Rima Kallingal | 'ഇതാണ് ഊള ബാബു, അതിജീവിതയോട് സ്വഭാവ സര്‍ടിഫികറ്റ് ചോദിക്കുന്ന അയാളെ പോലെ നിങ്ങള്‍ ആകരുത്'; വിജയ് ബാബുവിനെതിരെ നടിക്ക് പരസ്യപിന്തുണയുമായി സിനിമാമേഖലയില്‍നിന്ന് റിമ കല്ലിങ്കല്‍
Apr 29, 2022, 16:13 IST
കൊച്ചി: (www.kvartha.com) നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ലൈംഗിക ആരോപണകേസില്‍ നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍. ഇതാദ്യമായാണ് സിനിമാമേഖലയില്‍നിന്ന് ഒരാള്‍ നടിക്ക് പരസ്യപിന്തുണയുമായി രംഗത്തെത്തുന്നത്. വിജയ് ബാബുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച മീമുകള്‍ പങ്കുവച്ച് കൊണ്ടാണ് റിമ പ്രതികരണവുമായി എത്തിയത്.
'ഊള ബാബു അതിജീവിതയോട് സ്വഭാവ സര്‍ടിഫികറ്റ് ചോദിക്കുന്നു. നിങ്ങള്‍ ഊളബാബുവിനെ പോലെയാകരുത്' എന്ന ആശയം പങ്കുവയ്ക്കുന്ന മീമാണ് റിമ കല്ലിങ്കല്‍ പങ്കുവച്ചത്. നിങ്ങള്‍ ഊളബാബുവിനെ പോലെയാകരുത്' എന്ന ആശയം പങ്കുവയ്ക്കുന്ന കാര്‍ടൂണ്‍ പോസ്റ്റര്‍ റിമ സമൂഹമാധ്യമത്തില്‍ സ്റ്റാറ്റസ് ആക്കിയിട്ടുമുണ്ട്. 'ഊള ബാബുവിനെ പോലെയാകരുത്' എന്ന തലക്കെട്ടോടെ നിരവധി മീമുകള്‍, വിജയ് ബാബുവിനെതിരെ ഉയര്‍ന്ന മീടൂ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നടിയെ പിന്തുണച്ചുകൊണ്ടുള്ള ഡബ്യൂസിസിയുടെ പ്രസ്താവനയും റിമ കല്ലിങ്കല്‍ പങ്കുവച്ചിട്ടുണ്ട്. 'അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് റിമ ഡബ്യുസിസിയുടെ പ്രസ്താവന പങ്കുവച്ചത്.
അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക് മെയിലിംഗ് ലക്ഷ്യമിട്ടാണ് പരാതി നല്‍കിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു.
സമൂഹത്തിലെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളില്‍ കുടുക്കുന്നത് ഒരു ഫാഷനായി മാറിയെന്നും അത്തരമൊരു ദുരുദ്ദേശത്തോടെയാണ് ഈ പരാതിയെന്നും ഹര്‍ജിയില്‍ വിജയ് ബാബു ആരോപിക്കുന്നു. താന്‍ ഏതെങ്കിലും തരത്തില്‍ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി. സംഭവത്തിന്റെ സത്യാവസ്ഥ കോടതിയേയും അന്വേഷണസംഘത്തേയും ബോധ്യപ്പെടുത്താന്‍ സാധിക്കും. നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കുന്ന വാട്‌സ് ആപ് ചാറ്റുകള്‍, മെസേജുകള്‍, വീഡിയോകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ട്. ഇല്ലാത്ത തെളിവുകള്‍ തനിക്കെതിരെ കണ്ടെത്തി എന്ന് മാധ്യമവാര്‍ത്ത കൊടുക്കുകയാണ് അന്വേഷണസംഘവും പരാതിക്കാരിയായ നടിയും ചെയ്യുന്നതെന്നും വിജയ് ബാബു ഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും തന്നെ പൊലീസ് കസ്റ്റഡിയില്‍ വിടേണ്ട ആവശ്യമില്ലെന്നും ഹര്‍ജിയില്‍ വിജയ് ബാബു വ്യക്തമാക്കുന്നു.
അതേസമയം ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് കോടതിയില്‍ വെളിപ്പെടുത്താനാണ് സാധ്യത. വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചിരുന്നു.
കേസില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും വിജയ് ബാബുവിനെതിരെ പരാതിക്കാരി നല്‍കിയ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.