വളര്‍ത്തുന്ന വാക്കുകള്‍, കൊതിക്കുന്ന സ്‌നേഹം

 


ADVERTISEMENT

അംഗീകരിക്കുക, മനസിലാക്കുക, സ്‌നേഹിക്കുക എന്നത് ഹൃദ്യമായ ഏതൊരു ബന്ധത്തിന്റെയും അടിത്തറയാണെങ്കിലും അത് ഏറ്റവുമധികം അനിവാര്യമായിരിക്കുന്ന ഇടമാണ് കുടുംബങ്ങള്‍. ഈ മൂന്ന് ക്രിയകളുടെ അഭാവത്തില്‍ കുടുംബങ്ങള്‍ ഉണങ്ങി വരളുന്നതും വ്യക്തികള്‍ തളര്‍ന്നു വീഴുന്നതും സാമൂഹികവിരുദ്ധര്‍ രൂപപ്പെട്ടുവരുന്നതും നിരീക്ഷണവിഷയമാകേണ്ട വസ്തുതയാണ്. നിസാരമെന്നു തോന്നുന്ന തര്‍ക്കങ്ങളില്‍ ആരംഭിച്ച്, നിരന്തരമായ നിഷേധാത്മകതയിലൂടെ വളര്‍ന്ന്, പൊരുത്തക്കേടുകളെ പൊലിപ്പിച്ച് , പരസ്പരം പൊറുതിമുട്ടി ജീവിക്കുന്ന എന്നാല്‍ ലോകസമക്ഷം ഐക്യത്തിന്റേയും സമാധാനത്തിന്റേയും പൊയ് മുഖം അണിഞ്ഞിരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ അടുത്തറിയുവാനും ആശ്വസിപ്പിക്കുവാനും ആരോഗ്യപരമായ ബന്ധങ്ങളിലേയ്ക്ക് മടക്കിക്കൊണ്ടുവരുവാനും ആനുകാലിക സമൂഹത്തില്‍ അധികമാരും ഇല്ല എന്നത് ഭീതിജനകമായ ഒരു സാധ്യതയും സത്യവുമാണ്.

'Greatness needs a home to grow' എന്ന് പറയാറുണ്ട്. അതായത് മഹത്ത്വത്തിന് വളരാന്‍ ഒരു ഭവനം കൂടിയേ തീരു എന്നര്‍ത്ഥം. മാതാപിതാക്കളുടെ അചഞ്ചലമായ സ്‌നേഹക്കൂടാരത്തില്‍ ജനിക്കുന്ന, വളരുന്ന മക്കളാണ് മഹാന്മാരും മഹതികളും വിശുദ്ധരും സമര്‍ത്ഥരും സദ്ഗുണന്മാരുമായി മാറുന്നത്. എപ്പോള്‍ ഈ സ്‌നേഹക്കുടാരത്തിനും പരസ്പരവിശ്വസ്തതയ്ക്കും ആത്മാര്‍ത്ഥസ്‌നേഹത്തിനും വിള്ളല്‍ വീഴുന്നുവോ അപ്പോള്‍ മുതല്‍ കുട്ടികള്‍ സുരക്ഷിതത്വബോധം നഷ്ടപ്പെട്ട് അപകര്‍ഷതാ ബോധത്തിലേയ്ക്കും ആത്മനിന്ദയിലേക്കും അക്രമസ്വഭാവത്തിലേക്കും വഴുതിനീങ്ങുന്നു. പരസ്പരം ആഴമായി സ്‌നേഹിക്കുക ആജീവനാന്തം വിശ്വസ്തരായിരിക്കുക എന്നതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു സമ്മാനവും സമ്പത്തും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുകയില്ല. എല്ലാ ബാഹ്യസാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുത്താലും അമ്മയും അച്ഛനും സ്‌നേഹം പരസ്പരം പങ്കുവയ്ക്കുന്നില്ലായെങ്കില്‍ കുഞ്ഞുങ്ങള്‍ക്കായി ചെയ്യുന്നതെല്ലാം വ്യര്‍ത്ഥമായിത്തീരും. ഇതുപോലെ തന്നെ മക്കള്‍ക്കായി ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്ന മാതാപിതാക്കള്‍ക്ക് പ്രതി സ്‌നേഹം നല്‍കാന്‍ മകനോ, മകളോ വിമൂഖത കാട്ടിയാല്‍, നന്ദിഹീനമായി പെരുമാറിയാല്‍ പ്രായവും പക്വതയുമുണ്ടെങ്കിലും മാതാവിന്റേയും പിതാവിന്റേയും മനസു വേദനിക്കും.

