ഓഗസ്റ്റ് 23ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മാറ്റിയിരുന്നു.
കൊച്ചി: (KVARTHA) മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ അഭിനയിക്കുന്ന 'ഫൂട്ടേജ്' ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു.
സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിശാഖ് നായരും ഗായത്രി അശോകും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഓഗസ്റ്റ് 23ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മാറ്റിയിരുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ഹിറ്റ് സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധരന്റെ സംവിധാന അരങ്ങേറ്റമായ 'ഫൂട്ടേജ്' ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നീ ബാനറുകളിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ രാജീവ്, സൂരജ് മേനോൻ എന്നിവർ കോ-പ്രൊഡ്യൂസർമാരാണ്. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു.