Review | 'പണി', ഒരു ഒന്നന്നൊര പണി തന്നെ! നടൻ ജോജു ജോർജിൻ്റെ ആദ്യ സംവിധാനം തകർത്തു
● ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ചിത്രം പ്രേക്ഷക പ്രശംസ നേടുന്നു.
● ബിഗ് ബോസ് താരങ്ങൾ സാഗർ സൂര്യ, ജുനൈസ് വി പി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു.
● ചിത്രം അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്തത്.
മിന്റാ മരിയ തോമസ്
(KVARTHA) നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും ചെയ്ത സിനിമ പണി തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. അഞ്ചു ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സമീപകാലത്ത് കഥാപാത്രങ്ങളായി വിസ്‍മയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ച ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റമാണി സിനിമ. ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത് ജോജു ജോര്‍ജ് തന്നെയാണ്.
നട്ടെല്ലുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ത്രില്ലര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് കാണുന്നവര്‍ക്ക് പണി ദൃശ്യ വിരുന്നൊരുക്കുന്നു. ജോജു ജോർജ് എന്ന നടൻ തുടക്കക്കാരന്റെ യാതൊരുവിധ പരിമിതികളും ഇല്ലാതെ വൃത്തിയായി എടുത്തുവച്ച ഒരു ത്രില്ലർ സിനിമ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. മൂന്ന് പതിറ്റാണ്ട് ക്യാമറയ്ക്ക് മുന്നില്‍ നിന്ന ജോജു ജോര്‍ജ് സംവിധായകനായി അരങ്ങേറിയപ്പോള്‍ ഒരു സര്‍പ്രൈസ് പാക്കേജ് ആണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
സംവിധായകനായുള്ള അരങ്ങേറ്റ ചിത്രത്തിനായി ഒരു ആക്ഷന്‍ ക്രൈം ഡ്രാമ തെരഞ്ഞെടുത്തത് ജോജുവിന്‍റെ ധൈര്യമാണ്. ആ മിഷനില്‍ വിജയിച്ചിട്ടുണ്ട് അദ്ദേഹം. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ഥികള്‍ സാഗര്‍ സൂര്യയും ജുനൈസ് വി പിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതും ഈ പ്രോജക്റ്റിന്‍മേല്‍ പ്രേക്ഷകരുടെ കൗതുകം കൂട്ടിയ ഘടകമാണ്. ജോജുവിൻ്റെ ഭാര്യ ആയി വന്ന ഗൗരി വൃത്തിയായി കിട്ടിയ വേഷം അഭിനയിച്ച് തീർത്തു.
പൂരവും പെരുന്നാളുമൊക്കെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന തൃശൂര്‍ പശ്ചാത്തലമാക്കുന്ന ചിത്രം ഫാസ്റ്റ് പേസിലാണ് മുന്നോട്ട് പോകുന്നത്. തൃശൂര്‍ നഗരത്തെ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ പശ്ചാത്തലമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗിരി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. തൃശ്ശൂരില്‍ അത്യാവശ്യം ഹോള്‍ഡുള്ളയാളാണ് ഗിരി. ഒരു കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
കേന്ദ്ര കഥാപാത്രമായ ഗിരിയെ അവതരിപ്പിച്ചിരിക്കുന്നതും ജോജു തന്നെയാണ്. കോളജ് കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ച ഗൗരിയുമൊത്ത് ബിസിനസും മറ്റുമായി ജീവിക്കുന്ന ഗിരിക്ക് പക്ഷേ മറ്റൊരു മുഖവും ഭൂതകാലവുമുണ്ട്. പറയാനുള്ളത് ലളിതമായി പറയുന്നു എന്നതാണ് ഗ്യാങ്സ്റ്റര്‍ പശ്ചാത്തലമുള്ള ഈ ആക്ഷന്‍ ക്രൈം ഡ്രാമയെ മികവുറ്റതാക്കുന്നത്. ജോജു, സാഗർ, ജുനൈസ് എന്നിവർക്ക് ഒപ്പം ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. വേണുവും ജിന്‍റോ ജോര്‍ജുമാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഏറെയും രാത്രിയില്‍ കഥ പറയുന്ന ചിത്രത്തിന്‍റെ ദൃശ്യപരമായ കണ്ടിന്യുവിറ്റി ഛായാഗ്രാഹകരുടെ മികവാണ്.
മനു ആന്‍റണി ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. വിഷ്ണു വിജയ്‍യും സാം സി എസും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ‘കണ്ണിന് കണ്ണ്, പല്ലിന് പല്ല്’ എന്ന വാചകത്തോട് 100% നീതി പുലർത്തിയ സിനിമയാണ് ജോജുവിന്റെ മാസ്സ് മൂവി പണി. ഇങ്ങനെയൊരു റിവഞ്ച് മൂവി ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും നമുക്ക് മനസിന് നല്ല സാറ്റിസ്‌ഫാക്ഷൻ കിട്ടും എന്ന് തീർച്ച. ഇമോഷണലി ഒപ്പം കൂട്ടുന്ന ഒരു ആക്ഷന്‍ ഡ്രാമ കാണാനായി പണിക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.
#JojuGeorge #PaniMovie #MalayalamCinema #Thriller #Action #MovieReview