യുക്രൈനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി ആളത്ര ചില്ലറക്കാരനല്ല; അദ്ദേഹത്തിന്റേത് സിനിമാക്കഥയെ വെല്ലുന്ന സംഭവബഹുലമായ ജീവിതം, അതിങ്ങനെ
Feb 25, 2022, 13:24 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.02.2022) റഷ്യയുടെ ആക്രമണം തുടരുമ്പോഴും ലോകരാജ്യങ്ങളുടെ സമ്പൂര്‍ണ പിന്തുണ യുക്രൈനും പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിക്കും കിട്ടിയിട്ടില്ല. എന്നിട്ടും അദ്ദേഹത്തിന്റെ ആത്മവിശ്വാസം തെല്ലും കുറഞ്ഞിട്ടില്ലെന്നതാണ് അതിശയോക്തി.
'ഇതൊരു ആക്രമണ യുദ്ധമാണ്. യുക്രൈന്‍ പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്യും. ലോകത്തിന് പുടിനെ തടയാന്‍ കഴിയും, തടയണം. പ്രവര്‍ത്തിക്കേണ്ട സമയമാണിത്,' -സെലെന്‍സ്‌കി പറഞ്ഞു. 2019 മെയില്‍ അധികാരത്തിലെത്തിയ സെലെന്‍സ്‌കി യുക്രൈന്റെ ആറാമത്തെ പ്രസിഡന്റാണ്.
യുക്രൈന്‍ പ്രസിഡന്റിനെക്കുറിച്ച് കൂടുതല്‍ അറിയപ്പെടാത്ത കാര്യങ്ങള്‍
1978 ജനുവരി 25 ന് ക്രിവി റിഹില്‍ ജൂത ദമ്പതികളുടെ മകനായി വ്‌ളാഡിമിര്‍ സെലെന്‍സ്‌കി ജനിച്ചു. 2000-ല്‍ കൈവ് നാഷനല്‍ ഇകണോമിക് യൂനിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടി. പക്ഷെ, ഒരിക്കലും അഭിഭാഷകവൃത്തി ചെയ്തിട്ടില്ല, രാഷ്ട്രീയ പരിചയവുമില്ല. 'ദി ലീഗ് ഓഫ് ലാഫര്‍' എന്ന എന്‍ ജി ഒ സ്ഥാപിച്ചു.
10 സിനിമകള്‍ നിര്‍മിക്കുകയും യുക്രൈന്‍ ടെലിട്രിയംഫിന്റെ നാഷനല്‍ ടെലിവിഷന്‍ അവാര്‍ഡ് 30 ലധികം തവണ നേടുകയും ചെയ്തു. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും മീഡിയ ഫോറങ്ങളിലും പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ഒലീന സെലെന്‍സ്‌കയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. 2015 ല്‍, സെലെന്‍സ്‌കി 'സെര്‍വന്റ് ഓഫ് പീപിള്‍' എന്ന ടെലിവിഷന്‍ പരമ്പരയിലെ താരമായി. യുക്രൈന്‍ പ്രസിഡന്റായാണ് സീരിയലില്‍ അഭിനയിച്ചത്. 30 വയസുള്ള ഹൈസ്‌കൂള്‍ ചരിത്ര അധ്യാപന്‍ ഒരു വീഡിയോയിലൂടെ യുക്രൈനിലെ സര്‍കാരിന്റെ അഴിമതിക്കെതിരെ ആഞ്ഞടിച്ചു. ആ വീഡിയോ വൈറലാവുകയും അദ്ദേഹം രാജ്യത്തിന്റെ പ്രസിഡന്റായി വിജയിക്കുന്നതുമാണ് പരമ്പരയുടെ പ്രമേയം.
മറ്റൊരു ഹാസ്യ പരമ്പരയായ സാതി, ഇന്‍-ലോസിന് 2017-ല്‍ യുക്രൈനില്‍ വിലക്കേര്‍പെടുത്തി. 2019 മാര്‍ചില്‍ നിരോധനം നീക്കി.
ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്ത പുതുവര്‍ഷ രാവിലെ ഹാസ്യ പ്രകടനത്തിനിടെയാണ് സെലെന്‍സ്‌കി തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. യുക്രൈനിലെ സെന്‍ട്രല്‍ ഇലക്ഷന്‍ കമീഷനില്‍ ഔപചാരികമായി രെജിസ്റ്റര്‍ ചെയ്ത ശേഷം, സെലെന്‍സ്‌കി ഹാസ്യ ടൂറുകളെയും സമൂഹമാധ്യമങ്ങളെയും അടിസ്ഥാനമാക്കി ഒരു പാരമ്പര്യേതര തിരഞ്ഞെടുപ്പ് കാംപയിന്‍ നടത്തി. മാധ്യമപ്രവര്‍ത്തകരെയും സംവാദങ്ങളും ഒഴിവാക്കി.
അഴിമതിയില്‍ മുങ്ങിയതും യുദ്ധത്തില്‍ തകര്‍ന്നതുമായ യുക്രൈനെ എങ്ങനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദാംശങ്ങളൊന്നും നല്‍കിയില്ലെങ്കിലും, രാജ്യത്തെ ശോച്യാവസ്ഥ അദ്ദേഹം പ്രയോജനപ്പെടുത്തി. അഭിപ്രായ വോടെടുപ്പില്‍ സെലെന്‍സ്‌കി ഒന്നാമതെത്തി. അങ്ങനെ ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവബഹുലമായ ജീവിതമാണ് സെലെന്‍സ്‌കിയുടേത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.