'ലക്ഷ്മി ബോംബ്' കുഴപ്പത്തിലാണോ? അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണിസേനയുടെ വക്കീല്‍ നോട്ടീസ്
Oct 29, 2020, 16:21 IST
മുംബൈ: (www.kvartha.com 29.10.2020) അക്ഷയ് കുമാര്‍ നായകനായ 'ലക്ഷ്മി ബോംബ്' ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കര്‍ണിസേന. ലക്ഷ്മീദേവിയെ അവഹേളിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് ഈ തലക്കെട്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. ചിത്രം അടുത്ത മാസം റിലീസിന് കാത്തിരിക്കവെയാണ് സംഭവം. അഭിഭാഷകനായ രാഘവേന്ദ്ര മെഹ്റോത്ര മുഖേനയാണ് കര്‍ണിസേന നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.
ഹിന്ദു സംസ്‌കാരത്തിന്റെ പ്രത്യയശാസ്ത്രം, ആചാരങ്ങള്‍, ദേവന്മാര്‍, ദേവതകള്‍ എന്നിവരെ കുറിച്ച് സമൂഹത്തിന് തെറ്റായ സന്ദേശമാണ് തലക്കെട്ട് നല്‍കുന്നതെന്ന് സംഘടന ആരോപിക്കുന്നു. നവംബര്‍ 9ന് ദീപാവലി റിലീസ് ആയി ചിത്രം പ്രേക്ഷകരുടെ മുന്നില്‍ എത്താനിരിക്കെയാണ് പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ട്വിറ്ററില്‍ ചിലര്‍ എത്തിയിരുന്നു.
തമിഴ് ഹൊറര്‍ കോമഡി ചിത്രം 'മുനി 2: കാഞ്ചന'യുടെ റീമേക്ക് ആയ ചിത്രം സംവിധാനം ചെയ്യുന്നത് രാഘവ ലോറന്‍സ് തന്നെയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണിത്. 13 വര്‍ഷം മുന്‍പാണ് മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ ഒരുക്കിയത്. കിയാര അദ്വാനി നായികയാവുന്ന ചിത്രത്തില്‍ തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.