സംവിധായകന്‍ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അകാഡെമി ചെയര്‍മാനായി ചുമതലയേറ്റു
Jan 7, 2022, 15:35 IST
തിരുവനന്തപുരം: (www.kvartha.com 07.01.2022) കേരള സംസ്ഥാന ചലച്ചിത്ര അകാഡെമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിന്‍ഫ്രയിലെ ചലച്ചിത്ര അകാഡെമി ആസ്ഥാനത്തെത്തി രാവിലെയാണ് അദ്ദേഹം ചുമതലയേറ്റത്. എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുമെന്നും രഞ്ജിത്ത് പറഞ്ഞു.
ഒമിക്രോണ്‍ പശ്ചാതലത്തില്‍ രാജ്യാന്തര ചലച്ചിത്രമേള മാറ്റിവയ്ക്കുന്നത് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും കോവിഡ് വ്യാപനം രൂക്ഷമായില്ലെങ്കില്‍ ചലച്ചിത്ര മേള മുന്‍നിശ്ചയിച്ചത് പ്രകാരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകന്‍ കമലിന്റെ കാലാവധി പൂര്‍ത്തിയായ ഒഴിവിലാണ് രഞ്ജിത്ത് ചലച്ചിത്ര അകാഡെമി ചെയര്‍മാനാകുന്നത്.
1987ല്‍ ഒരു 'മെയ് മാസ പുലരി' എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമാ രചനയിലേക്ക് എത്തുന്നത്. തുടര്‍ന്ന് വിറ്റ്‌നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 1993ല്‍ 'ദേവാസുരം' എന്ന സിനിമ അദ്ദേഹത്തിന്റെ കരിയറില്‍ തന്നെ ഒരു വഴിത്തിരിവായി മാറി. ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബെത്‌ലഹേം, നരസിംഹം, വല്യേട്ടന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നു.
2001ല്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായി രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്ജിത്ത് സംവിധായകനുമായി. പിന്നീട് ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഇന്ത്യന്‍ റുപ്പീ തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. നടന്‍ എന്ന നിലയിലും പ്രതിഭ തെളിയിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. ഭീഷ്മപര്‍വ്വം, 21 ഗ്രാംസ് എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
അതേസമയം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമനത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തെ കെപിഎസി ലളിത കൈകാര്യം ചെയ്ത ഈ പദവിയില്‍ അവര്‍ക്ക് പിന്‍ഗാമിയായി ഗായകന്‍ എം ജി ശ്രീകുമാറിനെ നിയമിക്കാന്‍ ആയിരുന്നു സിപിഎം സംസ്ഥാന സമിതിയിലുണ്ടായ ധാരണ. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംജി ശ്രീകുമാര്‍ ബിജെപി സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിന് ഇറങ്ങിയതടക്കമുള്ള സംഭവങ്ങള്‍ വിവാദമായതോടെ എംജിയുടെ നിയമന കാര്യത്തില്‍ തീരുമാനമായില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.