Controversy | ‘നൻപകൽ നേരത്ത് മയക്കം’ എന്തുകൊണ്ട് ദേശീയ അവാർഡിൻ്റെ പരിഗണയ്ക്ക് അയച്ചില്ല, പിന്നിൽ മമ്മൂട്ടിയെ വെട്ടാനുള്ള നീക്കമോ?
തങ്ങൾക്ക് വേണ്ടപ്പെട്ട പലർക്കും ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ചപ്പോൾ ചിലർ സന്തോഷിക്കുമ്പോൾ കേരളത്തിലെ മഹാഭൂരിപക്ഷം ചലച്ചിത്ര പ്രേമികൾ നിരാശയിലാണെന്ന് പറയേണ്ടി വരും
റോക്കി എറണാകുളം
(KVARTHA) ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങൾക്ക് വേണ്ടപ്പെട്ട പലർക്കും ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ചപ്പോൾ ചിലർ സന്തോഷിക്കുമ്പോൾ കേരളത്തിലെ മഹാഭൂരിപക്ഷം ചലച്ചിത്ര പ്രേമികൾ നിരാശയിലാണെന്ന് പറയേണ്ടി വരും. അവർ മനസ്സിൽ കരുതിയത് മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയ്ക്ക് ആയിരിക്കും ഈ വർഷത്തെ മികച്ച നടനുള്ള നാഷണൽ അവാർഡ് എന്നാണ്. മലയാളത്തിലെ ഭൂരിഭാഗം സിനിമാ പ്രേമികളും ആഗ്രഹിച്ച കാര്യവും അത് തന്നെയാണ്. കേന്ദ്രത്തിൽ ബി.ജെ.പി ഭരിക്കുന്നതിനാലും മമ്മൂട്ടി ചിലരുടെ കണ്ണിലെ കരടായ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടയാളായതുകൊണ്ടും ദേശീയ അവാർഡ് കിട്ടില്ലെന്ന് മുൻപ് തന്നെ അഭിപ്രായം പ്രകടിപ്പിച്ചവരും ധാരാളമുണ്ട്. എന്നാൽ മമ്മൂട്ടിയ്ക്ക് ഇതൊന്നും വലിയ പ്രശ്നമുള്ള കാര്യമായിരിക്കില്ല.
എത്രയോ അവാർഡുകൾ അദേഹം ഇതിനകം നേടി കഴിഞ്ഞിരിക്കുന്നു. മലയാളികളുടെ മനസ്സിൽ നിന്നും മറ്റാരെ തുടച്ചു നീക്കിയാലും അദ്ദേഹത്തെ നീക്കുക അസാധ്യം തന്നെ. ഇപ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് കഴിഞ്ഞ തവണ സ്റ്റേറ്റ് അവാർഡ് നേടിയ മമ്മൂട്ടി ചിത്രമായ ‘നൻപകൽ നേരത്ത് മയക്കം’ ദേശീയ അവാർഡിൻ്റെ പരിഗണയ്ക്ക് അയച്ചിട്ടില്ല എന്നത്. മമ്മൂട്ടിയെ വെട്ടാൻ നടത്തിയ ഗുഡനീക്കമായിരുന്നോ ഇതിന് പിന്നിൽ എന്ന് സംശയിക്കുന്നവരും ഏറെയാണ്. അത്തരത്തിൽ ഒരാൾ എഴുതിയ ഒരു പോസ്റ്റാണ് സാമൂഹ്യമധ്യത്തിൽ വൈറലാകുന്നത്.
ഷാനു കോഴിക്കോടൻ എന്നയാളുടെ പോസ്റ്റ് ഇങ്ങനെ: ‘സ്റ്റേറ്റ് അവാർഡ് ആയാലും നാഷണൽ അവാർഡ് ആയാലും 1984 മുതൽ - അതായത് കഴിഞ്ഞ 40 വർഷാക്കാലമായി ഫൈനൽ റൗണ്ടിൽ കേരളത്തിൽ നിന്ന് കേൾക്കുന്ന ഒരു പേരുണ്ട്. അതാണ് മമ്മൂട്ടി. കാതൽ എന്ന പരീക്ഷണ ചിത്രവുമായി സ്റ്റേറ്റ് അവാർഡ് ലിസ്റ്റിൽ ഈ തവണയും അയാൾ ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്നു. കാതലിനെ പിന്നിലാക്കി ആട് ജീവിത്തിലെ അഭിനയത്തിന് പ്രിത്വിയാണ് അവാർഡും കൊണ്ട് പോയിത്. അതിലെ ജൂറി തീരുമാനങ്ങൾ അവിടെ നിൽക്കട്ടെ. അതിനേക്കാൾ വലിയൊരു അന്യായമായി തോന്നിയത് ഈ തവണത്തെ നാഷണൽ അവാർഡിന് കഴിഞ്ഞ തവണ സ്റ്റേറ്റ് അവാർഡ് നേടിയ മമ്മൂട്ടി ചിത്രമായ ‘നൻപകൽ നേരത്ത് മയക്കം’ അയച്ചിട്ടില്ല എന്നതാണ്. പകരമയച്ചിട്ടുള്ളത് കുഞ്ചാക്കോ ബോബന്റെ ‘എന്ന താൻ കേസ് കൊട്’ ആണെന്നുള്ള ഒരു വാർത്തയും അങ്ങിങ്ങായി കാണുന്നു. അതെത്രത്തോളം ശരിയാണെന്നോ അതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്നോ അറിഞ്ഞു കൂടാ.
എന്നാലും നൻപകൽ പോലത്തെ ഒരു ഇന്റര്നാഷണൽ സ്റ്റഫ് അവാർഡിന് മത്സരിക്കാനായി അയച്ചില്ല എന്നത് തീർത്തും നീതികേടാണ് എന്ന് പറയാതെ വയ്യ. കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ അവസാന മിനിറ്റുകളിലെ പെർഫോമൻസ് കുറച്ചു കാണുന്നില്ല. പക്ഷേ നൻപകലിന് പകരം ‘എന്ന താൻ കേസ് കൊട്’ എന്ന സിനിമ അയച്ചത് കൊണ്ട് മാത്രമാണ് ഋഷഭിന് ഈസി ആയി വിൻ ചെയ്യാൻ പറ്റിയത്. കാന്താരിയിൽ ഋഷഭിന്റെ ആദ്യാവസാന മിനിറ്റുകളിലെ പെർഫോമൻസും നന്പകലിലെ മമ്മൂട്ടിയുടെ മുഴുനീള പെർഫോമൻസും തമ്മിൽ തുലനം ചെയ്താൽ അല്പമല്ല എത്രയോ ദൂരം മുൻപിൽ തന്നെയായിരുന്നു മമ്മൂട്ടി.
അയാൾക്ക് കുറേ തവണ കിട്ടിയതല്ലേ ഇനി ബാക്കിയുള്ളവർക്ക് കിട്ടട്ടെ ടൈപ്പ് ന്യായമാണെങ്കി ‘ബെസ്റ്റ് ആക്ടർ അവാർഡ്’ എന്ന പേര് മാറ്റി ‘കിട്ടാത്തോർക്ക് കിട്ടട്ടെ അവാർഡ്’ എന്നാക്കുന്നതാണ് നല്ലത്. ഞാൻ നന്നായി അദ്ധ്വാനിച്ചു അഭിനയിച്ചാലെ എനിക്ക് അവാർഡ് കിട്ടൂ എന്ന് മമ്മൂക്കാ തന്നെ ഒരിക്കൽ സ്റ്റേജിൽ പറഞ്ഞതാണ് ഈ അവസരത്തിൽ ഓർമ്മ വരുന്നത്. കരണമെന്തായാലും ശരി ഈ നാല്പതു വർഷക്കാലം പോലെ തന്നെ അടുത്ത വർഷവും ഫൈനൽ റൗണ്ടിൽ മത്സരിക്കാൻ ഉള്ളത് അയാൾ ഇതിനോടകം ചെയ്തു വെച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളിനി അടുത്ത വർഷവും അതിന്റെ അടുത്ത വർഷവും മത്സരിക്കാൻ പോകുന്നതും ഈ 73കാരനോട് തന്നെ ആയിരിക്കും’.
ഇതാണ് ആ പോസ്റ്റിൽ പറയുന്നത്. എല്ലാവരും ഈ വിഷയം സജീവ ചർച്ചയാക്കി കൊണ്ടുവരുമ്പോഴും മമ്മുട്ടിയെന്ന നല്ല മനുഷ്യൻ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടാവില്ല. അദ്ദേഹം അവാർഡ് നേടിയ തൻ്റെ സഹപ്രവർത്തകർക്ക് അഭിനന്ദനം നേരുന്ന തിരക്കിലാവും ഇപ്പോൾ. അതാണ് മമ്മൂട്ടിയെന്ന വലിയ മനുഷ്യൻ്റെ പുണ്യം. അദ്ദേഹം ഇവിടെ എന്നും എല്ലാവരുടെയും മമ്മൂക്കാ തന്നെ ആയിരിക്കും.