വളര്‍ത്തുന്ന വാക്കുകള്‍, കൊതിക്കുന്ന സ്‌നേഹംറക്ഷിതാ ഡേവിഡ് സംവിധാനവും റസൂല്‍ പൂക്കൂട്ടി ശബ്ദമിശ്രണവും നടത്തിയ 'ഇംഗ്ലീഷ് വിംഗ്ലീഷ്'എന്നൊരു ഹൃദയസ്പര്‍ശിയായ ഹിന്ദി സിനിമ ഈയിടെ കാണുവാനിടയായി. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായ ശശി എന്ന കുടുംബിനിയെ പ്രഗല്‍ഭ ബോളിവുഡ് താരം ശ്രീദേവി അവിസ്മരണീയമാം വിധം അവതരിപ്പിക്കുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഒരു മകളും െ്രെപമറി ക്ലാസുകാരനായ ഒരു മകനും ഭര്‍ത്താവുമൊത്ത് ശശി തന്റെ അനുദിനഗാര്‍ഹികജോലികള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ച് ജീവിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഇടയ്ക്ക് എങ്കിലും തന്റെ അറിവില്ലായ്മമൂലം അപമാനിതയും അപകര്‍ഷതാബോധത്തിനടിമയും ആകേണ്ടി വരുന്നു. ലഡു നിര്‍മ്മിക്കുന്നതില്‍ അതിനിപുണയായ ശശിയെ അഭിനന്ദിക്കുന്നതിനോ അവളോട് ആശയവിനിമയം നടത്തുന്നതിനോപോലും പലപ്പോഴും ശശിയുടെ ഭര്‍ത്താവ് തിരക്കുകള്‍ക്കിടയില്‍ മെനക്കെട്ടിരുന്നില്ല. അതിന്റെ ആവശ്യവും അയാള്‍ക്ക് തോന്നിയിരുന്നില്ല. മകളുടെ സ്‌ക്കൂള്‍ പി.ടി.എ യില്‍ പങ്കെടുക്കാന്‍ സമയമില്ലാത്തതിനാല്‍ ശശിയോട് പകരം പോകുവാന്‍ ഭര്‍ത്താവ് സതീഷ് ആവശ്യപ്പെടുന്നു. ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞ അമ്മയെ സ്‌ക്കുളില്‍ കൊണ്ടുപോകുവാന്‍ മകള്‍ വൈമുഖ്യം കാണിച്ചുവെങ്കിലും അവസാനം ശശി മകള്‍ക്കൊപ്പം പോകുന്നു.

സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സൈമണ്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ അല്പം പരുങ്ങലോടെ ശശി ഇംഗ്ലീഷ് ഭാഷ തനിക്ക് അത്ര വഴങ്ങുകയില്ലെന്നും ദയവായി ഹിന്ദിയില്‍ സംസാരിക്കാമോ എന്ന് ചോദിക്കുന്നു. അഹംഭാവം അശേഷം ഇല്ലാത്ത, ആരെയും 'അറ്റ് ഹോം' മാനസികാവസ്ഥയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിവുള്ള, ഹിന്ദിയില്‍ തട്ടിമുട്ടി സംസാരിക്കുന്ന ഫാ.സൈമണ്‍ തന്റെ ഹൃദ്യമായ പുഞ്ചിരിയില്‍ വിനയത്താല്‍ പ്രേക്ഷകമനസില്‍ ഒരു നിമിഷം കൊണ്ടു കുടിയേറിയ ഒരു ഉത്തമ കഥാപാത്രമാണ്.

തന്റെ മകളുടെ കഴിവുകളും സത്‌സ്വഭാവവും പഠന പാഠ്യേതരവിഷയങ്ങളിലെ മികവും പ്രിന്‍സിപ്പലില്‍ നിന്ന് കേട്ടറിഞ്ഞ ശശി എന്ന അമ്മ മടക്കയാത്രയില്‍ മകളുടെ കൈകളില്‍ സ്‌നേഹപൂര്‍വം ചുംബിച്ച് അഭിനന്ദനം അറിയിക്കുമ്പോള്‍ അവള്‍ അമ്മയുടെ ആംഗലേയഭാഷ പരിജ്ഞാനക്കുറവിനെക്കുറിച്ച് പറഞ്ഞ് ശശിക്ക് മനസ് നിറയേണ്ട നിമിഷങ്ങള്‍ കണ്ണുകള്‍ നിറയാനുള്ള അവസരമാക്കി മാറ്റുന്നു. ഭര്‍ത്താവ് സതീഷുമായി ഈ ദു:ഖം പങ്കുവെയ്ക്കുമ്പോള്‍ മോള്‍ ചെറിയ കുട്ടിയല്ലേ എന്നു പറഞ്ഞ് അയാള്‍ ശശിയുടെ മാനസികമുറിവുകളെ നിസാരവത്ക്കരിക്കുന്നു. എന്നാല്‍ താങ്കള്‍ ചെറിയ കുട്ടിയല്ലല്ലോ താങ്കള്‍ക്ക് എന്നെ മനസ്സിലാക്കിക്കുടെ സ്‌നേഹിച്ചുകൂടെ എന്ന ശശിയുടെ ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നില്ലായെന്ന മട്ടില്‍ അയാള്‍ മുഖം തിരിക്കുന്നു.

