Release | ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന 'മനോരാജ്യം' ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
ഓസ്ട്രേലിയയിൽ താമസിക്കുന്ന ഒരു മലയാളിയുടെയും അദ്ദേഹത്തിന്റെ സുഹൃത്തിന്റെയും ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
കൊച്ചി: (KVARTHA) ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന 'മനോരാജ്യം' ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'തൂവലായ് പാറുവാൻ' എന്ന ഗാനത്തിന്റെ വരികൾ സംവിധായകൻ തന്നെയാണ് എഴുതിയിരിക്കുന്നത്. യൂനുസിയോ സംഗീതം പകർന്ന ഗാനം അൽഫോൻസ് ജോസഫാണ് ആലപിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിൽ താമസിക്കുന്ന ഒരു മലയാളിയുടെയും അദ്ദേഹത്തിന്റെ സുഹൃത്തിന്റെയും ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഓസ്ട്രേലിയൻ ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടിയ ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.
മനോഹരമായ മെൽബൺ സിറ്റിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, ഫാമിലി ഡ്രാമയായിരിക്കും. മധേസ് ആർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയാണ് നിർവഹിച്ചത്. റഷീദ് പാറയ്ക്കൽ, രഞ്ജിത മേനോൻ എന്നിവരുടെ വരികൾക്ക് യൂനുസിയോയാണ് ഈണം പകർന്നിരിക്കുന്നത്. സി കെ അനസ് മോനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.