Movie | ലൗവ് സ്റ്റോറി: എക്കാലത്തെയും മികച്ച പ്രണയചിത്രം


അക്കാലത്തെ കൗമാരനായിക രോഹിണിയും പുതുമുഖനായകൻ ഷഫീകുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്
സോണി കല്ലറയ്ക്കൽ
(KVARTHA) 1986ലെ സൂപ്പർ ഹിറ്റുകളിലൊന്നായിരുന്നു സുനിതാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം മണി നിർമ്മിച്ച ലൗവ് സ്റ്റോറി എന്ന സിനിമ. യേശുദാസും ചിത്രയും ആലപിച്ച അതിമനോഹര ഗാനങ്ങളായിരുന്നു ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ സവിശേഷത. സംഗീതസാന്ദ്രമായ ഒരു മികച്ച പ്രണയകഥ എന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമ സംവിധാനം ചെയ്തത് ഹിറ്റ് മേക്കർ സാജൻ ആയിരുന്നു. അക്കാലത്തെ കൗമാരനായിക രോഹിണിയും പുതുമുഖനായകൻ ഷഫീകുമാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത്. അക്കാലത്തെ യുവതി യുവാക്കളുടെ ഹരമായിരുന്നു ഈ ജോഡികൾ. ഇതിലെ പാട്ടുകൾ പ്രണയം ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും നാവിൻ തുമ്പിൽ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ.
ചുനക്കര രാമൻകുട്ടിയാണ് ഗാനരചന നിർവഹിച്ചത്. ശ്യാം സംഗീതവും നിർവഹിച്ചു. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നടൻ ജഗദീഷ് കരവിരുതിൽ പിറന്നതാണ്. ഒരു മലർത്തോപ്പിലെ മലരുകൾ തൂകിടും... പൂവായ പൂ ഇന്ന് ചൂടിവന്നല്ലോ... ഒരു കടലോളം സ്നേഹംതന്നു പ്രിയസഖിയായി നീ... സ്നേഹം പൂത്തുലഞ്ഞു ഒന്നായിന്ന് ആടിടുന്നല്ലോ... ചെല്ലക്കുരുവീ നീയെൻ മുന്നിൽ... തുടങ്ങിയ ഇതിലെ എല്ലാ ഗാനങ്ങളും അക്കാലത്ത് ഏറെ ജനസ്വീകാര്യത നേടിയവയായിരുന്നു. മലയാളത്തിൽ ഗാനരംഗങ്ങളുടെ ചിത്രീകരണത്തിൽ വലിയ പ്രത്യേകതയൊന്നുമില്ലാതെ പ്രധാന കഥാപാത്രങ്ങൾ നടക്കുന്നതും സംസാരിക്കുന്നതും ജോലി ചെയ്യുന്നതും കടയിൽ പോകുന്നതും ഒക്കെയായ ചില ഷോട്ടുകൾ കോർത്തിണക്കി ഗാനരംഗമായി കാണിക്കുന്ന ഒരു കാലഘട്ടത്തിൽ ഈ ചിത്രത്തിനു വേണ്ടി പുലിയൂർ സരോജ ചിട്ടപ്പെടുത്തിയ നൃത്തരംഗങ്ങൾ ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.
സി ഇ ബാബുവിൻ്റെ ക്യാമറയിൽ പതിഞ്ഞ പ്രകൃതി മനോഹാരിത തിയേറ്ററിൽ കണ്ട പ്രേക്ഷകരുടെ കണ്ണിന് കുളിർമ്മപകർന്ന ദൃശ്യവിരുന്നായിരുന്നു. അക്കാലത്ത് തുടർച്ചയായി ചിത്രങ്ങൾ ഒരുക്കിയിരുന്ന എം മണിയുടെ സുനിതാ പ്രൊഡക്ഷൻസിനു വേണ്ടി സാജൻ സംവിധാനം ചെയ്യുന്ന തൊട്ടടുത്ത ചിത്രമായ 'നാളെ ഞങ്ങളുടെ വിവാഹം' നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നപ്പോൾ റിലീസായ ഈ ചിത്രത്തിന്റെ അവസാനരംഗത്ത് നായകനും നായികയും ഒന്നിക്കുമ്പോൾ സന്ദർഭോചിതമായി അടുത്ത ചിത്രത്തിന്റെ പരസ്യം എന്ന നിലയിൽ, നാളെ ഞങ്ങളുടെ വിവാഹം എന്ന് ടൈറ്റിൽ കാണിച്ചത് അന്ന് പ്രേക്ഷകർക്ക് കൗതുകം പകർന്ന ഒരനുഭവം ആയിരുന്നു.
നെടുമുടി വേണു (ഡബിൾറോൾ), ലാലുഅലക്സ്, മാള, ശങ്കരാടി, ഇന്നസെന്റ്, വി ഡി രാജപ്പൻ, പൂജപ്പുര രവി, നൂഹു, ജഗദീഷ്, അസീസ്, ടോണി, ഭാഗ്യലക്ഷ്മി, സബിത, സുകുമാരി, ലളിതശ്രീ, അടൂർ ഭവാനി തുടങ്ങിയവരായിരുന്നു മറ്റഭിനേതാക്കൾ. ഇവരെല്ലാം തന്നെ തങ്ങളുടെ റോളുകൾ ഗംഭീരം ആക്കുകയായിരുന്നു. ഇതിലെ നായകൻ കൂടുതൽ സിനിമകളിലൊന്നും പിന്നീട് അഭിനയിച്ചിട്ടില്ലെങ്കിലും ഷഫീഖിനെ ഇന്നും ഓർക്കാത്തവർ പഴയ തലമുറയിൽ കുറവായിരിക്കും. ശരിക്കും ഇതിലെ നായകനും നായികയും എല്ലാവരിലും പ്രണയം വിതച്ചു വെന്ന് പറയാം.
ഇതിലെ നായിക രോഹിണി പിന്നീട് തമിഴിലും മലയാളത്തിലും സജീവമായിരുന്ന രഘുവരനെ വിവാഹം കഴിച്ച് സിനിമ ജീവിതത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഈ സിനിമയും ഇതിലെ ഗാനങ്ങളും അഭിനേതാക്കളും ഒക്കെ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മലയാളി സിനിമ പ്രേമികളുടെ ഹൃദയത്തിൽ പ്രിയപ്പെട്ടതായി തന്നെ നിലനിൽകുന്നു. ലൗവ് സ്റ്റോറി പുതിയ രൂപത്തിൽ വീണ്ടും ഇറങ്ങിയാലും പുതുതലമുറ അതേറ്റ് എടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. യൂട്യൂബിലും മറ്റുമായി കാണുന്നവർ ഇന്നും ധാരാളം. എന്തായാലും വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ലൗവ് സ്റ്റോറി എന്ന സിനിമ ഇന്നും പച്ചയായി തന്നെ നിലനിൽക്കുന്നു.