ദൃശ്യം ടു നിങ്ങള്‍ കാത്തിരിക്കുന്നത് പോലെ ക്രൈം ത്രില്ലറല്ല; ചിത്രീകരണത്തിന് മുമ്പ് മോഹന്‍ലാലും മീനയും ക്വാറന്റീനില്‍
Aug 24, 2020, 17:11 IST
തിരുവനന്തപുരം: (www.kvartha.com 24.08.2020) ത്രസിപ്പിക്കുന്ന ക്രൈംത്രില്ലറിലൂടെ നമ്മെ വിസ്മയിപ്പിച്ച ദൃശ്യം സിനിമയുടെ രണ്ടാംഭാഗം അടുത്തമാസം ചിത്രീകരണം ആരംഭിക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് മറ്റൊരു കിടിലന്‍ ത്രില്ലറാണ്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ത്രില്ലറിനേക്കാള്‍ പ്രാധാന്യം മനുഷ്യബന്ധങ്ങള്‍ക്കും വികാരങ്ങള്‍ക്കുമാണെന്നും സംവിധായകന്‍ ജിത്തുജോസഫ് പറയുന്നു. കൊലപാതകവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും ആദ്യഭാഗത്ത് അവസാനിച്ചെന്നും രണ്ടാം ഭാഗം റിയലിസ്റ്റിക്കായ കഥയാണ് പറയുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി. അതേസമയം ലോക്ഡൗണിന് മുമ്പ് ചിത്രീകരണം തുടങ്ങിയ റാം മോഹന്‍ലാലിന്റെ മാസ് സിനിമയാണെന്നും പറഞ്ഞു.
സെപ്തംബര്‍ 14നാണ് ദൃശ്യം ടുവിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. അതിന് മുമ്പ് മോഹന്‍ലാലിനോടും മീനയോടും 14 ദിവസം ക്വാറന്റയിനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്താണ് തിരക്കഥ എഴുതിയത്. അതിനാല്‍ ആള്‍ക്കുട്ടമുള്ള സീനുകള്‍ വളരെ കുറവാണ്. ആദ്യം വീട്ടിനുളളിലുളള ഭാഗങ്ങളാണ് എടുക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കുറയുന്നതിന് അനുസരിച്ച് ഒട്ട്ഡോറിലേക്ക് മാറ്റും. ജോര്‍ജ്ജുകുട്ടിയും കുടുംബാംഗങ്ങളും തമ്മിലുള്ള മാനസികമായ അടുപ്പം ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയുന്ന സിനിമ വലിയ ബജറ്റിലല്ല നിര്‍മിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണ്. മമ്മി ആന്‍ഡ് മീ എന്ന സിനിമയിലും കുടുംബബന്ധങ്ങളിലെ ഊഷ്മളതയാണ് ജിത്തുജോസഫ് പറഞ്ഞത്.
മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നാണ് ദൃശ്യം. 2013 ഡിസംബറില്‍ ഇറങ്ങിയ സിനിമ ആറ് മാസത്തോളം തിയേറ്ററുകളില്‍ കളിച്ചു. 50 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള സിനിമയും ആയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ചൈനീസ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. തമിഴില്‍ കമലാഹാസനും ഹിന്ദിയില്‍ അജയ്ദേവ്ഗണും ആയിരുന്നു നായകന്‍മാര്‍. തമിഴ് ജിത്തുജോസഫ് തന്നെ സംവിധാനം ചെയ്തു. അടുത്തകാലത്തെങ്ങും മറ്റൊരു ചിത്രവും ഇത്രയും ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടില്ല. അതിലൂടെ മാത്രം നിര്‍മാതാവിനും സംവിധായകനും നല്ലൊരു തുക ലാഭം കിട്ടി.
കൊലപാതകം ഒളിപ്പിച്ചുവയ്ക്കാന്‍ ഒരു അണുകുടുംബം നടത്തുന്ന ശ്രമമായതിനാല്‍ ദൃശ്യം വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ തന്നെ സിനിമയ്ക്കെതിരെ രംഗത്തെത്തി. പിന്നീട് സംസ്ഥാനത്ത് സിനിമയിലേത് പോലെ ഒന്ന് രണ്ട് കൊലപാതകങ്ങളും നടന്നു. ദൃശ്യം മോഡല്‍ കൊലപാതകം എന്നാണ് മാധ്യമങ്ങള്‍ അതിനെ വിശേഷിപ്പിച്ചത്. കീചകവധം കഥകളി കണ്ടിട്ട് ആരെങ്കിലും കൊലപാതകം നടത്തുമോ? സിനിമയെ സിനിമയായി കണ്ടാല്‍ പോരെ എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ 45 ദിവസം പ്രദര്‍ശിപ്പിച്ച റെക്കോഡ് കൂടി ദൃശ്യത്തിനുണ്ട്. അതുകൊണ്ട് ദൃശ്യം ടു വിനായി ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്.
Keywords: Drishyam sequel is not a thriller, then what?, Mohanlal, Meena, Jithu Joseph, TP Senkumar, Newyork, Kamala Hassan, Ajay Devgun, Ram, Family Drama, Crime Triller
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.