മ പറയരുത്. ഒരു കലാകാരനെ അകറ്റി നിര്‍ത്താന്‍ സംഘടനയ്ക്കു കഴിയുമെങ്കില്‍, സഹകരിപ്പിക്കില്ലെന്ന് പറയാന്‍ കഴിയുമെങ്കില്‍.. രക്ഷിക്കാന്‍ അറിയുന്നവരേ ശിക്ഷിക്കാവൂ.. സ്ത്രീകള്‍ പറഞ്ഞതനുസരിച്ച് രൂപീകരിച്ച ഹേമ കമ്മിഷന് വില കൊടുക്കണം.
പരാതികളുടെ ഗൗരവം തനിക്കു മനസിലാകും. ഇത്രയും കാലം സിനിമയിലുണ്ടായിട്ട് മോശമായ ഒരു നോട്ടംപോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കള്ളമാണ്. തനിക്ക് ചോദിക്കാനും പറയാനും ആളുണ്ടായിരുന്നു. ഷൂട്ടിങ് സ്ഥലത്ത് തന്റെ കുടുംബവും ജീവനക്കാരും ഉണ്ടായിരുന്നു. അവര്‍ പ്രതികരിക്കുമെന്ന ഭയം ഉണ്ടായിരുന്നു.
താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ചിലര്‍ റീ ടേക്ക് എടുപ്പിക്കും. തനിക്ക് അനുഭവമുണ്ട്. മരിച്ചുപോയവരായതുകൊണ്ട് പറയുന്നില്ല. അമ്മ സംഘടനയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് എതിരെ ആരോപണം ഉയര്‍ന്നാല്‍ ആ സ്ഥാനം വേണ്ട എന്നു പറയാന്‍ കഴിയണം. അതാണ് പക്വതയെന്നും ഉര്‍വശി പറഞ്ഞു.
#Urvashi, #Allegations, #AMMA, #WomenInCinema, #HemaCommission, #CinemaNews