വളര്‍ത്തുന്ന വാക്കുകള്‍, കൊതിക്കുന്ന സ്‌നേഹംഅവിചാരിതമായി സഹോദരീ പുത്രിയുടെ വിവാഹത്തിനായി അമേരിക്കയിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതയാകുന്ന ശശിയുടെ ആത്മവിശ്വാസക്കുറവും ഭാഷാപരിജ്ഞാനക്കുറവും അവളെ ആകെ വലയ്ക്കുന്നു. ഒരു കപ്പ് കാപ്പി പോലും ഓര്‍ഡര്‍ ചെയ്യാനാകാതെ വിഷമിക്കുന്ന, വിങ്ങിക്കരയുന്ന ശശിക്ക് അപരിചിതനായ ഒരു ഫ്രഞ്ചുകാരന്‍ ഒരു കപ്പ് കാപ്പി വാങ്ങിക്കൊടുക്കുന്നത് അങ്ങേയറ്റം മനുഷ്യത്വപരമായ പെരുമാറ്റമായി അനുഭവപ്പെടുന്നു. 'ഇംഗ്ലീഷ് നാല് ആഴ്ച കൊണ്ട് സംസാരിക്കാം' എന്നൊരു ബോര്‍ഡ് കണ്ട് തന്റെ ആത്മാഭിമാനം വീണ്ടെടുക്കുവാന്‍ രണ്ടും കല്‍പിച്ച് ശശി രഹസ്യമായി ഇറങ്ങിത്തിരിക്കുന്നു.

സാഹചര്യങ്ങള്‍ ഒരു വ്യക്തിയെ എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡേവിഡ് എന്ന അധ്യാപകന്റെ നേതൃത്വത്തിലുള്ള സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്. വലിയ ആഗ്രഹത്തോടെ അതിലേറെ ഉത്സാഹത്തോടെ, പഠിക്കുന്ന ശശി ഗുരുവിന്റെയും സഹപാഠികളുടെയും മനം കവരുന്നു. എന്തു ചെയ്യുന്നു എന്ന ഗുരുവിന്റെ ചോദ്യത്തിന് ചെറിയതോതില്‍ മധുരപലഹാരങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നുവെന്ന് മറുപടി കൊടുത്തപ്പോള്‍ അധ്യാപകന്‍ എങ്കില്‍ ശശി ഒരു സംരംഭകയാണെന്ന് വിളിച്ചു പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഓരോ ദിവസവും രുചികരമായ ഓരോ വിഭവങ്ങള്‍ സ്വയം പാചകം ചെയ്തുകൊണ്ടുവന്ന് വിവിധ രാജ്യക്കാരായ സഹപാഠികള്‍ക്ക് സമ്മാനിക്കുമ്പോള്‍ അവരെല്ലാം ശശിയെ അഭിനന്ദനം കൊണ്ടു മൂടുന്നു.

ഇന്ത്യക്കാരനായ സഹപാഠി തനിക്ക് തന്റെ അമ്മയെയും അമ്മ ഉണ്ടാക്കുന്ന ഇഡ്ഡലിയും മിസ് ചെയ്യുന്നു എന്നു പറയുമ്പോള്‍ പിറ്റേന്ന് മാതൃസഹജമായ വാത്സല്യത്തോടെ ശശി ടിഫിന്‍ ബോക്‌സില്‍ ഇഡ്ഡലിയും ചമ്മന്തിയും നല്‍കുമ്പോള്‍ അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ പരിസരം മറന്ന് കരയുന്നു. ശശി ഇപ്പോള്‍ വളരെ ആദരിക്കപ്പെടുന്ന, സ്‌നേഹിക്കപ്പെടുന്ന, ആത്മവിശ്വാസമുള്ള, ചടുലമായ ചലനങ്ങള്‍ ഉള്ള സമര്‍ത്ഥയായ ഒരു വ്യക്തിയായി രൂപാന്തരപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തന്റെ ജീവിതപങ്കാളിയില്‍ നിന്നും മക്കളില്‍ നിന്നും കേള്‍ക്കുവാന്‍ കൊതിച്ച വാക്കുകളും പ്രോത്സാഹനങ്ങളും പെരുമാറ്റവും സമ്മാനിച്ച തന്റെ സഹപാഠികള്‍ പ്രത്യേകിച്ച് ഫ്രഞ്ചുകാരനായ, കാപ്പി വാങ്ങിക്കൊടുത്ത, വളരെ കരുതല്‍ നല്‍കിയ സ്‌നേഹിതന്‍ തന്റെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചുവെന്നും ശശി നന്ദിപൂര്‍വം സമ്മതിക്കുന്നു.

മനസ്സിനു സന്തോഷം ഉള്ളപ്പോള്‍ സമയം കടന്നുപോകുന്നത് അറിയുകയില്ല. ക്ലാസുകള്‍ അവസാനിക്കുന്നതിനു മുമ്പായി ഒരു പ്രസംഗ പരീക്ഷ ഉണ്ടായിരിക്കുമെന്ന് ഡേവിഡ് അറിയിക്കുമ്പോള്‍ സഹോദരീപുത്രിയുടെ വിവാഹദിനമായതിനാല്‍ അതില്‍ പങ്കെടുക്കാന്‍ തനിക്ക് നിര്‍വാഹമില്ലായെന്നും ജീവിതത്തിലെ തന്റെ ഉത്തരവാദിത്വങ്ങള്‍ക്കാണ് പ്രഥമ സ്ഥാനം എന്നും ശശി അറിയിക്കുന്നു. എന്നാല്‍ പരീക്ഷാദിവസം അധ്യാപകനും സഹപാഠികളും സഹോദരീപുത്രിയുടെ ക്ഷണപ്രകാരം വിവാഹവിരുന്നില്‍ പങ്കെടുക്കുകയും അവിടെവച്ച് ശശിയുടെ ഹൃദയസ്പര്‍ശിയായ പ്രസംഗം ഭാര്യാഭര്‍ത്തൃബന്ധം എങ്ങനെയായിരിക്കണം എന്നതുകേട്ട് കൈയ്യടിക്കുകയും അധ്യാപകന്‍ ശശി യുഹാവ് പാസ്ഡ് ദ എക്‌സാം വിത്ത് ഡിസ്റ്റിംഗ്ഷന്‍ എന്ന് വിളിച്ച് പറയുകയും ചെയ്യുമ്പോള്‍ വിരുന്നില്‍ പങ്കെടുക്കുന്ന ബന്ധുക്കളോടൊപ്പം ശശിയുടെ ഭര്‍ത്താവ് സതീഷും മക്കളും അത്ഭുതപ്പെടുന്നു. കുടുംബജീവിതത്തില്‍ അപകര്‍ഷതാബോധം ഭാര്യയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കുമുണ്ടാകുന്ന അവസരങ്ങളുണ്ട്. ഒരാളുടെ കുറവില്‍, ബലഹീനതയില്‍ അയാളെ അപഹസിക്കുകയല്ല ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നും ഇനി ആരും തന്നെ ശക്തിപ്പെടുത്താന്‍ മിനക്കെടുന്നില്ലെങ്കില്‍ 'സ്വയം ശക്തി പ്രാപിക്കുകയാണ് വേണ്ടത്' എന്നും ശശി പറയുമ്പോള്‍ സതീഷിന്റെയും മകളുടെയും കണ്ണുകള്‍ ഈറനണിയുകയും 'സോറി,സോറി' എന്നവര്‍ മന്ത്രിക്കുകയും ചെയ്യുന്നു. ഇമ്പമുള്ള ഒരു കുടുംബം ഇവിടെ പുനര്‍ജനിക്കുന്നു.

'ഹൃദ്യമായ വാക്ക് തേനറപോലെയാണ്'. അത് മക്കളുടേതായാലും ഭാര്യയുടെതായാലും ഭര്‍ത്താവിന്റേതായാലും അധ്യാപകന്റേതായാലും സുഹൃത്തിന്റേതായാലും ജീവദായകമാണ്; ആനന്ദകരമാണ്.

വളര്‍ത്തുന്ന വാക്കുകള്‍, കൊതിക്കുന്ന സ്‌നേഹം- ഡോ. ആന്‍സി ജോര്‍ജ്
വടക്കേചിറയാത്ത്, ഈരാറ്റുപേട്ട (പ്രൊഫസര്‍. സെന്റ് ഡോമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി).

Keywords: School, Teacher, Mother, Wife, Student, English, Hindi, America, Coffe, Children, Cuf, Sasi, Satheesh, Filim, Exam, Week, Job, Son, Love, Kvartha, Malayalam News, Kerala Vartha, Article, Daughter, Cinema, Husband, Love, New Delhi, English Vinglish, Movie, Download, Dr.Ancey george Prof S.D.College Kanjirappally.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia